സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിച്ചു

തിരുവനന്തപുരം > മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ പോകാനിരുന്ന സര്‍വകക്ഷിസംഘത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വീണ്ടും സന്ദര്‍ശനാനുമതി നിഷേധിച്ചു. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട റേഷനരി പുനഃസ്ഥാപിക്കണമെന്നും വരള്‍ച്ചാ ദുരിതാശ്വാസസഹായം അനുവദിക്കണമെന്നുമുള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ ഉന്നയിച്ച് നിവേദനം സമര്‍പ്പിക്കാനാണ് പ്രധാനമന്ത്രിയെ കാണാന്‍ അനുമതി തേടിയത്. അനുമതി നിഷേധിച്ചതായി മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു.
ഇത് രണ്ടാംതവണയാണ് കേരളത്തില്‍നിന്നുള്ള സര്‍വകക്ഷി സംഘത്തിന് പ്രധാനമന്ത്രി സന്ദര്‍ശനാനുമതി നിഷേധിക്കുന്നത്. നോട്ട് പിന്‍വലിക്കലുമായി ബന്ധപ്പെട്ട് സഹകരണമേഖല നേരിട്ട ഗുരുതരപ്രതിസന്ധി ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രിയെ കാണാനിരുന്നപ്പോള്‍ നേരത്തെ അനുമതി നിഷേധിച്ചിരുന്നു. റേഷന്‍, വരള്‍ച്ച പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യാന്‍ ബിജെപിയുടെ ഉള്‍പ്പെടെ പ്രതിനിധികള്‍ പങ്കെടുത്ത സര്‍വകക്ഷിയോഗം ഏകകണ്ഠമായാണ് പ്രധാനമന്ത്രിയെ കാണാന്‍ തീരുമാനിച്ചത്. പ്രധാനമന്ത്രിക്ക് തിരക്കാണെന്നും കേന്ദ്ര കൃഷിമന്ത്രിയെയോ ആഭ്യന്തരമന്ത്രിയെയോ കണ്ടോളൂ എന്നുമാണ് പ്രധാനമന്ത്രിയുടെ ഓഫീസില്‍നിന്ന് മുഖ്യമന്ത്രിക്ക് ലഭിച്ച മറുപടി.
മാര്‍ച്ച് 20, 21 തീയതികളിലേതെങ്കിലും ദിവസങ്ങളില്‍ പ്രധാനമന്ത്രിയെ കാണാന്‍ അനുമതി ലഭിക്കാനാണ് റസിഡന്റ് കമീഷണര്‍വഴി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. തീയതികളില്‍ അസൌകര്യങ്ങളുണ്ടെങ്കില്‍ മറ്റൊരുദിവസം നിര്‍ദേശിക്കാനുള്ള മര്യാദ പ്രധാനമന്ത്രികാര്യാലയത്തില്‍ നിന്നുണ്ടായില്ല. ഫെബ്രുവരി 22ന് ചേര്‍ന്ന സര്‍വകക്ഷിയോഗത്തിലാണ് സര്‍വകക്ഷിസംഘത്തെ അയക്കാന്‍ തീരുമാനിച്ചത്. ഒരു സംസ്ഥാനത്തുനിന്നുള്ള സംഘത്തിന് പ്രധാനമന്ത്രിയെ കാണാനുള്ള അവസരം നിഷേധിക്കുന്നത് ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്. തീയതികളില്‍ അസൌകര്യമുണ്ടെങ്കില്‍ അനുയോജ്യമായ തീയതി പ്രധാനമന്ത്രി ഓഫീസ് അറിയിക്കുകയാണ് പതിവ്.
കേന്ദ്രതീരുമാനത്തിനെതിരെ നിയമസഭയില്‍ ശക്തമായ പ്രതിഷേധമുയര്‍ന്നു. കേന്ദ്രനിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്തിന്റെ ശക്തമായ വികാരം കേന്ദ്രത്തെ അറിയിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണമെന്ന് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ആവശ്യപ്പെട്ടു. ഫെഡറല്‍ സംവിധാനത്തോടുള്ള വെല്ലുവിളിയാണ് കേന്ദ്രത്തിന്റേതെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.
സര്‍വകക്ഷിസംഘത്തെ കാണാന്‍ പ്രധാനമന്ത്രി തയ്യാറാകാത്തത് ഫെഡറലിസത്തിന്റെ അന്തഃസത്തയ്ക്ക് തീര്‍ത്തും നിരക്കാത്തതാണെന്ന് സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരത്ത് പറഞ്ഞു. മനുഷ്യത്വരഹിതമായ നടപടിയാണ് കേന്ദ്രത്തിന്റേതെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രസ്താവനയില്‍ പറഞ്ഞു.










0 comments