17 November Saturday
സർക്കാരുമായി കൈകോർക്കും

കുട്ടനാട്ടിൽ 100 കോടിയുടെ പുനർനിർമാണ പദ്ധതിയുമായി ചങ്ങനാശേരി അതിരൂപത

വെബ് ഡെസ്‌ക്‌Updated: Thursday Sep 6, 2018


ചങ്ങനാശേരി
കേരളത്തെ തകർത്ത മഹാപ്രളയത്തിൽ സർവതും നഷ്ടമായ  കുട്ടനാൻ ജനതയെ സഹായിക്കാൻ സംസ്ഥാന സർക്കാരുമായി ചേർന്ന് നൂറു കോടിയുടെ കുട്ടനാട് പുനർനിർമാണ പദ്ധതി നടപ്പാക്കുമെന്ന് ചങ്ങനാശേരി അതിരൂപതാ ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം വാർത്താസമ്മേളനത്തിൽ പറഞ്ഞു. മൂന്നു വർഷം കൊണ്ട് പദ്ധതി പൂർത്തീകരിക്കും.

പ്രളയം ഏറ്റവുമധികം ബാധിച്ചത് കുട്ടനാട്ടിലെ ജനങ്ങളെയാണ്. ഇക്കാരണത്താലാണ് ജാതിമത ഭേദമെന്യേ കുട്ടനാട്ടിലെ ജനങ്ങളെ സഹായിക്കാൻ പൂർണമനസ്സോടെ സർക്കാരിനൊപ്പം ചേരുന്നത്. ഇതിനായി വിവിധ കർമപദ്ധതികൾക്ക് രൂപം നൽകിയതായും അദ്ദേഹം പറഞ്ഞു.
സർക്കാരിന്റെ പുനർനിർമാണം ഫലപ്രദമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പൂർണമായും പങ്കു ചേർന്ന് പദ്ധതികൾ നടപ്പാക്കാൻ അതിരൂപത തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പ്രളയത്തിൽ പൂർണമായും ഭാഗികമായും തകർന്ന 1000 വീടുകൾ സംസ്ഥാന സർക്കാരിനൊപ്പം ചേർന്ന് പുനർനിർമിക്കും. പ്രളയത്തിൽ നശിക്കാത്ത രീതിയിലുള്ള 1000 മഴവെള്ള സംഭരണികൾ നിർമിക്കും. പരമാവധി വീടുകളിൽ ചെറുതും വലുതുമായ ജലശുചീകരണ പദ്ധതി നടപ്പാക്കും. വീടുകളിൽ വെള്ളം ശുചീകരിക്കുന്നതിനുള്ള ചെറു പ്ലാന്റുകൾ സ്ഥാപിക്കും. കുട്ടനാടിന്റെ വിവിധ ഭാഗങ്ങളിൽ മണിക്കൂറിൽ 3000  ലിറ്റർ വെളളം വരെ ശുദ്ധീകരിക്കാവുന്ന 100 ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിക്കും.

പ്രളയത്തിൽ മലിനമായ കുട്ടനാട്ടിൽ വ്യാപകമായി ജലം ശുചീകരിക്കും. കുട്ടനാട്ടിലെ വെള്ളപ്പൊക്കത്തെ അതിജീവിക്കാൻ കഴിയുന്ന 1000 പുതിയ മാതൃകാ ടോയ്ലറ്റുകൾ നിർമിക്കും.  ഇത് 1000 വീടുകൾക്ക് പുറമേയാണെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. നിർദേശങ്ങൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തും. ഇതിനായി അതിരൂപതാ പ്രതിനിധികൾ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തി പദ്ധതി സമർപ്പിച്ച‌് നിർദേശങ്ങൾ കൈമാറും.
പ്രളയത്തെ തുടർന്ന് മറ്റു സന്നദ്ധ സംഘടനകളോടൊപ്പം അതിരൂപത രക്ഷാപ്രവർത്തനങ്ങളിൽ ഫലപ്രദമായി ഇടപെട്ടിരുന്നു. ഇതിന്റെ തുടർച്ചയായാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായുള്ള പണം അതിരൂപതയുടെ നേതൃത്വത്തിൽ വിവിധ ഇടവകകൾ, വൈദികർ, കന്യാസ്ത്രീകൾ, ഇടവകാംഗങ്ങൾ, മറ്റു സന്നദ്ധ സംഘടനകൾ, അതിരൂപതയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിദ്യാർഥികൾ, അധ്യാപകർ, മറ്റു ജീവനക്കാർ, ചാസ് തുടങ്ങിയവയിൽ നിന്നും സ്വരൂപിക്കും. അതോടൊപ്പം സഹായമനസ്കതയുള്ള മറ്റു സംഘടനകളുടെയും സഹായം സ്വീകരിക്കും. കുട്ടനാടിന്റെ പുനർനിർമാണത്തിന് സഹായമേകി വിവിധ മേഖലകളിൽ നിന്നും അതിരൂപതാ ആസ്ഥാനത്തേക്ക് ഫണ്ട് എത്തുകയാണ്. പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ പ്രത്യേക ഓഫീസ് ആരംഭിക്കും. ഇതിന്റെ പ്രവർത്തനങ്ങൾക്ക് അതിരൂപതാ സോഷ്യൽ സർവീസ് സൊസൈറ്റി (ചാസ്) നേതൃത്വം വഹിക്കുമെന്നും ആർച്ച് ബിഷപ്പ് പറഞ്ഞു. അതിരൂപതാ വികാരി ജനറാൾ ഫാ. മോൺ ജോസഫ് മുണ്ടകത്തിൽ, അതിരൂപതാ പ്രൊക്യുറേറ്റർ ഫാ. ഫിലിപ്പ് തയ്യിൽ, ചാസ് ഡയറക്ടർ ഫാ. ജോസഫ് കളരിക്കൽ, അതിരൂപത പിആർഒ ഫാ. ആന്റണി തലച്ചെല്ലുർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top