ad
Deshabhimani

സൌഹൃദങ്ങളുടെ പുനസമാഗമമായി 'മഹാരാജകീയം'

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 05, 2017, 07:47 PM | 0 min read


കൊച്ചി >  ക്യാമ്പസുകള്‍ക്ക് എന്നും വിരഹത്തിന്റെ വേനല്‍ച്ചൂട് നല്‍കുന്ന മാര്‍ച്ച്  മഹാരാജാസിന്റെ തിരുമുറ്റത്ത് ചൊരിഞ്ഞത്് സമാഗമത്തിന്റെ പുതുമഴക്കുളിര്. പഴകുന്തോറും വീര്യമേറുന്ന വീഞ്ഞു പോലെ സൌഹൃദങ്ങളുടെ ശ്രുതിലയം. പ്രണയവും സമരവും പ്രതിഷേധവും നിറഞ്ഞ പഴയകാലം  സ്മരണയില്‍ നറുനിലാവായ് നിറഞ്ഞപ്പോള്‍  'മഹാരാജകീയം' മഹാരാജാസിന് പുതുചരിതമെഴുതി.

മഹാരാജാസ് കോളേജ് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ സംഘടിപ്പിക്കുന്ന 'മഹാരാജകീയം' പരിപാടിയുടെ മൂന്നാം പതിപ്പാണ് ഞായറാഴ്ച  കോളേജ് അങ്കണത്തില്‍ അരങ്ങേറിയത്. വിവിധ മേഖലകളില്‍ പ്രശസ്തരായ പൂര്‍വ വിദ്യാര്‍ഥികള്‍ ലോകത്തിന്റെ പലഭാഗങ്ങളില്‍നിന്ന് പ്രിയ കലാലയത്തിന്റെ അങ്കണത്തിലേക്കെത്തി. രാഷ്ട്രീയ, സാംസ്കാരിക, സാമൂഹ്യ, ശാസ്ത്ര രംഗങ്ങളിലെ പ്രമുഖരുള്‍പ്പെടുന്ന പതിനായിരങ്ങള്‍ സംഗമത്തില്‍ അണിനിരന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ മഹാരാജകീയം ഉദ്ഘാടനംചെയ്തു.

രാവിലെ ഒമ്പതിന് പഞ്ചവാദ്യത്തോടെ പരിപാടി തുടങ്ങി.  തുടര്‍ന്ന് ഓള്‍ഡ് സ്റ്റുഡന്റ്സ് അസോസിയേഷന്‍ പ്രസിഡന്റ് ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ സംഗമപതാക ഉയര്‍ത്തി. മുഖ്യമന്ത്രി പിണറായി വിജയനെ പഞ്ചവാദ്യത്തിന്റെ അകമ്പടിയോടെ വേദിയിലേക്ക് ആനയിച്ചു. ഡോ. ഭുവന്വേശ്വരി, ഗീത, പാര്‍വതി എന്നിവര്‍ ചേര്‍ന്ന് പ്രാര്‍ഥനാഗീതം ആലപിച്ചു. തുടര്‍ന്ന്, ആര്‍ കെ ദാമോദരന്‍ രചിച്ച് ടി എസ് രാധാകൃഷ്ണന്‍ സംഗീതം നല്‍കിയ 'രാജഗീതകം' 101 പൂര്‍വ വിദ്യാര്‍ഥികള്‍ ചേര്‍ന്ന് ആലപിച്ചു. പിന്നണി ഗായകരായ ബിജു നാരായണന്‍, ഗണേഷ് സുന്ദരം എന്നിവര്‍ നേതൃത്വം നല്‍കി. ചന്ദ്രലേഖയും സംഘവും രാജഗീതകത്തിന് നൃത്താവിഷ്കാരമൊരുക്കി.

ഉദ്ഘാടന സമ്മേളനത്തില്‍ ജസ്റ്റിസ് പി എസ് ഗോപിനാഥന്‍ അധ്യക്ഷനായി. മഹാരാജകീയം സ്മരണിക നടന്‍ മമ്മൂട്ടി മുഖ്യമന്ത്രിക്കു നല്‍കി പ്രകാശനംചെയ്തു. പ്രൊഫ. എം കെ സാനുവിനെ മുഖ്യമന്ത്രി ആദരിച്ചു. മുഖ്യമന്ത്രിക്ക് കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എന്‍ എല്‍ ബീന ഉപഹാരം നല്‍കി.

പ്രൊഫ. എം കെ സാനു, മന്ത്രി ഡോ. ടി എം തോമസ് ഐസക്, എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍, സിപിഐ എം ജില്ലാ സെക്രട്ടറി പി രാജീവ്, ജിസിഡിഎ ചെയര്‍മാന്‍ സി എന്‍ മോഹനന്‍,  മുന്‍ മന്ത്രിമാരായ വയലാര്‍ രവി, ബിനോയ് വിശ്വം, ജസ്റ്റിസ് കെ സുകുമാരന്‍, ജസ്റ്റിസ് രാമചന്ദ്രമേനോന്‍, ജസ്റ്റിസ് ഷാജി പി ചാലി, ജസ്റ്റിസ് അനു ശിവരാമന്‍, ഡോ. കെ എസ് രാധാകൃഷ്ണന്‍, ക്യാന്‍സര്‍ ചികിത്സാ വിദഗ്ധന്‍ ഡോ. വി പി ഗംഗാധരന്‍, എംഎല്‍എമാരായ പി ടി തോമസ്, ഹൈബി ഈഡന്‍, സംഘാടക സമിതി ചെയര്‍മാന്‍ ഡോ. കെ ആര്‍ വിശ്വംഭരന്‍, രവി കുറ്റിക്കാട് തുടങ്ങിയവര്‍ പങ്കെടുത്തു. 

ഷിബുലാല്‍, കുമാരി ഷിബുലാല്‍, സി കെ മേനോന്‍, ഡോ. ഭരതന്‍, ഡോ. സി കെ രാമചന്ദ്രന്‍, പ്രൊഫ. എം കെ പ്രസാദ്, മേജര്‍ ജനറല്‍ ജേക്കബ് കോശി, താജ് ജലീല്‍, ബാലകൃഷ്ണമേനോന്‍, പവിഴം മാധവന്‍നായര്‍, ഡോ. കെ ആര്‍ രാജപ്പന്‍, ഡോ. ജൂലിയറ്റ് ജേക്കബ്, പ്രൊഫ. കെ അരവിന്ദാക്ഷന്‍, ജോര്‍ജ് ചാലപ്പുറത്ത് കോര്‍ എപ്പിസ്കോപ്പ, വി പി മധുസൂദനന്‍ തുടങ്ങിയവരെ ആദരിച്ചു. തുടര്‍ന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. വൈകിട്ട് മഹാരാജകീയത്തിന് കൊടിയിറങ്ങി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home