Top
16
Saturday, December 2017
About UsE-Paper

ആശ്വാസം പകര്‍ന്ന് കോടിയേരിയെത്തി

Wednesday Dec 6, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > തീരദേശത്ത് ആശ്വാസം പകര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. വിഴിഞ്ഞം, പൂന്തുറ എന്നിവിടങ്ങളിലെ ദുരിതാശ്വാസക്യാമ്പുകള്‍ സന്ദര്‍ശിച്ച അദ്ദേഹം മത്സ്യത്തൊഴിലാളികളുടെ സങ്കടങ്ങളും ആവശ്യങ്ങളും കേട്ടു. സര്‍ക്കാരും പൊതുപ്രവര്‍ത്തകരും കൂടെയുണ്ടാകുമെന്ന് പറഞ്ഞ അദ്ദേഹം, സര്‍ക്കാരിന് ചെയ്യാവുന്ന എല്ലാ സഹായവും ലഭ്യമാക്കുമെന്നും ഉറപ്പുനല്‍കി. തീരദേശത്തെ പള്ളികളില്‍ പ്രാര്‍ഥനാനിരതരായ സ്ത്രീകളെയും കുട്ടികളെയും കണ്ട കോടിയേരി പുരോഹിതന്മാരുമായി സംസാരിച്ചു. രക്ഷാപ്രവര്‍ത്തനം നിയന്ത്രിക്കുന്ന വ്യോമസേനയുടെ ടെക്നിക്കല്‍ ഏരിയയിലെത്തി ഉദ്യോഗസ്ഥരുമായും കോടിയേരി ചര്‍ച്ച നടത്തി.

വിഴിഞ്ഞത്തെ ദുരിതാശ്വാസക്യാമ്പാണ് കോടിയേരി ആദ്യം സന്ദര്‍ശിച്ചത്. ഭര്‍ത്താവ് സ്റ്റയിനിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആശയെയും സഹോദരി ജ്യോതിയെയും അദ്ദേഹം ആശ്വസിപ്പിച്ചു. രക്ഷപ്പെട്ട് തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളായ ജോസ്, സഹായം, ആന്റണി, ബാബു എന്നിവര്‍ തങ്ങളുടെ അനുഭവം പങ്കുവച്ചു. പള്ളി വികാരി വി വില്‍ഫ്രഡിന്റെ നേതൃത്വത്തില്‍ കോടിയേരിയെ സ്വീകരിച്ചു. മത്സ്യത്തൊഴിലാളികള്‍ നേരിടുന്ന പൊതുവായ പ്രശ്നങ്ങള്‍ വികാരി കോടിയേരിയുടെ ശ്രദ്ധയില്‍പ്പെടുത്തി.

പൂന്തുറയിലെ ദുരിതാശ്വാസക്യാമ്പ് സന്ദര്‍ശിച്ച കോടിയേരി മത്സ്യത്തൊഴിലാളികളുടെ ആവലാതികള്‍ കേട്ടു. അടിയന്തരമായി കടപ്പുറത്ത് നടപ്പാക്കേണ്ട വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള നിവേദനം സെന്റ് തോമസ് പള്ളി വികാരി ജസ്റ്റിന്‍ ജൂഡ് കൈമാറി. കൊച്ചുമകന്‍ ഡേവിഡിന്റെ മടങ്ങിവരവിനായി പള്ളിക്കുമുന്നില്‍ കാത്തിരിക്കുന്ന സെലിനെയും അദ്ദേഹം സന്ദര്‍ശിച്ചു.

പൂന്തുറയില്‍ തുറമുഖം നിര്‍മാണം അടക്കമുള്ള കാര്യങ്ങളില്‍ ആവശ്യമായ സഹായം കോടിയേരി തീരവാസികള്‍ക്ക് ഉറപ്പുനല്‍കി. ശംഖുംമുഖത്തെ വായുസേനയുടെ ടെക്നിക്കല്‍ ഏരിയയിലെ കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച കോടിയേരി രക്ഷാപ്രവര്‍ത്തനത്തിന്റെ വിവരങ്ങള്‍ ചോദിച്ചറിഞ്ഞു. വി ശിവന്‍കുട്ടി, പി പി ചിത്തരഞ്ജന്‍, പി എസ് ഹരികുമാര്‍, പി രാജേന്ദ്രകുമാര്‍, പുല്ലുവിള സ്റ്റാന്‍ലി, പി രാമചന്ദ്രന്‍നായര്‍, എസ് എസ് സുന്ദര്‍ തുടങ്ങിയവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.