ad
Deshabhimani

മത്സ്യക്ഷാമ പാക്കേജ് പ്രഖ്യാപിക്കണം: മത്സ്യത്തൊഴിലാളി ഐക്യവേദി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on May 05, 2017, 04:25 PM | 0 min read


കൊച്ചി > കഴിഞ്ഞവര്‍ഷങ്ങളില്‍ മത്സ്യലഭ്യതയിലുണ്ടായ ഗണ്യമായ കുറവു പരിഗണിച്ച് മത്സ്യക്ഷാമ പാക്കേജ് പ്രഖ്യാപിക്കണമെന്ന് മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെട്ടു. കേന്ദ്ര സമുദ്രമത്സ്യ ഗവേഷണസ്ഥാപനത്തില്‍ (സിഎംഎഫ്ആര്‍ഐ) നടന്ന മത്സ്യത്തൊഴിലാളി-മത്സ്യകര്‍ഷക സംഗമത്തില്‍ കേന്ദ്ര കൃഷിസഹമന്ത്രി സുദര്‍ശന്‍ ഭഗതുമായി നടന്ന ചര്‍ച്ചയിലാണ് മത്സ്യത്തൊഴിലാളികള്‍ ഈ ആവശ്യം ഉന്നയിച്ചത്.

2012നുശേഷം കേരളത്തില്‍ മത്സ്യലഭ്യതയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. മത്സ്യത്തൊഴിലാളികള്‍ക്ക് കൂടുതല്‍ ലാഭമായിരുന്ന മത്തിയുടെ വന്‍തോതിലുള്ള കുറവ് മേഖലയില്‍ ദുരിതംവിതച്ചു. കഴിഞ്ഞ മൂന്നുവര്‍ഷത്തിനുള്ളില്‍ ഏകദേശം 10,000 കോടിയുടെ നഷ്ടം സംഭവിച്ചതായാണ് പഠനങ്ങളിലുള്ളത്. ഇതുമൂലം ദുരിതത്തിലായ മത്സ്യത്തൊഴിലാളികളെ സഹായിക്കുന്നതിന് മത്സ്യക്ഷാമ പാക്കേജ് വേണമെന്ന് മത്സ്യത്തൊഴിലാളി ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ചാള്‍സ് ജോര്‍ജ് പറഞ്ഞു. മത്സ്യമേഖലയ്ക്ക് മാത്രമായി കേന്ദ്രത്തില്‍ പ്രത്യേക മന്ത്രാലയം രൂപീകരിക്കണമെന്നും ചര്‍ച്ചയില്‍ തൊഴിലാളികള്‍ ആവശ്യം ഉന്നയിച്ചു.

പെരിയാര്‍ മലിനീകരണം തടഞ്ഞ് കൃഷിയോഗ്യമാക്കുന്നതിന് പദ്ധതികള്‍ വേണമെന്ന് മത്സ്യകര്‍ഷക പ്രതിനിധികള്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയുടെ മുദ്രാ വായ്പാപദ്ധതിക്കുകീഴില്‍ കൂടുമത്സ്യക്കൃഷി സംരംഭങ്ങളെയും ഉള്‍പ്പെടുത്തണമെന്ന് ചേറ്റുവയില്‍നിന്നുള്ള മത്സ്യകര്‍ഷകന്‍ രാജീവ് പറഞ്ഞു. കായലുകളില്‍ വന്‍തോതില്‍ കൂടുകൃഷി നടത്തുന്നതിന് അനുമതി വേണം. ഇതിനായി കേന്ദ്രസര്‍ക്കാര്‍ കൂടുമത്സ്യക്കൃഷി നയം രൂപീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മറ്റ് കാര്‍ഷികവിളകള്‍ക്ക് നിലവിലുള്ളതുപോലെ കൂടുമത്സ്യക്കൃഷിക്കും ഇന്‍ഷുറന്‍സ് പരിരക്ഷ വേണമെന്ന് കര്‍ഷകര്‍ ആവശ്യപ്പെട്ടു. വൈപ്പിന്‍കരയില്‍ പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് സ്വതന്ത്രമായി ഹാര്‍ബര്‍ വേണമെന്നും ചര്‍ച്ചയില്‍ ആവശ്യം ഉയര്‍ന്നു. വല്ലാര്‍പാടത്ത് എല്‍എന്‍ജി ടെര്‍മിനല്‍ വന്നതോടെ മീന്‍പിടിത്തം നിരോധിച്ചിരിക്കുകയാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

മത്സ്യത്തൊഴിലാളികളുടെയും കര്‍ഷകരുടെയും ആവശ്യങ്ങള്‍ പരിശോധിച്ച് ആവശ്യമായ തീരുമാനങ്ങള്‍ കൈക്കൊള്ളുമെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നിറവേറ്റുന്നതിന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും ഉറപ്പുനല്‍കി. പെരിയാര്‍ മലിനീകരണമടക്കം മത്സ്യത്തൊഴിലാളികളും മത്സ്യകര്‍ഷകരും നേരിടുന്ന പ്രശ്നങ്ങള്‍ വിശദമായി വിലയിരുത്തുന്നതിന് സിഎംഎഫ്ആര്‍ഐയില്‍ യോഗം വിളിച്ചുചേര്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

കൂടുമത്സ്യക്കൃഷി ജനകീയമാക്കുന്നതിന് ദേശീയതലത്തില്‍ മാരികള്‍ചര്‍ നയം രൂപപ്പെടുത്തുന്നതിന് സിഎംഎഫ്ആര്‍ഐ പ്രവര്‍ത്തിച്ചുവരികയാണെന്ന് ഡയറക്ടര്‍ ഡോ. എ ഗോപാലകൃഷ്ണന്‍ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home