19 November Monday

ജനഹൃദയങ്ങൾ കീഴടക്കി യൂത്ത‌് ബ്രിഗേഡ‌്

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018



കൊച്ചി
ഓണവും ബക്രീദുമൊക്കെ വന്നതും പോയതും അവർ അറിഞ്ഞില്ല. പ്രളയം ദുരിതംവിതച്ച നാടിനെ വീണ്ടെടുക്കുന്നതിലായിരുന്നു  ശ്രദ്ധ. സഹായത്തിനുവേണ്ടിയുള്ള വിളികൾക്ക‌്  സദാ കാതോർത്തു. ദുരിതമനുഭവിക്കുന്നവർക്കുമുന്നിൽ വെൺപിറാവുകളെ‌പ്പോലെ അവരെത്തി. ദൗത്യം പൂർത്തിയാക്കി മടങ്ങുമ്പോൾ നാട്ടുകാർക്ക‌് അവർ സ‌്നേഹദൂതർ.

ആഗസ‌്ത് 19 മുതൽ ഡിവൈഎഫ‌്ഐ യൂത്ത‌് ബ്രിഗേഡ‌് ജില്ലയിൽ ആരംഭിച്ച  ശുചീകരണപ്രവർത്തനങ്ങൾ ഞായറാഴ‌്ച അവസാനിച്ചു.   10,120 വീടുകളാണ്  യൂത്ത് ബ്രിഗേഡിന്റെ നേതൃത്വത്തിൽ ശുചീകരിച്ചത്.  86 സ‌്കൂളുകൾ, 18 കോളേജുകൾ, 66 ആരാധനാലയങ്ങൾ, 145 അങ്കണവാടികൾ, 66 ഓഡിറ്റോറിയങ്ങൾ,  900 ലേറെ  കിണറുകൾ എന്നിവയും വൃത്തിയാക്കി. കണ്ണൂരിൽനിന്ന‌് 130,  കാസർകോട‌്, കോഴിക്കോട് എന്നീ ജില്ലകളിൽനിന്ന് 80 വീതം,  മലപ്പുത്തുനിന്ന‌്  200 അംഗങ്ങൾവീതമാണ‌് ശുചീകരണപ്രവർത്തനങ്ങൾക്കായി പറവൂർ, ആലങ്ങാട് മേഖലയിൽ  രംഗത്തിറങ്ങിയത്. 

വടക്കേക്കര  പഞ്ചായത്ത്, ചേന്ദമംഗലം  പഞ്ചായത്ത് എന്നിവിടങ്ങളിലെ കിണറുകളാണ് ഞായറാഴ്ച കൂടുതലും ശുചീകരിച്ചത്.  വിവിധ ജില്ലകളിൽനിന്നും 200 ഇലക്ടീഷ്യൻമാരും പ്ലംബർമാരും പറവൂരിലെത്തിയിരുന്നു. സൗജന്യമായി 1200 ലധികം വീടുകളിലെ വൈദ്യുതിവിതരണവും ജലവിതരണവും പരിശോധിച്ച‌് അറ്റകുറ്റപ്പണി നടത്തി.  കേന്ദ്രകമ്മിറ്റിയംഗം എസ് സതീഷ്,  ജില്ലാ സെക്രട്ടറി അഡ്വ. കെ എസ് അരുൺകുമാർ,  ജില്ലാ പ്രസിഡന്റ‌് പ്രിൻസി കുര്യാക്കോസ്, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ  പി ബി രതീഷ്,   എ ഡി സുജിൽ, രാജീവ് സക്കറിയ,   എ പി പ്രനിൽ,  കെ വി അനിൽകുമാർ, സോളമൻ സിജു,  എം യു പ്രമേഷ്, പി കെ അബ്ദുൾ ഷുക്കർ,  കെ എസ‌് സനീഷ്,  എ സി ഷാൻ,   വി യു ശ്രീജിത്ത്, വി എസ‌്  ശ്രീജിത്ത്, എൽ ആദർശ്, ശ്യാംലാൽ,  എ കെ  സിജു, അനീഷ് വർഗീസ് എന്നിവർ വിവിധ കേന്ദ്രങ്ങളിൽ ശുചീകരണപ്രവർത്തനത്തിനും വൈദ്യുതി ‐ ജല വിതരണ പരിശോധനയ‌്ക്കും നേതൃത്വം നൽകി.  വൈദ്യുതി ‐ ജലവിതരണ പരിശോധനയും അറ്റകുറ്റപ്പണിയും വരുംദിവസങ്ങളിലും തുടരും.
 പ്രവർത്തനങ്ങളിൽ പങ്കെടുത്ത മുഴുവൻ യൂത്ത് ബ്രിഗേഡ് പ്രവർത്തകരെയും  ഡിവൈഎഫ്ഐ ജില്ലാ പ്രസിഡന്റ‌് പ്രിൻസി കുര്യാക്കോസ്, സെക്രട്ടറി  അഡ്വ. കെ എസ് അരുൺകുമാർ എന്നിവർ അഭിവാദ്യംചെയ്തു.


പ്രധാന വാർത്തകൾ
Top