14 November Wednesday

അഭിമന്യു വധം: ആലപ്പുഴയിൽ നൂറോളം എസ‌്ഡിപിഐക്കാർ കസ‌്റ്റഡിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Jul 5, 2018


ആലപ്പുഴ
എറണാകുളം മഹാരാജാസ‌് കോളേജ‌് വിദ്യാർഥിയും എസ‌്എഫ‌്ഐ ഇടുക്കി ജില്ലാ കമ്മിറ്റി അംഗവുമായ അഭിമന്യുവിന്റെ കൊലപാതക കേസ‌് അന്വേഷണത്തിന്റെ ഭാഗമായി ആലപ്പുഴയിൽ നൂറോളം എസ‌്ഡിപിഐ‐പോപ്പുലർ ഫ്രണ്ട‌് പ്രവർത്തകർ കരുതൽ കസ‌്റ്റഡിയിൽ. കൊലപാതകത്തിൽ നേരിട്ടു പങ്കെടുത്തവർക്ക‌് ആലപ്പുഴയിൽനിന്ന‌് സഹായം ലഭിച്ചിട്ടുണ്ടെന്നാണ‌് പൊലീസ‌് നിഗമനം. പോപ്പുലർ ഫ്രണ്ട‌് ഓഫ‌് ഇന്ത്യ ജില്ലാ പ്രസിഡന്റ‌് നവാസ‌് നൈന, സംഘടനയുടെ രഹസ്യനിരീക്ഷണ ഗ്രൂപ്പിന്റെ  തലവൻ സുധീർ പുന്നപ്ര എന്നിവരുൾപ്പെടെയാണ‌് കസ‌്റ്റഡിയിലുള്ളത‌്. സുധീർ എസ‌്ഡിപിഐ ജില്ലാ കമ്മിറ്റിയംഗമാണ‌്.

എസ‌്ഡിപിഐ ഒാഫീസുകളും പ്രവർത്തകരുടെ വീടുകളും കേന്ദ്രീകരിച്ച‌് ചൊവ്വാഴ‌്ചയാരംഭിച്ച പരിശോധന പൊലീസ‌് തുടരുകയാണ‌്.  വധശ്രമമുൾപ്പെടെ വിവിധ കേസുകളിൽ പ്രതികളായ എസ‌്ഡിപിഐ പ്രവർത്തകരും കസ‌്റ്റഡിയിലുണ്ട‌്. അഭിമന്യുവിന്റെ കൊലപാതകത്തിനു പിന്നാലെ പ്രതികളിൽ ചിലർ ആലപ്പുഴയിലേക്കു കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ‌് പരിശോധന കർശനമാക്കിയത‌്. അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയും മഹാരാജാസിലെ മൂന്നാംവർഷ വിദ്യാർഥിയുമായ മുഹമ്മദ‌് ആലപ്പുഴ അരൂക്കുറ്റി വടുതല സ്വദേശിയാണ‌്. ഇയാൾ എസ‌്ഡിപിഐയുടെ പ്രാദേശിക ഘടകത്തിന്റെ ഭാരവാഹിയും ക്യാംപസ‌് ഫ്രണ്ടിന്റെ ആലപ്പുഴ ജില്ലാ പ്രസിഡന്റുമാണ‌്. മുഹമ്മദുമായി ബന്ധമുള്ള എസ‌്ഡിപിഐ പ്രവർത്തകരെയും പൊലീസ‌് ചോദ്യംചെയ‌്തു.

കസ‌്റ്റഡിയിലെടുത്തവരുടെ ഫോൺരേഖകളും ഇവർ സമീപദിവസങ്ങളിൽ എവിടെയായിരുന്നുവെന്നതും പൊലീസ‌് പരിശോധിക്കുന്നുണ്ട‌്. ഓഫീസുകളിൽനിന്ന‌് കാര്യമായ തെളിവുകൾ ലഭിച്ചിട്ടില്ല. വീടുകളിൽനിന്ന‌് ലഭിച്ച രേഖകളും പരിശോധിച്ചുവരികയാണ‌്. വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട‌ശേഷം നിലവിൽ നാട്ടിൽനിന്നു മാറിനിൽക്കുന്ന എസ‌്ഡിപിഐ‐പോപ്പുലർ
ഫ്രണ്ട‌് പ്രവർത്തകരുടെ വിവരങ്ങളും പൊലീസിന‌് ലഭിച്ചിട്ടുണ്ട‌്. ഇവർക്കായി അന്വേഷണം ഊർജിതമാക്കി. കസ‌്റ്റഡിയിലുള്ളവരുടെ വിവരങ്ങൾ അഭിമന്യു വധക്കേസ‌് അന്വേഷിക്കുന്ന കൊച്ചി സിറ്റി പൊലീസിന‌് കൈമാറിയിട്ടുണ്ടെന്ന‌് ആലപ്പുഴ ജില്ലാ പൊലീസ‌് മേധാവി എസ‌് സുരേന്ദ്രൻ പറഞ്ഞു.

അഭിമന്യുവിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച‌് ചാരുംമൂട്ടിൽ പ്രകടനം നടത്തിയ എസ‌്എഫ‌്ഐക്കാരെ ആക്രമിച്ച നാല‌് എസ‌്ഡിപിഐക്കാരെ പൊലീസ‌് അറസ‌്റ്റ‌്ചെയ‌്തിരുന്നു. അതിനിടെ പൊലീസ‌് പരിശോധനയിൽ പ്രതിഷേധിച്ച‌് വിവിധയിടങ്ങളിൽ എസ‌്ഡിപിഐക്കാർ പ്രകടനം നടത്തി.

ഇടുക്കിയിൽ 68 എസ്ഡിപിഐ പ്രവർത്തകർ കസ്​റ്റഡിയിൽ

ഇടുക്കി
2എറണാകുളം മഹാരാജാസ് കോളേജിൽ എസ്​എഫ്​ഐ നേതാവ്​ അഭിമന്യു
കുത്തേറ്റുമരിച്ചതിനെ തുടർന്ന് സംസ്ഥാന വ്യാപകമായി പൊലീസ് നടത്തിയ മുൻകരുതൽ അറസ്​റ്റിന്റെ ഭാഗമായി ഇടുക്കി ജില്ലയിൽ ബുധനാഴ്​ച 68 പേരെ കസ്​റ്റഡിയിൽ എടുത്തു. ഇവരിൽനിന്ന്​ വിവരങ്ങൾ രേഖപ്പെടുത്തി സ്​റ്റേഷനിൽ കരുതൽ തടങ്കലി​ൽവച്ചശേഷം കൂടുതൽപേരെയും വൈകിട്ട‌് വിട്ടയച്ചു.

  നെടുങ്കണ്ടം മേഖലയിൽനിന്നാണ്​ ഏറ്റവും കൂടുതൽപേർ അറസ്​റ്റിലായത്​. അടിമാലി, പീരുമേട്​, വണ്ടിപ്പെരിയാർ, കട്ടപ്പന, തൊടുപുഴ പ്രദേശങ്ങളിൽനിന്നും എസ്​ഡിപിഐ പ്രവർത്തകരെ കസ്​റ്റഡിയിലെടുത്തു. അടിമാലിയിൽനിന്ന്​ 12 പേരെയും പീരുമേട്ടിൽനിന്ന്​ നാലുപേരെയുമാണ്​ കസ്​റ്റഡിയിലെടുത്തത്​. വണ്ടിപ്പെരിയാർ, കുമളി എന്നിവിടങ്ങളിൽനിന്ന്​ ഏഴുപേരെയും നെടുങ്കണ്ടം മേഖലയിൽ നിന്ന്​ 17 പേരെയും പൊലീസ് കസ്​റ്റഡിയിലെടുത്തു. എറണാകുളം മഹാരാജാസ് കോളേജിൽ അഭിമന്യു കൊല്ലപ്പെട്ട സംഭവത്തിൽ എസ്​ഡിപിഐക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിലാണ് കരുതൽ അറസ്​റ്റുണ്ടായതെന്ന്​ പൊലീസ്​ പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top