Top
21
Tuesday, November 2017
About UsE-Paper

കോഫി ബോര്‍ഡ് : പത്തരമാറ്റിന്റെ ലളിത വിജയം

Tuesday Nov 7, 2017
വെബ് ഡെസ്‌ക്‌


തൃശൂര്‍ > ഇന്ത്യാ കോഫി ബോര്‍ഡ് വര്‍ക്കേഴ്സ് സഹകരണ സംഘം തെരഞ്ഞെടുപ്പില്‍ സ്ഥാപകാംഗം കെ എന്‍ ലളിത (81) എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത് കോഫി ബോര്‍ഡ് ചരിത്രത്തിലെ തങ്കലിപിയായി മാറുന്നു. 1957ല്‍ എ കെ ജിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഇന്ത്യന്‍ കോഫി ഹൌസ് സംഘത്തിന്റെ സ്ഥാപക സെക്രട്ടറി പരേതനായ തൃശൂര്‍ സ്വദേശി എന്‍ എസ് പരമേശ്വരന്‍പിള്ളയുടെ ഭാര്യയാണ് ലളിത. ആദ്യത്തെ ഇന്ത്യന്‍ കോഫി ഹൌസ് തൃശൂര്‍ സ്വരാജ് റൌണ്ടില്‍ തുറക്കാന്‍ തൊഴിലാളികള്‍ക്കു പണമില്ലാതെ വന്നപ്പോള്‍ താലിമാലയടക്കമുള്ള  ആഭരണങ്ങള്‍ ഊരിക്കൊടുത്തത്് കെ എന്‍ ലളിതയാണ്. വിവാഹിതയായി ഒരു വര്‍ഷം തികയും മുമ്പായിരുന്നു ഇത്. ഇക്കാര്യം കോഫി ഹൌസിന്റെ കഥ എന്ന പുസ്തകത്തില്‍ എന്‍ എസ് പരമേശ്വരന്‍പിള്ള എഴുതിയിട്ടുണ്ട്. 'ഇനി കോഫി ഹൌസാണ് ലളിതയുടെ ആഭരണം' എന്നാണ് അന്ന് എ കെ ജി ഈ സംഭവത്തെ വിശേഷിപ്പിച്ചത്.

വെള്ളിയാഴ്ച പത്രികാസമര്‍പ്പണം പൂര്‍ത്തിയായപ്പോഴാണ് തിരുവനന്തപുരംമുതല്‍ തൃശൂര്‍വരെയുള്ള കോഫി ബോര്‍ഡ് സഹ. സംഘം തെരഞ്ഞെടുപ്പില്‍ സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണി പാനലില്‍ സിഐടിയു പ്രതിനിധിയായി പത്രിക നല്‍കിയ കെ എന്‍ ലളിത എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ പതിറ്റാണ്ടിലേറെയായി സംഘത്തിലെ അഴിമതിയിലും ധൂര്‍ത്തിലും മുങ്ങിയ നിലവിലെ ഭരണസമിതിയെ ഈ തെരഞ്ഞെടുപ്പില്‍ അംഗങ്ങള്‍ തൂത്തെറിയുമെന്നതിന്റെ നാന്ദിയാണ് കെ എന്‍ ലളിതയുടെ വിജയമെന്ന് കോഫി ബോര്‍ഡ് സഹ. സംഘം അംഗങ്ങള്‍ വിലയിരുത്തുന്നു.

'അറുപത് കൊല്ലം മുമ്പ് കോഫി ഹൌസ് ആരംഭിക്കാന്‍ താലി മാലയടക്കമുള്ള പത്തു പവനോളം  പണ്ടങ്ങള്‍ ഊരിക്കൊടുത്തു. ഇന്ന് കോഫി ഹൌസ് അടയ്ക്കാതിരിക്കാനാണ് ഈ പ്രായത്തിലും രംഗത്തുവന്നത്' - തൃശൂര്‍ പ്ളാക്കാട്ട് ലെയ്നിലെ ലളിത മന്ദിരം വീട്ടില്‍ ലളിത 'ദേശാഭിമാനി'യോടു പറഞ്ഞു. 'എ കെ ജിയാണല്ലോ കോഫി ഹൌസിന്റെ ജനയിതാവ്. മരിക്കുംവരെ അദ്ദേഹം രക്ഷാധികാരിയുമായിരുന്നു. കോഫി ഹൌസ് നടത്തിപ്പിന്റെ എല്ലാ പ്രധാന കാര്യങ്ങളിലും അദ്ദേഹം നിര്‍ദേശം നല്‍കിയിരുന്നു. തൃശൂരില്‍ കോഫി ഹൌസിന്റെ കാര്യങ്ങള്‍ക്കു വന്നാല്‍ വീട്ടില്‍ ഞാനുണ്ടാക്കിയ ഭക്ഷണമാണ് എ കെ ജി കഴിച്ചിരുന്നത്. അത്രയ്ക്കും ജനകീയമായിരുന്നു എ കെ ജിയുടെ ജീവിതരീതി'-എ കെ ജിയോടും കോഫി ഹൌസിനോടും തങ്ങളുടെ കുടുംബത്തിനുള്ള ആത്മബന്ധം  ലളിത  വ്യക്തമാക്കി.

കോഫി ഹൌസിന്റെ പ്രൊമോട്ടര്‍മാരില്‍ ജീവിച്ചിരിക്കുന്ന ഒരേ ഒരാള്‍ എന്ന നിലയ്ക്ക് കോഫി ഹൌസിനെ സംരക്ഷിക്കേണ്ടത് തന്റെ കടമയാണ്. കോഫി ഹൌസിനു പിന്നില്‍ ഒരു തത്വശാസ്ത്രമുണ്ട്, ഒരു രാഷ്ട്രീയമുണ്ട്. താന്‍ എതിരില്ലാതെ ഭരണസമിതി അംഗമായി. ബാക്കി പത്ത് സ്ഥാനങ്ങളിലേക്ക്  19ന് വോട്ടെടുപ്പു നടക്കും. സിഐടിയുവും എഐടിയുസിയും ചേര്‍ന്നുള്ള സഹകരണ ജനാധിപത്യ സംരക്ഷണ മുന്നണിയുടെ സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നു. കോഫി ഹൌസിനെ നയിക്കാന്‍ എ കെ ജിയുടെ നേരവകാശികളെത്തന്നെ തെരഞ്ഞെടുക്കണമെന്ന് പുതിയ തലമുറ ജീവനക്കാരോട് അഭ്യര്‍ഥിക്കുന്നു'- ലളിത പറഞ്ഞു.