17 November Saturday

ആശ്വാസമായ് ക്ഷേമപെന്‍ഷന്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 3, 2018

മൈമൂന ക്ഷേമപെൻഷൻ ഏറ്റുവാങ്ങുന്നു


കൊച്ചി
എൺപതുകാരി മൈമൂനയ്ക്ക് വാർധക്യപെൻഷൻ... മകൾ റമീനയ്ക്ക് വിധവാപെൻഷൻ... കാഴ്ചകുറവുള്ള കൊച്ചുമോൾ ഷെഹർബാനയ്ക്ക് വികലാംഗ പെൻഷൻ... പ്രളയത്തിനുശേഷം അങ്കലാപ്പോടെ പറവൂർ വെള്ളിത്താഴത്തിലെ വീട്ടിലേക്കെത്തിയ മൈമൂനയ്ക്കും മകൾക്കും കൊച്ചുമോൾക്കും ജീവിതം മുന്നോട്ടുനീക്കാനുള്ള കച്ചിത്തുരുമ്പായാണ് ക്ഷേമപെൻഷൻതുക എത്തിയത്.

ജനലറ്റം വെള്ളം കയറിയതിനെത്തുടർന്ന് കളമശേരി ഗവ. പോളിടെക്‌നിക്കിലെ ദുരിതാശ്വാസക്യാമ്പിലായിരുന്നു ഇവർ. വെള്ളമിറങ്ങിയശേഷം വീട്ടിലേക്കെത്തിയപ്പോൾ വീടിനുള്ളിലും പുറത്തും കിണറ്റിലും ചളി. വീട്ടുസാധനങ്ങൾ ഒഴുകിപ്പോയി. വസ‌്ത്രങ്ങളും ഷെഹർബാന്റെ പുസ്തകങ്ങളും നശിച്ചു. ഒഴുകിപ്പോകാതെ വീട്ടിൽശേഷിച്ച ഇലക്ട്രോണിക‌് ഉപകരണങ്ങളെല്ലാം കേടായി. കക്കൂസ് മണ്ണിലേക്ക് ഇടിഞ്ഞുതാഴ‌്ന്നു.

കൊടുംപ്രതിസന്ധിയിൽ വലയുമ്പോഴാണ് ചെറിയ ആശ്വാസമേകി പെൻഷൻതുകയുമായി പറവൂർ സഹകരണ ബാങ്കിന്റെ ലെ കലക്ഷൻ ഏജന്റായ ഉഷാകുമാരി വീട്ടിലേക്കെത്തിയത്. മൂന്നുപേർക്കുംകൂടി 12,600 രൂപയാണ് ലഭിച്ചത്. സ്ത്രീകൾമാത്രമുള്ള കുടുംബത്തിൽ ക്ഷേമപെൻഷൻ വലിയ ആശ്വാസമാണ് നൽകിയതെന്ന് അവർ പറഞ്ഞു. 12 വർഷംമുമ്പ് മഞ്ഞപ്പിത്തം ബാധിച്ച് റമീനയുടെ ഭർത്താവ് നൗഷാദ് മരിച്ചതിൽപ്പിന്നെ മൈമൂനയ്‌ക്കൊപ്പമാണ് റമീനയുടെയും ഷെഹർബാന്റെയും താമസം. പുല്ലുംകുളം ഗവ. സ്‌കൂളിൽ പ്ലസ്‌വൺ വിദ്യാർഥിനിയാണ് ഷെഹർബാൻ. പ്രളയം വന്നശേഷം ഷെഹർബാൻ ഇതുവരെ ക്ലാസിൽ പോയിട്ടില്ല. ഉമ്മയുടെയും ഉമ്മൂമ്മയുടെയും അങ്കലാപ്പ് കുറഞ്ഞിട്ട് ക്ലാസിൽ പോകാനാണ് ഷെഹർബാന്റെ തീരുമാനം.

കർഷകത്തൊഴിലാളി പെൻഷൻ, ഇന്ദിരഗാന്ധി ദേശീയ വാർധക്യപെൻഷൻ, ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർക്കുള്ള പെൻഷൻ, അവിവാഹിതരായ 50 വയസ്സുകഴിഞ്ഞ വനിതകൾക്കുള്ള പെൻഷൻ, വിധവാപെൻഷൻ എന്നീ ഇനങ്ങളിൽ എറണാകുളം ജില്ലയിൽമാത്രം 2.9 ലക്ഷം പേർക്കായി 157.98 കോടിരൂപ വിതരണംചെയ്തു. വിഷുവിനുശേഷമുള്ള കുടിശ്ശിക ഉൾപ്പെടെയാണ‌് നൽകിയത‌്. പ്രളയം വലച്ച കുടുംബങ്ങൾക്ക‌് വലിയ ആശ്വാസമാണ‌് ഇതു നൽകിയത്.
 


പ്രധാന വാർത്തകൾ
Top