ad
Deshabhimani

കാര്‍ഷികാദായ, ആഡംബര നികുതികളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Mar 03, 2017, 04:56 AM | 0 min read


തിരുവനന്തപുരം > കാര്‍ഷികാദായ, ആഡംബര നികുതികളില്‍ 2010-11 സാമ്പത്തിക വര്‍ഷംവരെയുള്ള നികുതി കുടിശ്ശിക പൂര്‍ണമായും അടച്ചാല്‍ കുടിശ്ശികയുടെ പലിശയും പിഴത്തുകയുടെ 70 ശതമാനവും പിഴയുടെ പലിശയും ഇളവ് ചെയ്യും. മറ്റു വ്യവസ്ഥകള്‍ മൂല്യവര്‍ധിത നികുതിയുടെ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിക്ക് സമാനമായിരിക്കും.

കരാര്‍ പണികളുടെ സ്വഭാവം നിര്‍ണയിക്കുന്നതിലെ തര്‍ക്കം മൂലം അലുമിനിയം ഫാബ്രിക്കേഷന്‍ ജോലികള്‍, കിച്ചണ്‍ ക്യാബിനറ്റ് ജോലികള്‍, എയര്‍ കണ്ടീഷന്‍ പ്ളാന്റ് സ്ഥാപിക്കല്‍ എന്നീ കരാര്‍ പണികള്‍ക്ക് കോമ്പൌണ്ടിങ് വ്യവസ്ഥയില്‍ അനുവദിച്ച നികുതി പുനര്‍നിര്‍ണയം ചെയ്ത് ഷെഡ്യൂള്‍ നിരക്കില്‍ നികുതിയും പലിശയും പിഴയും ചുമത്തുകയുണ്ടായി. എന്നാല്‍, സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് കരാര്‍ പണിയുടെ വ്യാഖ്യാനം വിപുലപ്പെടുത്തിയ സാഹചര്യത്തില്‍ ഇതുമായി ബന്ധപ്പെട്ട കേസുകളില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി പ്രഖ്യാപിച്ചത്. ഇത്തരം കരാര്‍ പണികള്‍ക്ക് കോമ്പൌണ്ടിങ് നികുതി ഒടുക്കിയവര്‍ ഇതിനായുള്ള എല്ലാ ചരക്കുകളും സംസ്ഥാനത്തിനകത്തുനിന്നു വാങ്ങിയതാണെങ്കില്‍ അടച്ച കോമ്പൌണ്ടിങ് നികുതിക്കു പുറമെ മൊത്തം കരാര്‍ തുകയ്ക്ക് രണ്ടു ശതമാനം നികുതികൂടി നല്‍കിയാല്‍ അവരെ ഷെഡ്യൂള്‍ നിരക്കിലുള്ള നികുതിനിര്‍ണയത്തില്‍നിന്ന് ഒഴിവാക്കും. 2014-15 സാമ്പത്തിക വര്‍ഷം വരെയുള്ള നികുതി നിര്‍ണയത്തിനാണ് ഈ പദ്ധതി ബാധകമാകുക.

സ്വാഭാവിക റബറിനും അതിന്റെ രൂപാന്തരങ്ങള്‍ക്കും 2014 ഡിസംബര്‍ 20 മുതല്‍ 2015 മാര്‍ച്ച് 31 വരെ നികുതി വിമുക്തമായിരിക്കുമെന്ന് സര്‍ക്കാര്‍ വിജ്ഞാപനം വഴി കഴിഞ്ഞ സര്‍ക്കാര്‍ പുറപ്പെടുവിച്ചുവെങ്കിലും ഇതിന് അനുസൃതമായ വ്യവസ്ഥകള്‍ ധനകാര്യ ആക്ടില്‍ ഉള്‍പ്പെടുത്തിയിരുന്നില്ല. തന്മൂലം ഇപ്പോള്‍ റബര്‍വ്യാപാരികള്‍ ഇക്കാലയളവിലെ നികുതിയും പലിശയും നല്‍കാന്‍ ബാധ്യസ്ഥരായിരിക്കുന്നു. ഇത് പരിഹരിക്കണമെന്ന വ്യാപാരമേഖലയുടെ ആവശ്യം കണക്കിലെടുത്ത് സ്വാഭാവിക റബറും അതിന്റെ രൂപാന്തരങ്ങളും 2014 ഡിസംബര്‍ 20 മുതല്‍ 2015 മാര്‍ച്ച് 31 വരെ നികുതി വിമുക്തമായിരിക്കും.

സൌര പാനലുകളുടെയും അനുബന്ധ സാമഗ്രികളുടെയും നികുതി നിരക്ക് നിലവില്‍ ഒരു ശതമാനമാണ്. എന്നാല്‍, ഇവ സ്ഥാപിക്കുന്ന പ്രവൃത്തികള്‍ കരാര്‍ പണിയായി പരിഗണിച്ച് നികുതി 14.5 ശതമാനമാണ് ഈടാക്കിവരുന്നത്. അക്ഷയോര്‍ജ പദ്ധതികള്‍ പ്രോത്സാഹിപ്പിക്കാന്‍ ഇത്തരം പ്രവൃത്തികളുടെ നികുതി നിരക്ക് ഒരു ശതമാനമായി നിജപ്പെടുത്തുന്നു. സൌര പാനലുകളുടെ നികുതി ഒരു ശതമാനമാക്കിയ 2013 ഏപ്രില്‍ ഒന്നുമുതല്‍ ഇതിന് മുന്‍കാല പ്രാബല്യമുണ്ടാകും. കയറ്റുമതി ചരക്കുകള്‍ക്ക് ആവശ്യമായ പാക്കിങ് വസ്തുക്കള്‍ വാറ്റ് വരുത്തുന്നതാണ്. കേരള മൂല്യവര്‍ധിത നികുതി ആക്ടിലെ സെക്ഷന്‍ 24, 25 പ്രകാരം അസസ്മെന്റുകള്‍ പൂര്‍ത്തീകരിക്കുന്നത് ഉള്‍പ്പെടെയുള്ള കാലാവധി ഒരു വര്‍ഷംകൂടി ദീര്‍ഘിപ്പിക്കാനുള്ള നിയമ ഭേദഗതി കൊണ്ടുവരും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home