ad
Deshabhimani

നിറഞ്ഞുനിന്നത് എം ടി കഥാപാത്രങ്ങള്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 03, 2017, 06:19 PM | 0 min read


തിരുവനന്തപുരം > പ്രിയകഥാകാരന്‍ എം ടി വാസുദേവന്‍നായരുടെ കൃതികളിലെ മലയാളിജീവിതത്തിന്റെ നേര്‍ക്കാഴ്ചകളിലൂടെയാണ് തോമസ് ഐസക് ബജറ്റ് അവതരിപ്പിച്ചത്. നോട്ട് നിരോധനത്തെ പറ്റി തുഗ്ളക്ക് പരിഷ്കാരമെന്നാണ് എം ടി വിശേഷിപ്പിച്ചത്. എം ടിയുടെ പ്രതികരണം ഓര്‍മപ്പെടുത്തിയായിരുന്നു തുടക്കം. ബജറ്റ് പ്രസംഗത്തിലുടനീളം എം ടി കഥാപാത്രങ്ങളെയും കൃതികളെയും ഉദാഹരിച്ചു.

'നാലുകെട്ടി'ലെ അപ്പുണ്ണിയുടെ ‘വളരും, വളര്‍ന്നുവലുതായി ആരെയും ഭയപ്പെടാതെ ഞാന്‍ ജീവിക്കും എന്ന പ്രഖ്യാപനത്തെ ആമുഖത്തില്‍ പരാമര്‍ശിച്ചു.‘നാലുകെട്ടിലെ വലിയമ്മാമയെ സ്മരിച്ചുകൊണ്ടാണ് റേഷന്‍പ്രതിസന്ധിയെ വിശദീകരിച്ചത്. നെല്ല് വിട്ടുകൊടുക്കാന്‍ മനസ്സില്ലാത്ത വലിയമ്മാമയെപ്പോലെയാണ് കേന്ദ്രം റേഷന്റെകാര്യത്തില്‍ പെരുമാറുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എം ടിയുടെ കഥാപാത്രങ്ങളായ കുട്ട്യേടത്തിയും വേലായുധനും കടന്നുവന്നു. തകഴിയുടെ തോട്ടിയുടെ മകന്റെ ജീവിതം ചൂണ്ടിക്കാട്ടി  മാന്‍ഹോളുകളും സെപ്റ്റിക് ടാങ്കുകളും ശുചീകരിക്കുന്നവരെപറ്റി പരാമര്‍ശിച്ചു. വേര്‍തിരിക്കാനുള്ള കുത്സിതനീക്കങ്ങള്‍ക്കെതിരെ പ്രതിരോധം തീര്‍ക്കണമെന്നുള്ള എം ടിയുടെ ആഹ്വാനത്തോടെയാണ് 135 പേജുള്ള ബജറ്റ് പ്രസംഗം ഐസക് അവസാനിപ്പിച്ചത്.

രാവിലെ ഒമ്പതിന് ആരംഭിച്ച ബജറ്റ് പ്രസംഗം 2 മണിക്കൂര്‍ 31 മിനിറ്റ് നീണ്ടു. പ്രതിപക്ഷം ബഹളംവച്ചതിനെ തുടര്‍ന്ന് പത്ത് മിനിറ്റോളം പ്രസംഗം തടസ്സപ്പെട്ടു.  രാവിലെ 8.30ന് നിയമസഭയിലെത്തിയ ഐസക് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി. പ്ളാനിങ് ബോര്‍ഡ് വൈസ് ചെയര്‍മാന്‍ ഡോ. വി കെ രാമചന്ദ്രന്‍, അംഗം ഡോ. മൃദുല്‍ ഈപ്പന്‍ തുടങ്ങി ഒട്ടേറെ പ്രമുഖരും എത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home