ad
Deshabhimani

3000 ടണ്‍ അരികൂടി വാങ്ങും

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 05, 2017, 07:41 PM | 0 min read


തിരുവനന്തപുരം > അരിവില നിയന്ത്രിക്കാന്‍ കണ്‍സ്യൂമര്‍ഫെഡ് 3000 ടണ്‍ അരികൂടി വാങ്ങുന്നു. 2500 ടണ്‍ അരി വാങ്ങുന്നതിനുപുറമെയാണിത്. ഇതിനുള്ള ടെന്‍ഡര്‍ നടപടി ആരംഭിച്ചു. ബംഗാളില്‍നിന്നുള്ള സുവര്‍ണ മസൂരി അരിയാണ് വാങ്ങുന്നത്. നിലവില്‍ 800 ടണ്‍ അരി വിവിധ ജില്ലകളിലെത്തിച്ചു. തിങ്കളാഴ്ച 600 ടണ്‍ അരി ജില്ലകളിലെത്തും. പത്തിനുമുമ്പായി 1500 ടണ്‍ എത്തും. സംസ്ഥാന സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ രൂപീകരിച്ച 100 കോടി രൂപയുടെ കണ്‍സോര്‍ഷ്യം മുഖേന സംഭരിച്ച അരിയാണ് വിപണിയിലെത്തുന്നത്. തിങ്കളാഴ്ചമുതല്‍ സഹകരണ അരിക്കടവഴി അരിവിതരണം ആരംഭിക്കും. തിങ്കളാഴ്ച വൈകിട്ട് ഏഴിന് സഹകരണ അരിക്കടയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. തിരുവനന്തപുരം കരകുളം സര്‍വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ഏണിക്കരയിലാണ് ചടങ്ങ്.

  സംസ്ഥാനത്തെ 500 പ്രാഥമികസംഘങ്ങളുടെ കണ്‍സ്യൂമര്‍ സ്റ്റോറുകളിലൂടെയും തെരഞ്ഞെടുത്ത ത്രിവേണി സ്റ്റോറുകളിലൂടെയുമാണ് അരി വിതരണം ചെയ്യുക.  കിലോയ്ക്ക് 27 രൂപ വിലവരുന്ന അരി രണ്ടു രൂപ നഷ്ടം സഹിച്ചാണ് സഹകരണ സംഘങ്ങള്‍ 25 രൂപയ്ക്ക് വിതരണം ചെയ്യുക. തുടക്കത്തില്‍ ഒരു കുടുംബത്തിന് ആഴ്ചയില്‍ അഞ്ചു കിലോ അരിവീതവും തുടര്‍ന്നുള്ള ആഴ്ചകളില്‍ പത്തു കിലോവീതവും നല്‍കും. ഈ രീതിയില്‍ വിഷുവരെ അരിവിതരണം നടത്താനാണ് സര്‍ക്കാര്‍ലക്ഷ്യം.

സപ്ളൈകോ ആന്ധ്രയില്‍നിന്ന് വാങ്ങുന്ന ജയ അരിയില്‍ നാല് ലോഡ് ഞായറാഴ്ച എത്തി. ആയിരം ടണ്ണാണ് ആന്ധ്രയില്‍നിന്ന് കൊണ്ടുവരുന്നത്. അരിക്കടകള്‍വഴിയും സപ്ളൈകോയുടെ വില്‍പ്പനശാലകള്‍വഴിയുമാണ് ഈ അരിവിതരണം. സപ്ളൈകോ നിലവില്‍ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട്, ആലപ്പുഴ, കോട്ടയം, പാലക്കാട് ജില്ലകളില്‍ അരിക്കടകള്‍ ആരംഭിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home