23 September Sunday

സംസ്ഥാന സ‌്കൂൾ കലോത്സവം : വ്യാജരേഖ ചമച്ചവർക്കെതിരെ ക്രിമിനൽ കേസെടുക്കാൻ ഉത്തരവ‌്

വെബ് ഡെസ്‌ക്‌Updated: Friday Sep 7, 2018


തിരുവനന്തപുരം
സംസ്ഥാന സ‌്കൂൾ കലോത്സവത്തിൽ വിദ്യാർഥികളെ പങ്കെടുപ്പിക്കാൻ വ്യാജരേഖകൾ നിർമിച്ച് ഉത്തരവ് സമ്പാദിച്ചവർക്കെതിരെ ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉപലോകായുക്ത ഉത്തരവിട്ടു. കഴിഞ്ഞ കലോത്സവത്തിനിടെയാണ് കേസിനാസ്പദമായ സംഭവമുണ്ടായത‌്. മലപ്പുറം ചങ്ങരംകുളത്തെ  ബൈജുവാണ‌് ലോകായുക്ത സിംഗിൾ ബെഞ്ച‌ിനെ തെറ്റിദ്ധരിപ്പിച്ച‌് ഉത്തരവ‌് സമ്പാദിച്ചത‌്.

മലപ്പുറം ജില്ലാ കലോത്സവത്തിൽ അഴിമതി നടന്നു എന്നും തന്റെ മകളുടെ ടീമിന് സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ അവസരം നല്കണമെന്നും ആവശ്യപ്പെട്ട‌് ബൈജു പരാതി നൽകി. ജില്ലയിൽ അഞ്ചാംസ്ഥാനം ലഭിച്ച ടീമിന്റെ  പരാതി ഡിവിഷൻ ബെഞ്ച്  ഫയലിൽ സ്വീകരിക്കാതെ തള്ളി. ഇതേ ആവശ്യം ഉന്നയിച്ച് ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഫലം ഉണ്ടായില്ല. തുടർന്ന‌് തങ്ങളുടെ ടീമിന‌് രണ്ടാംസ്ഥാനം ലഭിച്ചെന്ന‌് വ്യാജരേഖയുണ്ടാക്കി വീണ്ടും സിംഗിൾ ബെഞ്ചിന‌് മുമ്പാകെ മറ്റൊരു കേസ് ഫയൽ ചെയ്യുകയായിരുന്നു ലോകായുക്ത ഡിവിഷൻ ബെഞ്ചും ഹൈക്കോടതിയും തള്ളിയ പരാതിയാണ‌്  എന്ന വിവരം മറച്ചുവച്ചാണ‌് സിംഗിൾ ബെഞ്ചിനെ സമീപിച്ചത‌്. ഉപലോകായുക്ത ഇടക്കാല ഉത്തരവിലൂടെ ടീമിനെ സംസ്ഥാന കലോത്സവത്തിൽ പങ്കെടുപ്പിക്കാൻ നിർദേശം നൽകി.

  തെറ്റിദ്ധരിപ്പിച്ചാണ‌്  ഉത്തരവ് നേടിയത് എന്ന് ശ്രദ്ധയിൽപെട്ടപ്പോൾ അന്വേഷിക്കാൻ സംസ്ഥാന പൊലീസ് മേധാവിയോട‌് നിർദേശിച്ചിരുന്നു. പാലക്കാട് സിബിസിഐഡി എസ‌്പി  സി ബാസ്റ്റിൻ സാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം നടത്തി. ബൈജു,  മൂകാഭിനയ അധ്യാപകരായ ശ്രീജിത‌്, അദം ഷാ എന്നിവർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ അന്വേഷണസംഘം ശുപാർശ ചെയ‌്തു. തുടർന്നാണ‌് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാൻ ഉപലോകായുക്ത  ജസ്റ്റിസ് എ കെ ബഷീർ  ഉത്തരവിട്ടത‌്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top