21 September Friday

85 കോടി സമാഹരിക്കുക ലക്ഷ്യം നവകേരള ഭാഗ്യക്കുറി വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

നവകേരള ഭാഗ്യക്കുറിയുടെ ആദ്യ വിൽപ്പന മന്ത്രി തോമസ് ഐസക് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയ്‌ക്ക്‌ നൽകി ഉദ്ഘാടനം ചെയ്തപ്പോൾ. മന്ത്രിമാരായ ജി സുധാകരൻ, പി തിലോത്തമൻ എന്നിവർ സമീപം

ആലപ്പുഴ
പ്രളയാനന്തര പുനർനിർമാണത്തിനുവേണ്ടി സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കിയ നവകേരള ഭാഗ്യക്കുറിയുടെ സംസ്ഥാനതല പ്രകാശനം ആലപ്പുഴയിൽ നടന്നു. സാധാരണ ഭാഗ്യക്കുറിയിൽ നിന്ന്  വ്യത്യസ്തമായി വലിയ സമ്മാനങ്ങൾ ഇല്ലാതെയാണ് നവകേരള ഭാഗ്യക്കുറിയുടെ സമ്മാന ഘടന. ഭാഗ്യക്കുറിയിലൂടെ പരമാവധി 85 കോടി രൂപ അറ്റാദായമായി സമാഹരിക്കുകയാണ് ലക്ഷ്യം.  ലഭിക്കുന്ന തുക പൂർണമായും ദുരിതാശ്വാസ, പുനർ നിർമാണ പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കും.

ആലപ്പുഴ സ‌്ത്രീ സൗഹൃദ  കേന്ദ്രത്തിൽ സംഘടിപ്പിച്ച  ചടങ്ങിൽ നവകേരള ലോട്ടറി ടിക്കറ്റ്  മന്ത്രി തോമസ് ഐസക്കിൽ നിന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല  ഏറ്റുവാങ്ങി.  മന്ത്രി ജി സുധാകരൻ അധ്യക്ഷനായി. മന്ത്രി പി തിലോത്തമൻ ആദ്യ വിൽപ്പന നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി വേണുഗോപാൽ,  കലക്ടർ എസ് സുഹാസ്,  സംസ്ഥാന ഭാഗ്യക്കുറി  വകുപ്പ്  ഡയറക്ടർ എം അഞ്ജന ,  ജോയിന്റ് ഡയറക്ടർ ജി ഗീതാദേവി എന്നിവർ സംസാരിച്ചു.

ഒന്നാം സമ്മാനമായി ഒരു ലക്ഷം രൂപ വീതം 90 പേർക്ക് ലഭിക്കും. 5,000 രൂപ വീതമുള്ള 100800 സമ്മാനങ്ങളും നൽകും. 250 രൂപയാണ് ടിക്കറ്റ് വില. ഒക്ടോബർ മൂന്നിനാണ് നറുക്കെടുപ്പ്. ഭാഗ്യക്കുറിയുടെ സ്ഥിരം ഏജന്റുമാർക്ക് പുറമെ താൽപര്യമുള്ള വ്യക്തികൾ, സന്നദ്ധ സാംസ്‌കാരിക സംഘടനകൾ, സർവീസ് സംഘനകൾ, ക്ലബുകൾ, സ്‌കൂൾ‐കോളേജ് പിടിഎകൾ, റസിഡന്റ്സ് അസോസിയേഷനുകൾ, മറ്റ് കൂട്ടായ‌്മകൾ എന്നിവർക്കും നവകേരള' ഭാഗ്യക്കുറി വില്പനയ‌്ക്കായി താത്ക്കാലിക ഏജൻസി ലഭിക്കും. സൗജന്യമായാണ് ഏജൻസി ലഭിക്കുക. ഇതിനായി ചുമതലപ്പെട്ടവർ ആധാർ കാർഡ്/വിലാസം തെളിയിക്കുന്ന രേഖയുമായി അതത് ഭാഗ്യക്കുറി ജില്ല/സബ് ഓഫീസിൽ ബന്ധപ്പെടണം.  ടിക്കറ്റിന് 25 ശതമാനം  ഏജൻസി കമീഷൻ ലഭിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
Top