Top
20
Monday, November 2017
About UsE-Paper

ലീഗ്-കോണ്‍ഗ്രസ് ഏറ്റുമുട്ടല്‍ : 'പടയൊരുക്ക'ത്തില്‍ തമ്മിലടി

Saturday Nov 4, 2017
വെബ് ഡെസ്‌ക്‌

 കണ്ണൂര്‍ > രമേശ് ചെന്നിത്തലയുടെ പടയൊരുക്കം കടന്നുപോകുന്ന സ്ഥലങ്ങളിലൊക്കെ പാളയത്തില്‍ പട. തളിപ്പറമ്പില്‍ ജാഥയുടെ സ്വീകരണം കഴിഞ്ഞ് മടങ്ങുന്നതിനുമുമ്പ് നേതാക്കളുടെ മുന്നില്‍വച്ച് ലീഗുകാരും കോണ്‍ഗ്രസുകാരും തമ്മില്‍ ഏറ്റുമുട്ടി. കൊളച്ചേരിയില്‍നിന്ന് എത്തിയ കോണ്‍ഗ്രസ്സുകാരെ തളിപ്പറമ്പിലെ ലീഗുകാര്‍ ആക്രമിച്ചതായിരുന്നു തുടക്കം.  

കൊളച്ചേരിയിലുള്ളവര്‍ സംഘടിച്ചെത്തിയതോടെ പൊലീസ് ഇടപെട്ട് ശാന്തമാക്കി. ചെന്നിത്തലയുടെ സാന്നിധ്യത്തിലായിരുന്നു പരസ്പരം കൊമ്പുകോര്‍ക്കല്‍. ജില്ലയുടെ പലഭാഗങ്ങളിലും ലീഗ്- കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം നിലനില്‍ക്കുകയാണ്. അതിന്റെ നേരിയ പ്രതിഫലനം മാത്രമായിരുന്നു തളിപ്പറമ്പിലേത്. ലീഗ് നേതാക്കള്‍ യുഡിഎഫ് അണികളെ ബോധ്യപ്പെടുത്താന്‍ വേദിയില്‍ എത്തുന്നുണ്ടെങ്കിലും പ്രവര്‍ത്തകര്‍ തമ്മിലുള്ള അസ്വാരസ്യം പാരമ്യത്തിലാണ്.

അഴിമതി ആരോപണ വിധേയമായവരെയും കളങ്കിതരെയും ചടങ്ങില്‍നിന്ന് ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച പടയൊരുക്കത്തിന്റെ തളിപ്പറമ്പിലെ വേദിയില്‍ വ്യാജ കോഴ്സ് നടത്തി സര്‍ട്ടിഫിക്കറ്റ് നല്‍കിയതിന് പൊലീസ് പിടിയിലായയാളും സജീവമായിരുന്നു. സോളാര്‍കേസില്‍ ആരോപണ വിധേയനായ എ പി അബ്ദുള്ളക്കുട്ടി ചെന്നിത്തലയുടെ വാര്‍ത്താസമ്മേളനത്തിലും പങ്കെടുത്തു.

കെപിസിസി പുനഃസംഘടിപ്പിക്കലുമായി ബന്ധപ്പെട്ട തര്‍ക്കം ജില്ലയില്‍ രൂക്ഷമായതിനാല്‍ കോണ്‍ഗ്രസ് നേതാക്കളില്‍ പലരും  വിട്ടുനില്‍ക്കുകയാണ്. കെ സുധാകരനടക്കമുള്ളവര്‍ പേരിന് മാത്രമാണ് വേദി പങ്കിട്ടത്. അതിനിടെ പ്രതിപക്ഷനേതാവിന് സുരക്ഷയൊരുക്കാന്‍ നിയോഗിക്കപ്പെട്ട പൊലീസുകാര്‍ ചെന്നിത്തലയെ ചുമലിലേറ്റി തളിപ്പറമ്പിലെ വേദിയിലെത്തിച്ചത് വിവാദമായി. ഇത്് നിയമവിരുദ്ധ നടപടിയാണെന്നാണ് വിലയിരുത്തല്‍.