16 December Sunday

ഗെയില്‍ പദ്ധതി:ആശങ്ക വേണ്ട; തനിയെ തീപിടിക്കില്ല

വെബ് ഡെസ്‌ക്‌Updated: Friday Nov 3, 2017


കോഴിക്കോട് > ഗെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ബോധപൂര്‍വമായ ശ്രമങ്ങള്‍ നടക്കുന്നതായി വിലയിരുത്തല്‍. ഇല്ലാത്ത കാര്യങ്ങള്‍ പ്രചരിപ്പിച്ച് ജനങ്ങളുടെ ആശങ്ക വര്‍ധിപ്പിക്കുന്നു. കേട്ടുകേള്‍വിയില്ലാത്ത കാര്യങ്ങളാണ് പലരും പ്രചരിപ്പിക്കുന്നതെന്ന് ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യ ലിമിറ്റഡ്(ഗെയില്‍) ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ എം വിജു പറഞ്ഞു. യാഥാര്‍ഥ്യം ജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ശ്രമം തുടരുന്നു.

എറണാകുളം പുതുവൈപ്പില്‍നിന്ന് പാലക്കാട് ജില്ലയിലെ കൂറ്റനാട്ടെത്തി അവിടെനിന്നും മംഗളൂരുവിലേക്കും ബംഗളൂരുവിലേക്കും പൈപ്പുവഴി പ്രകൃതിവാതകം കൊണ്ടുപോകുന്നതാണ്  പദ്ധതി. 2018 ജൂണില്‍ കമീഷന്‍ ചെയ്യുകയാണ് ലക്ഷ്യം. കേരളത്തില്‍ 460 കിലോമീറ്റര്‍ നീളത്തിലാണ് പൈപ്പ് സ്ഥാപിക്കുന്നത്. പല ഭാഗങ്ങളിലും പ്രവൃത്തി ഘട്ടങ്ങളായി പുരോഗമിക്കുന്നു. 20 മീറ്റര്‍ വീതിയില്‍ 24 ഇഞ്ച് പൈപ്പാണ് സ്ഥാപിക്കുന്നത്. പൈപ്പ് സ്ഥാപിച്ചുകഴിഞ്ഞാല്‍ 10 മീറ്റര്‍ മാത്രമേ ആവശ്യമുള്ളു. 

സുരക്ഷിതം
വായുവിനെക്കാള്‍ മര്‍ദം കുറഞ്ഞതാണ് പ്രകൃതിവാതകം. അതിനാല്‍ ഇവ മേല്‍പ്പോട്ട് ഉയര്‍ന്നുപൊങ്ങും. പാചകവാതകമായി ഉപയോഗിക്കുന്ന എല്‍പിജി പോലെ ഇവ താഴെ തളംകെട്ടി നില്‍ക്കുന്നില്ല. ഇതിനുപുറമെ പ്രകൃതിവാതകം സ്വയം കത്തുന്നതിനുള്ള ചൂട് 580 ഡിഗ്രി സെല്‍ഷ്യസ് ആണ്. എല്‍പിജിയുടേത് 480 ഡിഗ്രി സെല്‍ഷ്യസും. ഇക്കാരണങ്ങളാല്‍ എല്‍പിജിയേക്കാള്‍ സുരക്ഷിതമാണ് പ്രകൃതിവാതകം.

തീപിടിക്കില്ല
വാതകത്തിന് തനിയെ തീപിടിക്കുമെന്ന് പറയുന്നത് ശരിയല്ല. ഓക്സിജന്‍, ഇഗ്നീഷ്യന്‍ സ്രോതസ്സ്, പ്രകൃതിവാതകം ഇവ വേണ്ട മാത്രയില്‍ ചേര്‍ന്നാല്‍ മാത്രമേ  തീപിടിക്കുകയുള്ളു.

ചോര്‍ന്നാലോ?
അതീവസുരക്ഷയോടെയാണ് വാതകപൈപ്പ് വിഭാവനം ചെയ്തിട്ടുള്ളത്. ചോരാനുള്ള ഒരു സാഹചര്യവുമില്ല. അങ്ങനെയൊരു ചരിത്രവുമില്ല. ഇനി ചോര്‍ന്നാലോ? പ്രകൃതിവാതകം തനിയെ തീപിടിക്കില്ല. ഓക്സിജനുപുറമേ 580 ഡിഗ്രി ഊഷ്മാവ് നല്‍കാവുന്ന സ്രോതസ്സുകൂടി ഉണ്ടെങ്കിലേ പ്രകൃതിവാതകം തീപിടിക്കുകയുള്ളു.
പൈപ്പുകള്‍ തുരുമ്പിക്കില്ല

നിര്‍മാണ സമയത്തും പ്രവൃത്തിക്കും സുരക്ഷാനടപടികള്‍ പാലിച്ചാണ് വാതകപൈപ്പുകള്‍ തെരഞ്ഞെടുത്തിട്ടുള്ളത്. 24 മണിക്കൂറും പൈപ്പ്ലൈന്‍ നിരീക്ഷിക്കും. പൈപ്പിനകത്തേക്ക് ചെറിയതോതില്‍ വൈദ്യുതി കടത്തിവിട്ടുള്ള അതിനൂതനവും ചെലവേറിയതുമായ സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.  പൈപ്പുകള്‍ തുരുമ്പെടുക്കാന്‍ സാധ്യതയില്ല. 

ഒറ്റവീടും പൊളിക്കേണ്ട ഭൂമി കൈമാറേണ്ട
കോഴിക്കോട് > ഗെയില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ സംസ്ഥാനത്ത് ഒറ്റവീടുപോലും പൊളിക്കേണ്ടിവരില്ല. ഭൂമിയുടെ ഉടമസ്ഥാവകാശം സര്‍ക്കാരിനോ ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യക്കോ കൈമാറേണ്ട. എന്നാല്‍, തെറ്റായ വിവരങ്ങളാണ് പ്രചരിക്കുന്നതെന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞു.

പൈപ്പ്ലൈന്‍ കടന്നുപോകുന്ന 60 ശതമാനം സ്ഥലവും വയലാണ്. ബാക്കിയുള്ളത് മിക്കതും തെങ്ങ്, കവുങ്ങ് മുതലായ ഫലവൃക്ഷങ്ങള്‍ നട്ട പുരയിടങ്ങള്‍. മുറിച്ചുമാറ്റുന്ന മരങ്ങള്‍ അവയുടെ ഒരായുഷ്കാലം നല്‍കാവുന്ന വിളവിനെ അടിസ്ഥാനപ്പെടുത്തിയുള്ള നഷ്ടപരിഹാരമാണ് നല്‍കുന്നത്. രാജ്യത്തിന്റെ മറ്റുഭാഗങ്ങളില്‍ 30 മീറ്റര്‍ എടുക്കുമ്പോള്‍ കേരളത്തിലെ സവിശേഷ സാഹചര്യം പരിഗണിച്ച് നിര്‍മാണത്തിന് നോട്ടിഫൈ ചെയ്തത് 20 മീറ്ററാണ്. സ്ഥലദൌര്‍ലഭ്യതയും ജനസാന്ദ്രതയും പരിഗണിച്ച് പിന്നീടത് 10 മീറ്ററായി ചുരുക്കി. നിര്‍മാണം പൂര്‍ത്തിയായാല്‍ ബാക്കി 10 മീറ്റര്‍ ഉടമകള്‍ക്കു  തിരിച്ചുനല്‍കും. 

പൈപ്പ് കടന്നുപോകുന്ന ഭൂമി വില്‍ക്കാനോ വാങ്ങാനോ ഒരു തടസ്സവുമില്ലെന്ന് ഗെയില്‍ അധികൃതര്‍ പറഞ്ഞു. ഒരുകാരണവശാലും ഭൂമിയുടെ ഉടമസ്ഥാവകാശം ഈ പദ്ധതിമൂലം മാറേണ്ടതില്ല. രാജ്യത്ത് എവിടെയും പൈപ്പ്ലൈനിനുവേണ്ടി ഒരു വീടുപോലും പൊളിച്ചിട്ടില്ലെന്നതാണ് വസ്തുത. പൈപ്പ് സ്ഥാപിക്കുന്ന ഭാഗം വേലികെട്ടി തിരിക്കുമെന്നതും തെറ്റായ പ്രചാരണമാണ്.

പൈപ്പ് കടന്നുപോകുന്ന പറമ്പില്‍ വീടുണ്ടാക്കാനും തടസ്സമില്ല. പൈപ്പിട്ടതിന്റെ അഞ്ച് മീറ്റര്‍ ഇരുഭാഗത്തും വിട്ടശേഷം വീട് പണിയാം. കിണര്‍ കുഴിക്കാനോ കക്കൂസ് ടാങ്ക് നിര്‍മിക്കാനോ തടസ്സമില്ല. ഒന്നര മീറ്റര്‍ ആഴത്തിലാണ് പൈപ്പ് കുഴിച്ചിടുന്നത്. പൈപ്പിട്ടതിന്റെ മുകളില്‍ കൃഷിയിറക്കാം, റോഡ് പണിയാം. വസ്തുതകള്‍ ഇതാണെന്നും ഗെയില്‍ അധികൃതര്‍ അറിയിച്ചു.

പ്രധാന വാർത്തകൾ
Top