25 April Wednesday

ബിജെപി-കോണ്‍ഗ്രസ് സഖ്യം പിന്തുണച്ചു; കേരളാകോണ്‍ഗ്രസ് എമ്മിന് പ്രസിഡന്റ് സ്ഥാനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 4, 2018


കുറവിലങ്ങാട് > ബിജെപി-കോണ്‍ഗ്രസ് സഖ്യത്തിന്റെ പിന്തുണയോടെ കേരളാ കോണ്‍ഗ്രസ് എമ്മിന് ഉഴവൂര്‍ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ലഭിച്ചു. സിപിഐ എമ്മിന്റെ ഡോ. സിന്ധുമോള്‍ ജേക്കബ്ബിനെതിരെ നാലിനെതിരെ എട്ടുവോട്ട് നേടിയാണ് കേരളാ കോണ്‍ഗ്രസ് എമ്മിന്റെ ഷേര്‍ളി രാജു വിജയിച്ചത്.

കോണ്‍ഗ്രസിന്റെ എം ടി മേരി രണ്ടുവര്‍ഷം കാലാവധി പൂര്‍ത്തിയാക്കി രാജിവച്ചതിനെത്തുടര്‍ന്നായിരുന്നു തെരഞ്ഞെടുപ്പ്. എല്‍ഡിഎഫ് 4, കേരളാ കോണ്‍ഗ്രസ് എം 4, കോണ്‍ഗ്രസ് 3, ബിജെപി 2 എന്നിങ്ങനെയാണ് പഞ്ചായത്തിലെ കക്ഷിനില. കോണ്‍ഗ്രസ് അംഗമായ തോമസ് ജോസഫ് വിദേശത്ത് ആയിരുന്നതിനാല്‍ വോട്ടെടുപ്പില്‍ പങ്കെടുത്തില്ല. ഷേര്‍ളി രാജുവിനെ പിന്തുണച്ച് ബിജെപിയിലെ രണ്ട് അംഗങ്ങളും വോട്ട് ചെയ്തു. കാലാവധി പൂര്‍ത്തിയാക്കിയ വൈസ് പ്രസിഡന്റ് പി എല്‍ എബ്രഹാം രാജിവയ്ക്കുന്ന ഒഴിവില്‍ ബിജെപിക്ക് വൈസ് പ്രസിഡന്റ് സ്ഥാനവും അവസാനത്തെ ഒരുവര്‍ഷം പ്രസിഡന്റ് സ്ഥാനവും നല്‍കാന്‍ ഇരുപാര്‍ടികളുമായി ധാരണയുണ്ട്.
ബിജെപി പിന്തുണയോടെ ഉഴവൂരില്‍ യുഡിഎഫിന് പ്രസിഡന്റുസ്ഥാനം വേണ്ടെന്ന നിലപാടാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം ആദ്യഘട്ടത്തില്‍ സ്വീകരിച്ചത്. എന്നാല്‍ വോട്ടെടുപ്പിന്റെ തലേദിവസം ഡിസിസി ആസ്ഥാനത്ത് വിളിച്ച യോഗത്തില്‍ പ്രസിഡന്റ് ജോഷിഫിലിപ്പ് കോണ്‍ഗ്രസ് അംഗങ്ങള്‍ ഷേര്‍ളി രാജുവിന് വോട്ട് ചെയ്യണമെന്ന് വിപ്പ് നല്‍കുകയായിരുന്നു.

പ്രധാന വാർത്തകൾ
Top