ജവാന്റെ മൃതദേഹത്തോട് സേനയുടെ അനാദരവ്

തിരുവനന്തപുരം/കൊല്ലം > നാസിക്കിലെ സേനാകേന്ദ്രത്തില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച മലയാളിജവാന്റെ മൃതദേഹത്തോട് സേനയുടെ കടുത്ത അനാദരവ്. കൊല്ലം പവിത്രേശ്വരം കാരുവേലില്‍ ചെറുകുളത്തുവീട്ടില്‍ റോയി മാത്യു (33)വിന്റെ മൃതദേഹത്തോടാണ് സേന അവഗണന കാട്ടിയത്.
ശനിയാഴ്ച രാവിലെ ഒമ്പതിന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങാന്‍ പാങ്ങോട് സൈനികകേന്ദ്രത്തിലെ പ്രധാന ഉദ്യോഗസ്ഥര്‍ ആരുമെത്തിയില്ല. മൃതദേഹം ഒരുമണിക്കൂറോളം ട്രോളിയില്‍ അനാഥമായി കിടത്തി. വിമാനത്തില്‍നിന്നിറക്കി അരമണിക്കൂര്‍ കഴിഞ്ഞാണ് ദേശീയപതാക പുതപ്പിച്ചത്. മൃതദേഹം ഏറ്റുവാങ്ങാനോ ആംബുലന്‍സില്‍ കയറ്റാനോ സൈനികര്‍ തയ്യാറായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു.
മൃതദേഹം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യണമെന്ന ബന്ധുക്കളുടെ ആവശ്യം സൈനികര്‍ നിഷേധിച്ചത് പ്രതിഷേധത്തിനിടയാക്കി. നാസിക്കിലെ സൈനികാസ്ഥാനത്തുനിന്ന് അനുമതി ലഭിച്ചശേഷമേ വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താനാകൂവെന്ന് സൈനികര്‍ പറഞ്ഞു. തര്‍ക്കങ്ങള്‍ക്കൊടുവില്‍ സ്ഥലത്തുണ്ടായിരുന്ന സൈനികര്‍ ഉന്നതോദ്യോഗസ്ഥരുമായി സംസാരിച്ചശേഷം വീണ്ടും പോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ അനുമതി നല്‍കി. മൃതദേഹം ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സൈനികര്‍ തടയാന്‍ ശ്രമിച്ചതും പ്രശ്നങ്ങള്‍ക്കിടയാക്കി. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ ഇടപെടലിനെതുടര്‍ന്നാണ് മൃതദേഹം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്. വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്താന്‍ കൊല്ലം കലക്ടര്‍ അനുമതി നല്‍കിയിരുന്നു. കൊല്ലം എഡിഎമ്മിന്റെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി വീണ്ടും പോസ്റ്റുമോര്‍ട്ടം നടത്തി. പകല്‍ രണ്ടരയോടെ സ്വദേശത്തേക്ക് കൊണ്ടുപോയി.
ജോലിസ്ഥലത്തെ മേലുദ്യോഗസ്ഥരുടെ പീഡനത്തെക്കുറിച്ച് മഹാരാഷ്ട്രയിലെ ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ റോയി ഉള്‍പ്പെടെ നാല് സൈനികര്‍ വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലിചെയ്യേണ്ടി വരുന്നതിനെക്കുറിച്ചും നായയെ നടത്തിക്കാന്‍ കൊണ്ടുപോകല്‍, മേലുദ്യോഗസ്ഥരുടെ ഭാര്യമാരെ ബ്യൂട്ടി പാര്‍ലറുകളിലും ചന്തയിലും കൊണ്ടുപോകല്‍ തുടങ്ങിയ ജോലികളും ചെയ്യേണ്ടിവരുന്നതും ഇവര്‍ വിശദീകരിച്ചു. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിനു പിന്നാലെയാണ് സേനാ കേന്ദ്രത്തിനടുത്ത് റോയിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്.
പവിത്രേശ്വരം മലനട കെഎന്‍എന്‍എം വിഎച്ച്എസ്എസില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു. തുടര്‍ന്ന് കാരുവേലിലെ വീട്ടിലെത്തിച്ചു. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വീട് സന്ദര്‍ശിച്ച് ബന്ധുക്കളെ ആശ്വസിപ്പിച്ചു. സമൂഹത്തിന്റെ നാനാതുറകളിലുള്ളവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു. കാരുവേലില്‍ മലങ്കര കാത്തലിക് പളളിസെമിത്തേരിയില്‍ സൈനിക ബഹുമതികളോടെ സംസ്കരിച്ചു.










0 comments