Top
18
Monday, December 2017
About UsE-Paper

എസ്എഫ്ഐ സംസ്ഥാന ജാഥയ്ക്ക് തൃശൂരില്‍ ഉജ്വല സമാപനം

Friday Oct 6, 2017
വെബ് ഡെസ്‌ക്‌

തൃശൂര്‍ > ജനമനസ്സ് ഉണര്‍ത്തിയും നാടിളക്കിയുമെത്തിയ എസ്എഫ്ഐ സംസ്ഥാന ജാഥയ്ക്ക് സാംസ്കാരിക നഗരിയില്‍ ആവേശ്വോജ്വല സമാപനം. 'നിരോധനങ്ങളുടെ കാലത്ത് നിശ്ശബ്ദമാകാത്ത ക്യാമ്പസ്' എന്ന മുദ്രാവാക്യമുയര്‍ത്തി എസ്എഫ്ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടന്ന രണ്ട് പ്രചാരണ ജാഥകളാണ് കാല്‍ലക്ഷം വിദ്യാര്‍ഥികള്‍ അണിനിരന്ന റാലിയോടെ  സമാപിച്ചത്.  'ഞങ്ങളീ നാടിന്‍ വെളിച്ചമാവും. അണയാത്ത നേരിന്റെ അഗ്നിയാവും. അധികാരഗര്‍വിന്റെ സിംഹാസനങ്ങളെ അടിമുടി വിറപ്പിച്ച് ഊറ്റമാകും' ആയിരങ്ങള്‍ പ്രതിജ്ഞ ചൊല്ലി.

വിദ്യാര്‍ഥിപക്ഷ ദേശീയ വിദ്യാഭ്യാസ നയം രൂപീകരിക്കുക, മതനിരപേക്ഷ കലാലയം തുടങ്ങിയ മുദ്രാവാക്യങ്ങളുന്നയിച്ച് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി എം വിജിന്‍, പ്രസിഡന്റ് ജെയ്ക്ക് സി തോമസ് എന്നിവര്‍ നയിച്ച ഇരുജാഥകളും ബുധനാഴ്ച തൃശൂര്‍ ജില്ലയില്‍ പ്രവേശിച്ചു. വ്യാഴാഴ്ച രാവിലെ മണ്ണുത്തിയില്‍ നിന്നും ചാലക്കുടിയില്‍ നിന്നും ഇരുചക്രവാഹനങ്ങളുടെ അകമ്പടിയോടെ പാലിയേക്കരയില്‍ ഇരു ജാഥകളും സംഗമിച്ചു. തുടര്‍ന്ന് നഗരത്തിലേക്ക് നീങ്ങി. തൃശൂര്‍ സിഎംഎസ് സ്കൂള്‍ പരിസരത്തുനിന്നും ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ റാലിയില്‍ അണിചേര്‍ന്നു. ആദ്യം നേതാക്കള്‍ അണിനിരന്നു.

തെക്കേ ഗോപുരനടയില്‍ ചേര്‍ന്ന പൊതുയോഗം സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയര്‍മാന്‍ പി കെ ഷാജന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാസെക്രട്ടറി കെ രാധാകൃഷ്ണന്‍ ജാഥാ ക്യാപ്റ്റന്മാര്‍ക്ക് ഉപഹാരം നല്‍കി. ജാഥാ പ്രത്യേക പതിപ്പ് പ്രകാശ് കാരാട്ട് പ്രകാശനം ചെയ്തു. കെ രാധാകൃഷ്ണന്‍ ഏറ്റുവാങ്ങി. പ്രകാശ് കാരാട്ടിനുള്ള ഉപഹാരം എം വിജിന്‍ സമ്മാനിച്ചു.  എസ്എഫ്ഐ അഖിലേന്ത്യ പ്രസിഡന്റ്  വി പി  സാനു, ജാഥാക്യാപ്റ്റന്മാരായ സംസ്ഥാന സെക്രട്ടറി എം വിജിന്‍, സംസ്ഥാന പ്രസിഡന്റ് ജെയ്ക്ക് സി തോമസ് എന്നിവര്‍ സംസാരിച്ചു. ജില്ലാപ്രസിഡന്റ് ശരത് പ്രസാദ്  വര്‍ഗീയവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ജില്ലാസെക്രട്ടറി റോസല്‍ രാജ് സ്വാഗതവും സംസ്ഥാനകമ്മിറ്റിയംഗം മനു പുതിയാമമഠം നന്ദിയും പറഞ്ഞു. ജനനന്മ തൃശൂര്‍ വിപ്ളവ ഗാനമേള അവതരിപ്പിച്ചു.   സെപ്തംബര്‍ 11നാണ് ജാഥ പര്യടനം ആരംഭിച്ചത്.

Related News

കൂടുതൽ വാർത്തകൾ »