21 September Friday

റോഡ്‌ പുനർനിർമാണം: തകർന്നത‌് 16954 കി.മീ റോഡ‌്, വേണ്ടത‌് 10678 കോടി; പൊതുമരാമത്ത്‌ മന്ത്രി കേന്ദ്രത്തിന്‌ കത്തയച്ചു

സ്വന്തം ലേഖകൻUpdated: Wednesday Sep 5, 2018

തിരുവനന്തപുരം > പ്രളയത്തിൽ തകർന്ന സംസ്ഥാന പാതകളും, പ്രധാന ജില്ലാ റോഡുകളും പുനർനിർമിക്കാൻ സഹായിക്കണമെന്നാവശ്യപ്പെട്ട‌് പൊതുമരാമത്ത‌് മന്ത്രി ജി സുധാകരൻ കേന്ദ്ര റോഡ് ഗതാഗതമന്ത്രി നിതിൻ ഗഡ്കരിക്ക് കത്ത‌യച്ചു. പൊതുമരാമത്ത‌് വകുപ്പ‌ിന‌് കീഴിലുള്ള 16954 കിലോമീറ്റർ റോഡ‌് 901 ഓവുപാലങ്ങൾ, 596 പാലങ്ങൾ, 3496 കിലോമീറ്റർ ഓടകൾ, 192 കിലോമീറ്റർ സംരക്ഷണ ഭിത്തികൾ എന്നിവയാണ‌് ജൂലൈ‐ആഗസ്റ്റ് മാസങ്ങളിലുണ്ടായ കനത്ത മഴയിലും, തുടർന്നുണ്ടായ പ്രളയത്തിലും തകർന്നത‌്.

തകർന്ന റോഡുകൾ പുനർനിർമിക്കുന്നതിനും, അറ്റകുറ്റപ്പണികൾ നടത്തുന്നതിനും 10678 കോടി രൂപ ആവശ്യമായി വരും. ഇത്രയും വലിയ സാമ്പത്തിക ബാധ്യത സംസ്ഥാന സർക്കാരിനു മാത്രമായി ഏറ്റെടുക്കാൻ സാധിക്കില്ല. ലെവൽ﹣3 കലാമിറ്റിയിൽ ഉൾപ്പെടുത്തിയ പ്രളയത്തിൽ തകർന്ന റോഡുകളും പാലങ്ങളും പുനരുദ്ധരിക്കുന്നതിന് കേന്ദ്രധനസഹായം നൽകണം. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന‌് കേന്ദ്രമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിക്കണമെന്നും മന്ത്രി ജി സുധാകരൻ ആവശ്യപ്പെട്ടു.

ഇടുക്കി, വയനാട് ജില്ലകൾ ഉരുൾപൊട്ടൽ, മണ്ണിടിച്ചിൽ, വെള്ളപ്പൊക്കം എന്നിവ മൂലം ഒറ്റപ്പെട്ടു. കണ്ണൂർ, കോഴിക്കോട്, പാലക്കാട്, മലപ്പുറം, തൃശൂർ ജില്ലകളുടെ കിഴക്കൻ മേഖലകളിലുണ്ടായ ഉരുൾപൊട്ടൽമൂലം റോഡുകൾക്ക് സാരമായ കേടുപാടുകളാണ് സംഭവിച്ചത‌്. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂർ, മലപ്പുറം ജില്ലകൾ പ്രളയത്താൽ  ഒറ്റപ്പെട്ടതായും കേന്ദ്രമന്ത്രിക്ക‌് അയച്ച കത്തിൽ പറയുന്നു.


പ്രധാന വാർത്തകൾ
Top