Top
18
Monday, December 2017
About UsE-Paper

ഉഡുപ്പിയില്‍ 3 മലയാളികള്‍ ഉള്‍പ്പെടെ 13 പേരെ രക്ഷിച്ചു

Thursday Dec 7, 2017
വെബ് ഡെസ്‌ക്‌


മംഗളൂരു > ഓഖി ചുഴലിക്കാറ്റില്‍പെട്ട് മുങ്ങിയ ബോട്ടില്‍നിന്ന് മൂന്ന് മലയാളികള്‍ ഉള്‍പ്പെടെ 13 മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി. മെര്‍ലിന്‍ (35), ബെനഡിക്റ്റ് (48), ആന്റണി (27), ബെബ്രോണ്‍ ജോണ്‍ (32), സ്റ്റാലിന്‍ (29), എബിന്‍ (22), ആന്‍ഡ്രൂസ് (49), പ്രഭു (38), ജെലാസ്റ്റിന്‍ (46), മാര്‍ട്ടിന്‍ (34), അരുള്‍ദാസ് (55), തഡ്യേസ് (46), മുഹമ്മദ് അലി (33) എന്നിവരെയാണ് കര്‍ണാടക കോസ്റ്റ്ഗാര്‍ഡ് രക്ഷപ്പെടുത്തിയത്.

ബുധനാഴ്ച രാവിലെയാണ് മലപ്പുറം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറില്‍നിന്ന് മംഗളൂരു കോസ്റ്റ്ഗാര്‍ഡിന് ഉഡുപ്പി മല്‍പെ തീരത്തുനിന്ന് 18 കിലോമീറ്റര്‍ അകലെ ബോട്ട് അപകടത്തില്‍പെട്ട് മുങ്ങുന്നുവെന്ന സന്ദേശം കിട്ടിയത്. കോസ്റ്റ്ഗാര്‍ഡിന്റെ അമര്‍ത്യയെന്ന കപ്പല്‍ ഉടന്‍തന്നെ മല്‍പയിലേക്ക് തിരിച്ചു. രണ്ട് മണിക്കൂര്‍ കൊണ്ട് അപകടത്തില്‍പെട്ട ബോട്ടിന്റെ അടുത്തെത്തി. ഏറെക്കുറെ മുങ്ങിയ ബോട്ടിന്റെ എന്‍ജിന്റൂമില്‍നിന്ന് വെള്ളം പമ്പ് ചെയ്ത് മാറ്റി.

തുടര്‍ന്ന് മംഗളൂരു തുറമുഖത്ത് എത്തിച്ച മത്സ്യത്തൊഴിലാളികളെ ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റിന് കൈമാറി. രക്ഷപ്പെടുത്തിയവരില്‍ മൂന്ന് മലയാളികളും ഒരു അസം സ്വദേശിയും മറ്റുള്ളവര്‍ തമിഴ്നാട്ടുകാരുമാണ്. ബുധനാഴ്ച കോസ്റ്റ്ഗാര്‍ഡ്  35 മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു.

ലക്ഷദ്വീപ് ആന്ത്രോത്ത് രജിസ്റ്റര്‍ ചെയ്ത ബറാകുട എന്ന മത്സ്യബന്ധന ബോട്ടാണ് അപകടത്തില്‍പെട്ടത്. കൊച്ചിയില്‍നിന്ന് മത്സ്യബന്ധനത്തിനായി പുറപ്പെട്ടതായിരുന്നു. ശക്തമായ കാറ്റില്‍പ്പെട്ടാണ് ഉഡുപ്പിയിലെത്തിയത്.