15 November Thursday

സംസ്കൃത സർവകലാശാലയ്ക്ക് 7.33 കോടിയുടെ നഷ്ടം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 4, 2018

കാലടി
സംസ്കൃത സർവകലാശാലയ്ക്ക് 7.33 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി വൈസ‌്ചാൻസലർ ഡോ.ധർമരാജ് അടാട്ട് അറിയിച്ചു. മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തിൽ കാലടി സംസ്കൃത സർവകലാശാലയിലെ പ്രളയക്കെടുതി വിലയിരുത്താൻ ചേർന്ന യോഗത്തിലാണ‌് ഇക്കാര്യമറിയിച്ചത‌്.

ജനറേറ്ററുകൾ, കൺട്രോൾ പാനലുകൾ, ഇലക‌്ട്രിക്കൽ റൂമിലെ മുഖ്യകൺട്രോൾ പാനൽ, കുടിവെള്ള ശുചീകരണ സംവിധാനങ്ങൾ എന്നിവ തകരാറിലായി. ഭരണവിഭാഗം കെട്ടിടത്തിന്റെ താഴത്തെ നിലയിലുള്ള എൻനിയറിങ‌്, ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെൽ, ഓഡിറ്റ്ഡിപ്പാർട്ട്മെന്റ് റീജണൽ ഓഫീസ്, പബ്ലിക്കേഷൻസ്, പബ്ലിക്ക് റിലേഷൻസ്, ഇന്റർനാഷണൽ സ്കൂൾ ഫോർ ശ്രീ ശങ്കരാചാര്യസ്റ്റഡീസ്, കരിയർ ഗൈഡൻസ് സെൽ, ജനറൽസ്റ്റോർ തുടങ്ങിയ വിഭാഗങ്ങളിൽ നാശനഷ്ടങ്ങൾ സംഭവിച്ചു. അറുപതോളം കംപ്യൂട്ടറുകൾ കേടുവന്നു.

പഠനവകുപ്പുകളിലേക്കും പ്രാദേശികകേന്ദ്രങ്ങളിലേക്കും വിതരണത്തിനായി സൂക്ഷിച്ചിരുന്ന പേപ്പറുകളും മറ്റു സ്റ്റേഷനറി സാമഗ്രികളും ഉപയോഗശൂന്യമായി. സർവകലാശലായുടെ എട്ടോളം വാഹനങ്ങൾക്ക‌് കേടുപാടുണ്ടായി. പ്രസ്സ് നശിച്ചു. സർവകലാശാല ലൈബ്രറി, കൂത്തമ്പലം, പെയിന്റിങ‌് വിഭാഗം, മറ്റു പഠനവകുപ്പുകൾ, ക്യാന്റീൻ, പെൺകുട്ടികളുടേയും ആൺകുട്ടികളുടേയും ഹോസ്റ്റലുകൾ, ഡേ കെയർ സെന്റർ, ഗസ്റ്റ്ഹൗസ് എന്നിവിടങ്ങളിലും നഷ്ടങ്ങളുണ്ടായി.  മന്ത്രിയോടൊപ്പം റോജി എം ജോൺ എംഎൽഎ, ജില്ലാ പഞ്ചായത്തംഗം സാംസൺ ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. തുളസി എന്നിവരുമുണ്ടായിരുന്നു.


പ്രധാന വാർത്തകൾ
Top