17 November Saturday

നിരവധി കേസുകളിലെ പ്രതികൾ 3 കിലോ കഞ്ചാവുമായി പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Wednesday Sep 5, 2018


തിരുവനന്തപുരം
കുപ്രസിദ്ധ കള്ളൻ കടയ്ക്കൽ  പ്രവീണിനെയും കൂട്ടാളിയെയും കാറിൽ കടത്തിക്കൊണ്ടുവന്ന മൂന്നു കിലോ കഞ്ചാവുമായി സിറ്റി ഷാഡോ പൊലീസ് പിടികൂടി. കടയ്ക്കൽ  കീരിപ്പുഴ പ്രിയ സദനത്തിൽ കുട്ടപ്പനെന്ന പ്രവീണി (37)നെയും ഇയാളുടെ കൂട്ടാളി ആലുവ സൗത്ത് വാഴക്കുളം പുത്തൻ മാളിയേക്കൽ വീട്ടിൽ  നാഗേന്ദ്രൻ എന്ന നൗഫലി (45)നെയുമാണ് അറസ്റ്റ‌് ചെയ‌്തത‌്.

പ്രവീൺ മറ്റൊരു കേസിൽ മൂന്നുമാസം മുമ്പാണ് ജയിലിൽ നിന്നിറങ്ങിയത്. തുടർന്ന് കൂട്ടാളികളുമായി വൻ കവർച്ച പദ്ധതിയിട്ട ശേഷം അതിനുള്ള പണം സ്വരൂപിക്കുന്നതിനാണ് കഞ്ചാവ് കച്ചവടം നടത്തിയത്.  കഴക്കൂട്ടത്തു നിന്നാണ‌് കാറിൽ  കഞ്ചാവ് കടത്തിക്കൊണ്ടുവന്ന പ്രവീണിനെയും നൗഫലിനെയും പിടികൂടിയത‌്.  ബാങ്കുകളിലും മറ്റു ധനകാര്യ സ്ഥാപനങ്ങളിലും കവർച്ച നടത്തുന്ന പ്രവീണിന്റെ പേരിൽ കുപ്രസിദ്ധ മോഷ്ടാക്കളായ വിമൽരാജ്, ഊപ്പ പ്രകാശ്, ആട് സജി, ബ്ലാക്കി ഷിബു തുടങ്ങി നിരവധി കൂട്ടാളികളുമായി ചേർന്ന് കവർച്ച, പിടിച്ചുപറി, ഭവനഭേദനം, വാഹനമോഷണം നടത്തിയതിന‌് നിരവധി കേസുകളുണ്ട‌്.

തമിഴ്നാട്ടിലെ കരിങ്കല്ല് എന്ന സ്ഥലത്തുള്ള ധനകാര്യ സ്ഥാപനവും വീടും കവർച്ച നടത്തി 240 പവൻ മോഷണം നടത്തിയത്, പാലോട് എസ്ബിഐ ബാങ്കിൽ അടയ‌്ക്കാൻ കൊണ്ടുവന്ന പത്ത് ലക്ഷംരൂപ കവർച്ച നടത്തിയ കേസ‌്, പെരുമ്പാവൂരിൽവച്ച് എസ്ബിഐ ബാങ്കിൽ കൊണ്ടുവന്ന അരലക്ഷം രൂപ പിടിച്ചുപറിച്ച കേസ‌്, മവേലിക്കരയിൽ യുവാവിനെ ആക്രമിച്ച് 35,000 രൂപ പിടിച്ചുപറിച്ച കേസ‌്, മാല പിടിച്ചുപറി, കാർ, ബൈക്ക് മോഷണം തുടങ്ങി നിരവധി കേസുകളാണ് കടയ്ക്കൽ  പ്രവീണിനുള്ളത്.

ഒമ്പത് ടൺ റബർഷീറ്റ് നിറച്ച ലോറി മോഷ്ടിച്ചതിന് വെഞ്ഞാറമൂട് സ്റ്റേഷനിൽ  മുഖ്യപ്രതിയായി കേസുള്ള നൗഫലിന്റെ പേരിൽ  ആലത്തൂർ, ആലുവ, കളമശ്ശേരി, തിരുവല്ലം  തുടങ്ങിയ സ്ഥലങ്ങളിലായി ലോറി മോഷണം, സ്പിരിറ്റ് കടത്ത‌് ഉൾപ്പെടെ നിരവധി കേസുകളാണുള്ളത്.


പ്രധാന വാർത്തകൾ
Top