Top
18
Monday, December 2017
About UsE-Paper

നിര്‍മാണം മുടങ്ങിയ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ സഹായവുമായി വാട്സ്ആപ് കൂട്ടായ്മ

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌

പിറവം > സ്വന്തമായി ഒരു വീട് എന്ന അയ്യപ്പന്‍കുട്ടിയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് നല്‍കുകയാണ് 'എന്റെ പാമ്പാക്കുട' എന്ന വാട്സാപ്പ് കൂട്ടായ്മയിലൂടെ ഒരുപറ്റം യുവാക്കള്‍. പാമ്പാക്കുട പഞ്ചായത്തിലെ ആറാം വാര്‍ഡില്‍ താമസിക്കുന്ന അയ്യപ്പന്‍കുട്ടിക്ക് 2008ല്‍ പഞ്ചായത്തില്‍നിന്ന് വീടുനിര്‍മാണത്തിന് 75,000 രൂപ ലഭിച്ചിരുന്നു. വീടുവാര്‍ക്കയ്ക്കുള്ള ശ്രമം തുടങ്ങുമ്പോഴാണ് തെങ്ങുകയറ്റത്തൊഴിലാളിയായ അയ്യപ്പന്‍കുട്ടിക്ക് അപകടം പറ്റുന്നത്. അന്നുമുടങ്ങിയ പണി പൂര്‍ത്തിയാക്കാന്‍ ഇതുവരെ കഴിഞ്ഞിരുന്നില്ല. ഒമ്പതുവര്‍ഷമായി മുടങ്ങിക്കിടന്ന വീടിന്റെ വാര്‍ക്കയാണ്  സുമനസ്സുകളുടെ സഹായത്തോടെ  കഴിഞ്ഞദിവസം നടന്നത്.

പാമ്പാക്കുട പഞ്ചായത്തുപരിധിയില്‍ വിവിധ കാരണങ്ങളാല്‍ പണിതീരാതെ കിടക്കുന്ന, സര്‍ക്കാര്‍സഹായം ലഭ്യമാകാന്‍ സാധ്യതയില്ലാത്ത വീടുകളുടെ പൂര്‍ത്തീകരണം ലക്ഷ്യമാക്കി വാട്സാപ്പ് ഗ്രൂപ്പ് ആരംഭിച്ച 'ഒരുമയുടെ ഭവനം' എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് വീടിന്റെ നിര്‍മാണം പൂര്‍ത്തിയാക്കുന്നത്. സമാനരീതിയിലുള്ള ഏഴു വീടുകളുടെ നിര്‍മാണവും ഏറ്റെടുത്തിട്ടുണ്ടെന്ന് ഭാരവാഹികള്‍ പറഞ്ഞു. ഷെയ്ഡ് വാര്‍ക്ക കഴിഞ്ഞ് അഞ്ചുവര്‍ഷമായി മുടങ്ങിക്കിടക്കുന്ന ഓണക്കൂറിലെ ഒരു വീടിന്റെ വാര്‍ക്ക അടുത്തയാഴ്ച നടക്കും. മറ്റൊരു വീടിന്റെ മുഴുവന്‍ നിര്‍മാണപ്രവര്‍ത്തനങ്ങളും പിറവം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രതീക്ഷാ ഫൌണ്ടേഷന്‍ ചെയര്‍മാന്‍ റോബിന്‍ നാരേക്കാട്ട് ഏറ്റെടുത്തതായും ഭാരവാഹികള്‍ അറിയിച്ചു.