Top
19
Thursday, October 2017
About UsE-Paper

പ്രസവാവധി കോടതി ഉത്തരവിനും എല്‍ഐസിക്ക് പുല്ലുവില

Saturday Oct 7, 2017
കെ എന്‍ സനില്‍


തിരുവനന്തപുരം > പ്രസവാവധി കാലയളവില്‍ ടാര്‍ഗറ്റ് എത്താത്തതിന്റെപേരില്‍ പിരിച്ചുവിട്ട ജീവനക്കാരിയെ തിരിച്ചെടുക്കണമെന്ന ഹൈക്കോടതിവിധിക്കെതിരെ എല്‍ഐസി. എല്‍ഐസിയുടെ സതേണ്‍ സോണ്‍ ഉള്‍പ്പെടുന്ന കേരളത്തില്‍നിന്നാണ് ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത്.

സര്‍വീസില്‍ കയറിയ കാലംമുതല്‍ മികച്ച പ്രകടനം കാഴ്ചവച്ച യുവതിയെയാണ് പിരിച്ചുവിട്ടത്. ശിക്ഷാനടപടിക്കെതിരെ മാനേജ്മെന്റിന് നല്‍കിയ നിവേദനങ്ങള്‍ അവഗണിക്കപ്പെട്ടതോടെയാണ്  ഹൈക്കോടതിയെ സമീപിച്ചത്. പിരിച്ചുവിടല്‍ അസാധുവാക്കി സിംഗിള്‍ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ എല്‍ഐസി ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചെങ്കിലും അപ്പീല്‍ തള്ളി. ഹൈക്കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഇവരെ സര്‍വീസില്‍ തിരിച്ചെടുത്തെങ്കിലും ഡിവിഷന്‍ ബെഞ്ച് ഉത്തരവിനെതിരെ എല്‍ഐസി സുപ്രീംകോടതിയെ സമീപിച്ചു. പത്തുവര്‍ഷത്തോളം സര്‍വീസുള്ള ഇവര്‍ക്ക് ഇപ്പോഴും അടിസ്ഥാനശമ്പളാണ് നല്‍കുന്നത്. ഇപ്പോഴും മികച്ചരീതിയില്‍ പ്രവര്‍ത്തിക്കുകയും ടാര്‍ഗറ്റ് പൂര്‍ത്തിയാക്കുകയും ചെയ്യുന്നുണ്ടെങ്കിലും ശമ്പളപരിഷ്കരണം, ഉത്സവകാല അഡ്വാന്‍സ് തുടങ്ങി ഒരുവിധ ആനുകൂല്യങ്ങളും നല്‍കുന്നില്ല. താല്‍ക്കാലികജീവനക്കാര്‍ക്കുള്ള ആനുകൂല്യംപോലും ലഭിക്കുന്നില്ല.

പാലക്കാട്ടുകാരന്‍ ഷാന്‍ പ്രസാദ്് എല്‍ഐസിയുമായി നിയമയുദ്ധത്തിലാണ്. അച്ഛന്റെ അസുഖത്തെത്തുടര്‍ന്ന് സ്ഥലംമാറ്റം വാങ്ങി നാട്ടില്‍ വന്ന ഘട്ടത്തില്‍ ബിസിനസ് ടാര്‍ഗറ്റ് എത്തിയില്ലെന്ന കാരണംപറഞ്ഞ് രണ്ടുവര്‍ഷത്തിനുശേഷം ഷാന്‍ പ്രസാദിനെ പിരിച്ചുവിട്ടു. 2007 സെപ്തംബറിലാണ് ഷാന്‍ എല്‍ഐസി ഡെവലപ്മെന്റ് ഓഫീസറായി ചേര്‍ന്നത്. സഹകരണവകുപ്പില്‍ അക്കാലത്ത് റാങ്ക് ലിസ്റ്റില്‍ വന്നെങ്കിലും എല്‍ഐസിയില്‍ തുടര്‍ന്നു. അപേക്ഷ ക്ഷണിച്ചപ്പോഴും പരിശീലനകാലത്തും ശമ്പളത്തിന് ആനുപാതികമായി പോളിസി ചേര്‍ത്തില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് അറിയിച്ചില്ല. കോയമ്പത്തൂരായിരുന്നു ആദ്യനിയമനം. ടാര്‍ഗറ്റ് എത്താത്തതിനെത്തുടര്‍ന്ന് സ്ഥിരനിയമനം ആറുമാസം വൈകിച്ചു. നിയമനം സ്ഥിരപ്പെടുന്നതിന് ഒരുമാസംമുമ്പ് പുതിയ സ്പെഷ്യല്‍ റൂള്‍സ് നിലവില്‍വന്നു.

ജോലി സ്ഥിരപ്പെട്ട് ആറുമാസം കഴിയുമ്പോഴാണ് അച്ഛന്റെ ചികിത്സാ ആവശ്യങ്ങള്‍ക്കായി പാലക്കാട്ടേക്ക് സ്ഥലംമാറ്റം വാങ്ങിയത്. എന്നാല്‍, അതുവരെ കോയമ്പത്തൂരില്‍ ഉണ്ടാക്കിയ അമ്പതോളം ഏജന്റുമാരെ തന്റെ കീഴില്‍നിന്ന് മാറ്റി. പാലക്കാട്ട് പുതിയ ഏജന്റുമാരെ കണ്ടെത്തി റിക്രൂട്ട് ചെയ്ത് ഫീല്‍ഡില്‍ എത്തിക്കുമ്പോഴേക്കും ആറുമാസം കഴിഞ്ഞു. അതോടെ ആ വര്‍ഷത്തെ ടാര്‍ഗറ്റ് എത്തിക്കാനായില്ല. മൂന്നുംനാലും വര്‍ഷങ്ങളില്‍ ടാര്‍ഗറ്റ് എത്തിച്ചെങ്കിലും ആദ്യ രണ്ടുവര്‍ഷത്തില്‍ ടാര്‍ഗറ്റ് എത്താത്തതിന്റെപേരില്‍ അഞ്ചാംവര്‍ഷം പിരിച്ചുവിട്ടു- ഷാന്‍ പറഞ്ഞു.

പിരിച്ചുവിടല്‍ സംബന്ധിച്ച് എല്‍ഐസി അധികൃതര്‍ക്ക് നല്‍കിയ പരാതികളെല്ലാം തള്ളി. കേസ് ഹൈക്കോടതിയിലാണ്. ഇപ്പോള്‍ പാലക്കാട്ടെ ഒരു സ്വകാര്യസ്ഥാപനത്തില്‍ ജോലിചെയ്യുകയാണ് ഷാന്‍ പ്രസാദ്.

പ്രൊപോസൽ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

Related News

കൂടുതൽ വാർത്തകൾ »