21 July Saturday

ഉറ്റവരെ തേടി ഏഴാംനാള്‍

റഷീദ് ആനപ്പുറംUpdated: Thursday Dec 7, 2017


തിരുവനന്തപുരം > കോസ്റ്റ്്ഗാര്‍ഡിന്റെ 'വൈഭവ്' കപ്പലിലെ ഡെക്കില്‍നിന്ന് ഓളപ്പരപ്പിലേക്ക് കണ്ണും നട്ടിരിക്കുന്ന നിക്സന്റെയും ഇങ്കിള്‍ബെര്‍ട്ടിന്റെയും പ്രതീക്ഷ വറ്റിയിട്ടില്ല. ആഴക്കടലിന്റെ ഏതെങ്കിലും കോണില്‍ ഉറ്റവരെ കണ്ടെത്താനാകുമെന്ന വിശ്വാസത്തിലാണിവര്‍. പൂന്തുറയില്‍നിന്നുള്ള ജസ്റ്റസും ക്ളമന്‍സും ഇതേ കപ്പലിലുണ്ട്. മറ്റൊരുസംഘം മത്സ്യത്തൊഴിലാളികള്‍ 'ആര്യമാന്‍' കപ്പലിലും. കോസ്റ്റ്്ഗാര്‍ഡിലെയും തീരദേശ പൊലീസിലെയും ഉദ്യോഗസ്ഥര്‍ ഇവര്‍ക്കൊപ്പമുണ്ട്. 30 ന് തുടങ്ങിയ കോസ്റ്റ്ഗാര്‍ഡിന്റെ ജീവന്‍ പണയംവച്ചുള്ള രക്ഷാപ്രവര്‍ത്തനം ഏഴാംനാളും സജീവം.

കോസ്റ്റ്്ഗാര്‍ഡിന്റെ 10 കപ്പലുകളാണ് തെരച്ചില്‍ നടത്തുന്നത്. വിഴിഞ്ഞം, പൂന്തുറ, പൊഴിയൂര്‍ എന്നിവിടങ്ങളില്‍നിന്നുള്ള മത്സ്യത്തൊഴിലാളികളെയുംകൂട്ടിയാണ് തെരച്ചില്‍. വെള്ളവും ഭക്ഷണവും ഉപേക്ഷിച്ചുള്ള തീവ്രയജ്ഞം. വിഴിഞ്ഞത്ത് അടുപ്പിക്കാനാകാത്തതിനാല്‍ മൂന്ന് നോട്ടിക്കല്‍ മൈല്‍ അകലെ നങ്കൂരമിട്ട വൈഭവിലും ആര്യമാനിലും ചെറുബോട്ടുകളിലാണ് മത്സ്യത്തൊഴിലാളികളെ എത്തിക്കുന്നത്. രണ്ട് ഡോണിയറും രണ്ട് ചേതക്കുമാണ് രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന കോസ്റ്റ്്ഗാര്‍ഡിന്റെ വിമാനങ്ങള്‍.

ആദ്യദിവസംമുതല്‍ രക്ഷാപ്രവര്‍ത്തനത്തില്‍ സജീവമാണ് കോസ്റ്റ്്ഗാര്‍ഡ്. ചുഴലിക്കാറ്റ് സൃഷ്ടിച്ച പ്രതികൂലകാലാവസ്ഥയിലും സി-427 കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിനെത്തി. മത്സ്യത്തൊഴിലാളിയായ വര്‍ഗീസിനെ രക്ഷിച്ചു. തൂത്തുക്കുടിയില്‍നിന്ന് വൈഭവ് കപ്പല്‍ വിഴിഞ്ഞത്തെത്തിച്ചു. അറബിക്കടലിലുണ്ടായിരുന്ന ചരക്കുകപ്പലുകളെയടക്കം എത്തിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും കോസ്റ്റ്്ഗാര്‍ഡ് അധികൃതരുമായി വിവിധ ഘട്ടങ്ങളില്‍ ചര്‍ച്ചയും ആശയവിനിമയവും നടത്തി. കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ വിഴിഞ്ഞത്തെത്തി ആവശ്യമായ നിര്‍ദേശം നല്‍കി.

എത്രദൂരെയും പോകാന്‍ ഒരുക്കമാണെന്ന് വൈഭവിലെ കമാന്‍ഡിങ് ഓഫീസര്‍ ഡിഐജി അരവിന്ദ്ശര്‍മ പറഞ്ഞു. മത്സ്യത്തൊഴിലാളികള്‍ പറയുന്ന സ്ഥലത്ത്പോയി തെരച്ചില്‍ നടത്തുമെന്ന് കോസ്റ്റ്്ഗാര്‍ഡ് വിഴിഞ്ഞം സ്റ്റ്േഷന്‍ കമാന്‍ഡന്റ് വി കെ വര്‍ഗീസും പറഞ്ഞു.

പ്രധാന വാർത്തകൾ
Top