22 October Monday

വെളിയത്തുനാട് സഹ. ബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018

ആലങ്ങാട് > വായ്പ നല്‍കിയതില്‍ ക്രമക്കേട് നടത്തിയതിന്റെ പേരില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള വെളിയത്തുനാട് സഹകരണബാങ്ക് ഭരണസമിതി പിരിച്ചുവിട്ടു. ബാങ്ക് ഭരണത്തിന് അഡ്മിനിസ്ട്രേറ്ററെ ഏര്‍പ്പെടുത്തി. നിയമനടപടി നേരിടുന്ന വസ്തുവിന്മേല്‍ മതിയായ രേഖകളില്ലാതെ 23 ലക്ഷത്തോളം രൂപ വായ്പ അനുവദിച്ചു നഷ്ടംവരുത്തിയതായി കണ്ടെത്തിയതിനെത്തുടര്‍ന്നാണ് സഹകരണവകുപ്പ് ജോയിന്റ് രജിസ്ട്രാറുടെ നടപടി.

ഉടമസ്ഥാവകാശം സംബന്ധിച്ച് പറവൂര്‍ മുന്‍സിഫ് കോടതിയില്‍ കേസ് നടക്കുന്ന വസ്തുവിന്മേല്‍ ഒരേ കുടുംബത്തിലെ അഞ്ചുപേര്‍ക്കായി 23 ലക്ഷം രൂപയാണ് ബാങ്ക് വായ്പ നല്‍കിയത്. പലിശയടക്കം 36 ലക്ഷത്തോളം രൂപയാണ് കുടിശ്ശിക. കരുമാല്ലൂര്‍ വെളിയത്തുനാട് ചെമ്പിക്കാട് വേഴപ്പിള്ളില്‍ മുഹമ്മദ്റാഫി ഭാര്യ സെമിന്‍ റാഫിയുടെ പേരില്‍ 2008ല്‍ രജിസ്റ്റര്‍ചെയ്ത ആധാരമാണ് വായ്പയ്ക്കായി പരിഗണിച്ചത്. മുന്നാധാരവും കരമടച്ച രസീതുമില്ലാതെയാണ് ഈ ആധാരത്തിന്റെ രജിസ്ട്രേഷന്‍നടത്തിയിട്ടുള്ളത്. ഇതുസംബന്ധിച്ച് വ്യാജരേഖ ചമച്ചതിന് വെളിയത്തുനാട് സ്വദേശി വി എ അബ്ദുല്‍മാലിക് ഔറംഗസേബ് നല്‍കിയ പരാതിയില്‍ വിജിലന്‍സ് കേസും നിലവിലുണ്ട്.

കേസ് നിലനില്‍ക്കേ ഈ ആധാരത്തിന്മേല്‍ മുഹമ്മദ് റാഫി, ഭാര്യ സെമിന്‍ റാഫി, സഹോദരങ്ങളായ മുഹമ്മദ് മദനി, മുഹമ്മദ് നസീര്‍, സഹോദരപത്നി തനുജ ഫൌസിയത് എന്നിവരുടെ പേരില്‍ വെളിയത്തുനാട് സഹകരണബാങ്കില്‍നിന്ന് 23 ലക്ഷം രൂപ വായ്പയെടുക്കുകയായിരുന്നു. 2013 മാര്‍ച്ച് 31 മുതല്‍ മെയ് 22 വരെയുള്ള കാലയളവിലാണ് ഈ ഇടപാടുകളത്രയും നടന്നത്. വസ്തു ഈട് വായ്പയോടൊപ്പം നിര്‍ബന്ധമായും ഉണ്ടായിരിക്കേണ്ട മുന്നാധാരപകര്‍പ്പ്, ലൊക്കേഷന്‍ സ്കെച്ച്, റേഷന്‍കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഇല്ലാതെയാണ് വായ്പ അനുവദിച്ചത്.

ചതുപ്പുനിലം ഈടാക്കി കാര്‍ഷികവായ്പ മാത്രമേ അനുവദിക്കാവൂ എന്നിരിക്കെ ബിസിനസ് ആവശ്യത്തിനായാണ് അഞ്ചു വായ്പകളും നല്‍കിയത്. ബാങ്ക് പ്രസിഡന്റായിരുന്ന എസ് ബി ജയരാജന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായിരിക്കെ സ്ഥലം സന്ദര്‍ശിച്ചു നല്‍കിയ പരിശോധന റിപ്പോര്‍ട്ട് മാത്രം പരിഗണിച്ചാണ് സ്ഥല രൂപരേഖപോലും ആവശ്യപ്പെടാതെ വായ്പ അനുവദിച്ചത്.  50 സെന്റ് ചതുപ്പുനിലത്തിന് 27 ലക്ഷം വിലമതിക്കുമെന്നായിരുന്നു  റിപ്പോര്‍ട്ട്. മൂന്നു തിരിച്ചടവുകള്‍ മുടക്കിയാല്‍ മുതലും പലിശയും ഈടാക്കാന്‍ നിയമനടപടി ആരംഭിക്കണമെന്നിരിക്കെ, 10 ലക്ഷംരൂപ അനുവദിച്ച് തിരികെ അടയ്ക്കാതിരുന്നിട്ടും മൂന്നുവര്‍ഷത്തോളം ഭരണസമിതി ഇടപാടുകാര്‍ക്കെതിരെ ഒരു നീക്കവും നടത്തിയില്ല. കൂടാതെ മറ്റ് അഞ്ചുപേരുടെ വായ്പകള്‍കൂടി ഈ വസ്തുവിന്മേല്‍ മുതല്‍കൂട്ടിയതായും അന്വേഷണത്തില്‍ കണ്ടെത്തി. ഇതുസംബന്ധിച്ചു ലഭിച്ച പരാതിയില്‍ ജോയിന്റ് രജിസ്ട്രാര്‍ പറവൂര്‍ അസി. റജിസ്ട്രാറെക്കൊണ്ട് അന്വേഷണം നടത്തിച്ചിരുന്നു. 2016 ഒക്ടോബറില്‍ത്തതന്നെ ക്രമക്കേടു കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് ജോയിന്റ് രജിസ്ട്രാര്‍ സമര്‍പ്പിച്ചിരുന്നു.

ഭരണസമിതി പിരിച്ചുവിട്ട തീരുമാനത്തിനു പിന്നാലെ ബുധാനാഴ്ച രാവിലെയാണ് അഡ്മിനിസ്ട്രേറ്ററായി അസി. റജിസ്ട്രാര്‍ ഉണ്ണിക്കൃഷ്ണന്‍നമ്പൂതിരി ചുമതലയേറ്റത്. 24 വര്‍ഷത്തോളം തുടര്‍ച്ചയായി ബിജെപി ഭരണം കയ്യാളുന്ന സംഘമാണിത്. സമാനമായ രീതിയില്‍ ക്രമക്കേടുകള്‍ ഇനിയും നടന്നിരിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇടപാടുകളെക്കുറിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്ന് എല്‍ഡിഎഫ്് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ബാങ്ക് ഭരണസമിതിക്കെതിരെ പന്തംകൊളുത്തി പ്രകടനം നടന്നു. 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top