20 September Thursday

സിന്തൈറ്റ‌് സമരം : കമ്പനി അടച്ചിടുമെന്ന‌് മാനേജ‌്മെന്റ‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 6, 2018


കോലഞ്ചേരി
സിന്തൈറ്റിലെ തൊഴിലാളിചൂഷണം മറയ‌്ക്കാൻ  കമ്പനി അടച്ചുപൂട്ടിയെന്ന പ്രചാരണവുമായി മാനേജ്മെന്റ്. കമ്പനിയിലെ തൊഴിൽചൂഷണത്തിനെതിരെ സിഐടിയു നേതൃത്വത്തിൽ സമരം ശക്തമായതോടെയാണ് കമ്പനി അടച്ചിടുകയാണെന്ന പ്രചാരണവുമായി മാനേജ്മെന്റ് രംഗത്തുവന്നത്. കമ്പനി പൂട്ടിയാൽ തൊഴിലാളികൾ പട്ടിണിയിലാവുമെന്നാണ‌് ഭീഷണി. ഉന്നത തസ്തികയിലിരുക്കുന്നവർ ലക്ഷങ്ങൾ ശമ്പളം വാങ്ങുമ്പോൾ താഴെത്തട്ടിലുള്ള ജീവനക്കാർ കൊടിയ പീഡനങ്ങൾക്കാണ് ഇരയാകുന്നത്. തുച്ഛമായ ശമ്പളം ലഭിക്കുന്നതിനു പുറമെ ക്രൂരമായ ശാരീരിക﹣ മാനസിക പീഡനങ്ങൾക്കും ഇരയാക്കുന്നു. സ്ത്രീത്തൊഴിലാളിയോട് മോശമായി പെരുമാറിയത് അന്വേഷിക്കണമെന്ന് പരാതി നൽകിയ സിഐടിയു യൂണിയൻ വൈസ് പ്രസിഡന്റിനെ സസ്പെൻഡ‌്ചെയ്തു. ഇതും തൊഴിലാളിസമരത്തിനു കാരണമായി.

കമ്പനി മാനേജ്മെന്റ് ഏതാനും വർഷങ്ങളായി രണ്ടു ചേരിയായിട്ടാണ് മുന്നോട്ടുപോകുന്നത്. ഇത‌് പ്രശ്നപരിഹാരം വൈകുന്നതിനു കാരണമായി. ഇവർക്കിടയിലെ ഭിന്നത തൊഴിലാളികളോട് തീർക്കുകയാണെന്ന പരാതിയും വ്യാപകമാണ്. കമ്പനിയുടെ സ്ഥാപകനായ സി വി ജേക്കബ് പ്രായാധിക്യംമൂലം ചുമതല ഒഴിഞ്ഞതോടെയാണ് മാനേജ്മെന്റിലെ ഭിന്നത മറനീക്കിയത്. പുതുതായി ചുമതലയേറ്റവരുടെ പരിചയക്കുറവ് ഉദ്യോഗസ്ഥർ മുതലാക്കുന്നതാണ് പ്രശ്നങ്ങൾ വഷളാകുന്നതിനു പിന്നിൽ. നിലവിൽ പുതിയ ചുമതലക്കാരുടെ അടുത്ത ബന്ധുക്കൾ കമ്പനി ഭരണത്തിൽ ഇടപെടുന്നതും പ്രശ്നങ്ങൾ രൂക്ഷമാക്കുന്നു. കോട്ടയത്തുനിന്ന‌് ഗുണ്ടകളെ ഇറക്കി നിങ്ങളെ നേരിടുമെന്ന് ഇവരിൽ ചിലർ സമരക്കാരെ കഴിഞ്ഞദിവസം ഭീഷണിപ്പെടുത്തിയിരുന്നു. അതേസമയം, ജൂലൈ ഒമ്പതിന് കമ്പനിയിൽ യൂണിയൻ റഫറണ്ടം നടത്താനിരിക്കെ ഭീഷണിപ്പെടുത്തി യൂണിയൻ അംഗങ്ങളുടെ എണ്ണം കുറയ‌്ക്കാനുള്ള ശ്രമമാണ് ഇപ്പോഴത്തെ നാടകങ്ങൾക്കു പിന്നിലെന്ന് തൊഴിലാളികൾ പറഞ്ഞു.  റഫറണ്ടം നടന്നാൽ കമ്പനിയിലെ ഭൂരിഭാഗം തൊഴിലാളികളും യൂണിയനെ പിന്തുണയ‌്ക്കുമെന്ന ആശങ്കയാണിതിനു പിന്നിൽ.

ചെവ്വാഴ്ച സിഐടിയു നേതൃത്വത്തലുള്ള സമരം പൂർണമായിരുന്നു. മാനേജ്മെന്റ് യൂണിയനായ സേവയിൽപ്പെട്ട തൊഴിലാളികൾ ജോലിക്ക‌ു കയറണമെന്ന ആവശ്യവുമായി രംഗത്തുവന്നെങ്കിലും സമരത്തോടു സഹകരിക്കണമെന്ന് ആവശ്യപ്പെട്ടതോടെ പിൻവാങ്ങി. ബുധനാഴ്ച സംസ്ഥാന ലേബർ കമീഷണറുടെ നേതൃത്വത്തിൽ തിരുവനന്തപുരത്ത് ചർച്ച നടക്കും. സിഐടിയു യൂണിയനിൽപ്പെട്ട തൊഴിലാളികളെ ഇതരസംസ്ഥാനത്തേക്ക് സ്ഥലംമാറ്റിയ നടപടി റദ്ദുചെയ്യുണമെന്നും നേതാക്കൾക്കെതിരെയുള്ള പ്രതികാരനടപടികൾ പിൻവലിക്കണമെന്നും യോഗത്തിൽ ആവശ്യപ്പെടുമെന്നും ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ സമരം തുടരുമെന്നും യൂണിയൻ ഭാരവാഹികൾ പറഞ്ഞു.

പ്രധാന വാർത്തകൾ
Top