24 September Monday

ഷുഹൈബ‌് ഫണ്ട‌് : യൂത്ത്‌ കോൺഗ്രസുകാർ 80 ലക്ഷം തട്ടിയെന്ന്‌

വെബ് ഡെസ്‌ക്‌Updated: Monday Aug 6, 2018


സ്വന്തം ലേഖകൻ
എടയന്നൂരിൽ കൊല്ലപ്പെട്ട  ഷുഹൈബിന്റെ കുടുംബത്തെ സഹായിക്കാൻ കോൺഗ്രസ് സമാഹരിച്ച ഫണ്ടിൽനിന്ന് 80 ലക്ഷത്തോളം രൂപ യൂത്ത് കോൺഗ്രസിലെ ചിലർ തട്ടിയെടുത്തതായി ആരോപണം. കഴിഞ്ഞ ദിവസം നടന്ന ഡിസിസി യോഗത്തിൽ ചില നേതാക്കൾ ഈ ഗുരുതരമായ ആരോപണം  ഉന്നയിച്ചു.

ഒന്നരക്കോടിയോളം രൂപയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയടക്കമുള്ളവരുടെ നേതൃത്വത്തിൽ പിരിച്ചെടുത്തത്. ഷുഹൈബ് തങ്ങൾക്ക് വൻ തുക നൽകാനുണ്ടെന്ന്  കുടുംബത്തെ തെറ്റിദ്ധരിപ്പിച്ചാണ് പലരും പണം തട്ടിയത്. അതിന‌് കുടുംബവുമായി നല്ല ബന്ധമുള്ള യൂത്ത് കോൺഗ്രസ് നേതാക്കൾ പശ്ചാത്തലം ഒരുക്കിക്കൊടുത്തതായാണ‌് പരാതി. ഒരു പ്രമുഖ നേതാവിന്റെ ഒത്താശയും തട്ടിപ്പിന് പിന്നിലുണ്ടെന്ന ചർച്ച സജീവമാണ്.

ഫണ്ട് വഴി ലഭിച്ച തുകയിൽനിന്ന് ഷുഹൈബിന്റെ കടബാധ്യത തീർക്കാനെന്ന പേരിൽ കുടുംബം പലർക്കും പണം നൽകിയിരുന്നുവെന്ന് തെളിയിക്കുന്ന ഓഡിയോ ക്ലിപ്പിങ് പുറത്തുവന്നിട്ടുണ്ട‌്.  

യൂത്ത് നേതാവ് റിജിൽ മാക്കുറ്റി ഷുഹൈബിന്റെ പിതാവുമായി നടത്തിയ സംഭാഷണമാണ‌് പുറത്തായത‌്.   കൂത്തുപറമ്പിലെ ജ്വല്ലറിയിൽനിന്ന് ആഭരണം വാങ്ങിയ വകയിൽ ഷുഹൈബിന്റെ മരണശേഷം വൻ തുക കൊടുത്തതായി  പിതാവ് സമ്മതിക്കുന്നു. റിജിൽ മാക്കുറ്റി പറഞ്ഞതിനാൽ പാർടിയുടെ അറിവോടെയാണിതെന്നും സമ്മതിക്കുന്നു.

ലോറി വാങ്ങി പൊളിച്ചുവിറ്റ സംഭവത്തിലും പണം നൽകിയതായി പിതാവ് സമ്മതിക്കുന്നു. ഇതിൽ മാക്കുറ്റിയും ഷുഹൈബ‌ും ചേർന്ന‌് വാങ്ങിയ ലോറി പൊളിച്ചുവിറ്റെന്നാണ‌്  ആരോപണം. ഫണ്ട് മുക്കിയ നേതാക്കൾ കോൺഗ്രസിലുണ്ടെന്നും  അവർ തന്നെ കുരുതി കൊടുക്കുകയാണെന്നുമാണ് റിജിൽ മാക്കുറ്റി ഷുഹൈബിന്റെ പിതാവിനോട് പറയുന്നത്.  ഡിസിസി പ്രസിഡന്റടക്കമുള്ള നേതാക്കളെ പ്രതിക്കൂട്ടിലാക്കുന്നതാണ് ഫോൺ സംഭാഷണം.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top