19 November Monday

പുനരധിവാസം ഫലപ്രദമായ പദ്ധതി തയ്യാറാക്കണം: കോടതി

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


കൊച്ചി
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തിൽ പുനരധിവാസത്തിനും നഷ്ടപരിഹാരം നൽകുന്നതിനും ഫലപ്രദമായ പദ്ധതി തയ്യാറാക്കാൻ സർക്കാരിന് ഹൈക്കോടതിയുടെ നിർദേശം. ദുരന്തത്തിനിരയായവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജിയിലാണ് ചീഫ് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് എ കെ ജയശങ്കർ നമ്പ്യാർ എന്നിവർ അടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ നിർദേശം.

എന്തടിസ്ഥാനത്തിലാണ് വീട് നഷ്ടപ്പെട്ടവർക്ക് നാലുലക്ഷവും വീടും സ്ഥലവും നഷ്ടപ്പെട്ടവർക്ക് പത്തുലക്ഷവും എന്ന രീതിയിൽ തുക നിശ്ചയിച്ചതെന്ന് കോടതി ആരാഞ്ഞു. രണ്ടാഴ്ചയ‌്ക്കകം പദ്ധതി തയ്യാറാക്കി സമർപ്പിക്കാൻ കോടതി നിർദേശിച്ചു. നഷ്ടപരിഹാരം പരിഗണിക്കുമ്പോൾ എല്ലാവശങ്ങളും കണക്കിലെടുക്കണമെന്നും അർഹതപ്പെട്ടവരെ കണ്ടെത്തണമെന്നും കോടതി നിർദേശിച്ചു.

സുതാര്യമായും ശാസ്ത്രീയമായും കാര്യങ്ങൾ മുന്നോട്ടുപോകണം, വിദഗ്ധാഭിപ്രായം കണക്കിലെടുക്കണം, നാശനഷ്ടങ്ങളുടെ തോത് അനുസരിച്ചും മുൻഗണനാക്രമത്തിലും നഷ്ടപരിഹാരം നിശ്ചയിക്കണമെന്നും ഇല്ലെങ്കിൽ പരാതി ഉയരുമെന്നും കോടതി പറഞ്ഞു.

പ്രളയക്കെടുതികൾ സംബന്ധിച്ച ഹർജികൾ നാലായി തരംതിരിച്ചു കേൾക്കേണ്ടതുണ്ടെന്നും ചിലതിൽ അടിയന്തര ഉത്തരവ് വേണ്ടതാണെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. പ്രളയത്തിനു കാരണം ഡാമുകൾ തുറന്നുവിട്ടതാണെന്നും മുല്ലപ്പെരിയാറിന്റെ കാര്യത്തിൽ തമിഴ്‌നാടിന് നോട്ടീസ് അയയ്ക്കണമെന്നും ആവശ്യപ്പെട്ട മറ്റൊരു ഹർജിയിൽ തമിഴ്‌നാടിന് നോട്ടീസ് അയയ്ക്കാൻ കോടതി വിസമ്മതിച്ചു.


പ്രധാന വാർത്തകൾ
Top