Top
23
Thursday, November 2017
About UsE-Paper
പദ്ധതി കേരളത്തിന് മുതല്‍കൂട്ടെന്ന് നിയമസഭയില്‍ പറഞ്ഞു

ഭരണത്തിലിരുന്നപ്പോള്‍ 'വ്യാവസായിക ഇടനാഴി'; ഗെയില്‍ പദ്ധതിയില്‍ യുഡിഎഫും കുഞ്ഞാലിക്കുട്ടിയും നടത്തുന്നത് ഇരട്ടത്താപ്പ് , കൂടുതല്‍ തെളിവുകള്‍ പുറത്ത്

Saturday Nov 4, 2017
വെബ് ഡെസ്‌ക്‌

തിരുവനന്തപുരം > ഭരണത്തിലായിരുന്നപ്പോള്‍ കേരളത്തിന്റെ വ്യാവസായിക ഇടനാഴിയെന്ന് വിശേഷിപ്പിച്ച പദ്ധതി ഇപ്പോള്‍ യുഡിഎഫിന് 'ആശങ്ക' ഉണര്‍ത്തുന്നത് നിയമസഭയിലടക്കം പറഞ്ഞതില്‍ നിന്നുള്ള മലക്കം മറിച്ചില്‍. കൊച്ചിയില്‍നിന്ന് മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും പ്രകൃതിവാതകം കൊണ്ടുപോകുന്ന പദ്ധതിയെയാണ് നിയമസഭയില്‍ കേരളത്തിന്റെ വികസന ഇടനാഴിയായി യുഡിഎഫ് വിശേഷിപ്പിച്ചത്. പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനെതിരെ ഒരുവിഭാഗം നടത്തുന്ന സമരത്തെ പിന്തുണയ്ക്കുമ്പോള്‍ അന്തിമഘട്ടത്തിലെത്തിനില്‍ക്കുന്ന പദ്ധതിക്ക് ഇടങ്കോലിടുകയാണ് അന്നത്തെ വ്യവസായമന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടി.

തെറ്റായ പ്രചാരണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗെയില്‍ പൈപ്പ്ലൈന്‍ പദ്ധതിക്കെതിരെ എതിര്‍പ്പുണ്ടായതെന്നും മുഖ്യധാരാ രാഷ്ട്രീയപാര്‍ടികള്‍ ആരും ഇതിനെ എതിര്‍ക്കുന്നില്ലെന്നുമാണ് 2014 ജനുവരി 20ന് നിയമസഭയില്‍ ശ്രദ്ധക്ഷണിക്കലിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നല്‍കിയ മറുപടി.
നിയമസഭയില്‍ 2015 ഡിസംബര്‍ എട്ടിന് ഇ ചന്ദ്രശേഖരന്റെ  ചോദ്യത്തിനുള്ള മറുപടിയിലാണ് വ്യവസായമന്ത്രിയായിരുന്ന കുഞ്ഞാലിക്കുട്ടി ഗെയില്‍ പദ്ധതിയെ കേരളത്തിന്റെ വ്യവസായ ഇടനാഴിയായി ഉയര്‍ത്തിക്കാട്ടിയത്. 2355-ാം നമ്പര്‍ ചോദ്യത്തിലെ പദ്ധതിയുടെ ലക്ഷ്യങ്ങള്‍ വിശദീകരിക്കാമോ എന്ന ഉപചോദ്യത്തിനാണ് വ്യവസായമന്ത്രിയുടെ മറുപടി. നിയമസഭയിലെ ചോദ്യത്തരങ്ങള്‍ വായിക്കാം

'ഭാവിയിലെ ഊര്‍ജസ്രോതസ്സായ പ്രകൃതിവാതകം സംസ്ഥാനത്ത് ലഭ്യമാക്കുകവഴി ഗെയില്‍ പൈപ്പ്ലൈന്‍ സംസ്ഥാനത്തിന്റെ ഒരു വ്യാവസായിക ഇടനാഴിയായി രൂപപ്പെടുകയും വളരെയധികം വ്യവസായങ്ങള്‍ കേരളത്തിലേക്ക് ആകര്‍ഷിക്കപ്പെടുകയുംചെയ്യും. മറ്റ് ഇന്ധനങ്ങളെ അപേക്ഷിച്ച് അന്തരീക്ഷമലിനീകരണം വളരെ കുറവായതിനാല്‍ ഇത് ഹരിതഇന്ധനം എന്ന് അറിയപ്പെടുന്നു' എന്നാണ് മറുപടി.

കേരളത്തില്‍ ഇപ്പോള്‍ നിലവിലുള്ള പാചക വാതക ക്ഷാമം പരിഹരിക്കുവാന്‍ എല്‍പിജിയേക്കാള്‍ ചെലവ് കുറഞ്ഞ പ്രകൃതി വാതകത്തിന് ഒരു പരിധിവരെ കഴിയുമെന്നും മറുപടിയില്‍ പറയുന്നു. പൈപ്പ് ലൈന്‍ കടന്നുപോകുന്ന എല്ലാ നഗരങ്ങളിലും വീടുകളില്‍ പൈപ്പിലൂടെ പ്രകൃതി വാതക വിതരണവും വാഹനങ്ങളില്‍ ചെലവുകുറഞ്ഞ സിഎന്‍ജി വിതരണവും ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു എന്നാണ് രേഖാമൂലം നല്‍കിയ മറുപടിയിലുള്ളത്. ഗെയില്‍ പൈപ്പ് ലൈനിലൂടെയുള്ള വാതകം വ്യവസായ ആവശ്യത്തിനുമാത്രമുള്ളതാണെന്നും ഗാര്‍ഹികാവശ്യത്തിനും വാഹന ഇന്ധനമായും ഉപയോഗിക്കാനാവില്ലെന്നുമാണ് സമരക്കാരുടെ വാദം. ഇതിനെയാണ് യുഡിഎഫ് പിന്തുണയ്ക്കുന്നത്. ഈ പദ്ധതി സംസ്ഥാനത്തിന്റെ അടിസ്ഥാനമേഖലയുടെ വികസനത്തിന് മുതല്‍ക്കൂട്ടാണെന്നാണ് 2015 ജൂണ്‍ 29ന് ഡോ. തോമസ് ഐസക്കിന്റെ ചോദ്യത്തിന് മറുപടിയായി കുഞ്ഞാലിക്കുട്ടി പറഞ്ഞത്. എല്‍എന്‍ജി ടെര്‍മിനലിന്റെ ഉപയോഗം 100 ശതമാനം പ്രയോജനപ്പെടുത്തുന്നതിലൂടെ സംസ്ഥാന സര്‍ക്കാരിന് പ്രതിവര്‍ഷം കോടിക്കണക്കിന് രൂപയുടെ വരുമാനം ലഭിക്കുമെന്നും വ്യക്തമാക്കുന്നു.

പദ്ധതി കേരളത്തിന്റെ വികസനത്തിന് മുതല്‍ക്കൂട്ടാണെന്നും വിവിധ മാധ്യമങ്ങള്‍വഴി ഇക്കാര്യങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിച്ചെന്നും രേഖാമൂലം നല്‍കിയ മറുപടിയില്‍ പറയുന്നു. മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കുമുള്ള പൈപ്പ്ലൈന്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ വിവിധ ആവശ്യങ്ങളും അനാവശ്യ തടസ്സവാദങ്ങളുംനിമിത്തം നിലച്ചിരിക്കുകയാണെന്ന് 2014 ജനുവരി 23ന് ഇ പി ജയരാജന്‍, ടി വി രാജേഷ്, കെ കുഞ്ഞിരാമന്‍, ടി ദാസന്‍ എന്നിവര്‍ക്ക് നല്‍കിയ മറുപടിയില്‍ പി കെ കുഞ്ഞാലിക്കുട്ടി വ്യക്തമാക്കിയിരുന്നു. ഈ തടസ്സവാദങ്ങള്‍ക്കൊപ്പമാണ് ഇപ്പോള്‍ കുഞ്ഞാലിക്കുട്ടിയും യുഡിഎഫ് നേതാക്കളും കൈകോര്‍ത്തിരിക്കുന്നത്. കായംകുളം എന്‍ടിപിസിയിലേക്കുള്ള പൈപ്പിടല്‍ പൂര്‍ത്തിയായാല്‍മാത്രമേ തെക്കന്‍ കേരളത്തിലേക്കുള്ള ഗെയില്‍ പൈപ്പ്ലൈന്‍ യാഥാര്‍ഥ്യമാകൂ എന്നും മറുപടിയില്‍ പറയുന്നു.

Related News

കൂടുതൽ വാർത്തകൾ »