21 November Wednesday

വർഗീയ വിരുദ്ധ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വസിക്കാനാവില്ല: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Thursday Jun 7, 2018


ആലക്കോട്
വർഗീയതക്കെതിരായ പോരാട്ടത്തിൽ കോൺഗ്രസിനെ വിശ്വാസത്തിലെടുക്കാനാവില്ലെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. വർഗീയതയോട് വിട്ടുവീഴ്ച ചെയ്യുന്ന കോൺഗ്രസ് നയമാണ് ബിജെപിയെ വളർത്തിയത്. കോൺഗ്രസിന്റെ സമുന്നത നേതാവ് പ്രണബ് കുമാർ മുഖർജി ആർഎസ്എസ് ക്യാമ്പ് സന്ദർശിക്കാൻ തയ്യാറായിരിക്കുകയാണ്.  112 ബിജെപി എംപിമാർ മുൻകോൺഗ്രസ് നേതാക്കളാണ്. ആലക്കോട് വായാട്ടുപാറ സിപിഐ എം ബ്രാഞ്ചിനായി നിർമിച്ച  ഇ എം എസ് സ്മാരകമന്ദിരം, വെള്ളൂർ കാറമേൽ നായനാർ മന്ദിരം എന്നിവയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്രമോഡിയെ അധികാരത്തിൽനിന്ന‌് പുറത്താക്കണമെങ്കിൽ അടുത്ത ലോക്സഭയിൽ ഇടതുപക്ഷ പ്രതിനിധികളുടെ അംഗസംഖ്യ വർധിക്കണം. ബിജെപി കേന്ദ്രം ഭരിക്കുന്നു എന്നതാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. ന്യൂനപക്ഷങ്ങൾ, പട്ടികജാതി‐ പട്ടികവർഗവിഭാഗങ്ങൾ, കർഷകർ തുടങ്ങി സമസ്തവിഭാഗം ജനങ്ങൾക്കും ഇന്ത്യയിൽ ജീവിക്കാനാകാത്ത സ്ഥിതിയാണ്. ജനാധിപത്യവും ജുഡീഷ്യറിയും നേരിടുന്ന വെല്ലുവിളി അതിഭീകരമാണ്. കർദിനാളുമാർവരെ കേന്ദ്രസർക്കാരിൽ വിശ്വാസമില്ലെന്ന് പരസ്യമായി പ്രഖ്യാപിച്ചു. പെട്രോളിനും ഡീസലിനും ദിനം പ്രതി വില വർധിക്കുന്നു.

   വർഗീയമായി ഭിന്നിപ്പിച്ച് മുതലെടുക്കാനാണ് സംഘപരിവാരം ശ്രമിക്കുന്നത്. കോൺഗ്രസ് അഞ്ചുവർഷം ഭരിച്ച കർണാടകത്തിൽ  ബിജെപി വോട്ട‌് ഇരട്ടിയായി.   ഇടതുപക്ഷം ഭരിക്കുന്ന കേരളത്തിൽ ബിജെപിയുടെ വോട്ട് കുറയുകയാണ്. ഇതിന്റെ അർഥം ബിജെപിയുടെ വളർച്ച തടയാൻ ഇടതുപക്ഷത്തിനേ സാധിക്കൂ എന്നാണ്. പിണറായിയുടെ നേതൃത്വത്തിലുള്ള സർക്കാരിന്റെ അംഗീകാരമായും എൽഡിഎഫിന്റെ രാഷ്ട്രീയവിജയവുമായാണ് ചെങ്ങന്നൂർ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നതെന്നും കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top