24 April Tuesday

ഡോക്‌ടര്‍മാര്‍ ചികിത്സ നിഷേധിച്ച് തെരുവിലിറങ്ങിയത് നിയമ വിരുദ്ധം; രോഗികളെ വലച്ചത് മാപ്പര്‍ഹിക്കാത്ത കുറ്റം: മനുഷ്യാവകാശ കമ്മീഷന്‍

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018

തിരുവനന്തപുരം > അടിയന്തരഘട്ടത്തിലുള്ള രോഗികള്‍ക്ക് ചികിത്സ നിഷേധിക്കുന്നത് വഴി എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ ക്രിമിനല്‍ കുറ്റമാണെന്നിരിക്കെ ചികിത്സ നിഷേധിച്ച് ഡോക്ടര്‍മാര്‍ തെരുവിലിറങ്ങിയത് പ്രഥമദൃഷ്ട്യാ  നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍.

ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടി സമരം ചെയ്യാന്‍ ഡോക്‌ടര്‍മാര്‍ക്ക് തടസമില്ലെങ്കിലും അത് രോഗികളുടെ ജീവന്‍ കൈയിലെടുത്തു കൊണ്ടാകരുതെന്ന് കമ്മീഷന്‍ ആക്റ്റിംഗ് അധ്യക്ഷന്‍ പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു. മെഡിക്കല്‍ ബന്ദ് ദിവസം ജനറല്‍ ആശുപത്രിയില്‍  രോഗികളെ പരിശോധിച്ചു കൊണ്ടിരുന്ന വനിതാ ഡോക്ടറെ  സമരത്തിന്റെ ഭാഗമായി സഹഡോക്ടര്‍മാര്‍ വിളിച്ചിറക്കി കൊണ്ടുപോയ സംഭവത്തില്‍ പത്ര വാര്‍ത്തയുടെയും ചിത്രങ്ങളുടെയും അടിസ്ഥാനത്തില്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്‌ത കേസിലാണ് ഉത്തരവ്.

ഭരണഘടന വാഗ്‌ദാനം ചെയ്യുന്ന ജീവിക്കാനുള്ള അവകാശം കവര്‍ന്നെടുക്കാനുള്ള അധികാരം ആര്‍ക്കുമില്ലെന്ന് കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു. മെഡിക്കല്‍ ബന്ദിന്റെ പേരില്‍ സംസ്ഥാനത്ത് അടിയന്തിര ചികിത്സ ആവശ്യമുള്ള നൂറ് കണക്കിന് രോഗികള്‍ വലഞ്ഞത് മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും പി.മോഹനദാസ് ഉത്തരവില്‍ പറഞ്ഞു.

മെഡിക്കല്‍ ബന്ദ് ദിവസം ചികിത്സിക്കാനെത്തിയ ഡോക്ടറെ വിളിച്ചിറക്കിയ സംഭവം ഉള്‍പ്പെടെ ബന്ദ് ദിവസം സംസ്ഥാനത്ത് നടന്ന ചികിത്സാ നിഷേധങ്ങള്‍ അന്വേഷിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ നാലാഴ്‌ചക്കകം റിപ്പോര്‍ട്ട് നല്‍കണം. സംസ്ഥാന പോലീസ് മേധാവി ജനറല്‍ ആശുപത്രിയില്‍  ചികിത്സ നിഷേധിക്കപ്പെട്ട സംഭവത്തില്‍ അന്വേഷിച്ച് നാലാഴ്ചക്കകം വിശദീകരണം നല്‍കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.
 

പ്രധാന വാർത്തകൾ
Top