24 October Wednesday

ആര്‍എസ്എസ് മുദ്രാവാക്യം കോണ്‍ഗ്രസ് ഏറ്റുവിളിക്കുന്നു: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Wednesday Jan 3, 2018


സ. വി വി ദക്ഷിണാമൂര്‍ത്തി നഗര്‍ (കോട്ടയം) > എല്‍ഡിഎഫ്  സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താന്‍ ആര്‍എസ്എസ് വിളിക്കുന്ന മുദ്രാവാക്യം കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് ഏറ്റുവിളിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. മുഖ്യശത്രു ഇടതുപക്ഷമാണോ ബിജെപി-ആര്‍എസ്എസ് സംഘമാണോ എന്ന് കോണ്‍ഗ്രസ് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഐ എം കോട്ടയം ജില്ലാസമ്മേളനത്തിന്റെ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കോടിയേരി. സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്താനാണ് കോണ്‍ഗ്രസും ബിജെപിയും ശ്രമിക്കുന്നത്. സിപിഐ എം പ്രവര്‍ത്തകരെ വ്യാപകമായി ആക്രമിച്ചിട്ട് ക്രമസമാധാനം തകര്‍ന്നെന്ന് ബിജെപിയും ആര്‍എസ്എസും മുറവിളി കൂട്ടുന്നു. നിരന്തരം ഗവര്‍ണറെയും കേന്ദ്ര സര്‍ക്കാരിനെയും സമീപിക്കുന്നു. ആര്‍എസ്എസ് പ്രചാരകനായ കുമ്മനം രാജശേഖരന്‍ ബിജെപി അധ്യക്ഷനായതോടെയാണ് ആക്രമണം വ്യാപകമായത്. ഏത് ഇടതുപക്ഷ പ്രവര്‍ത്തകനും ഏതുനിമിഷവും ആക്രമിക്കപ്പെടാവുന്ന നിലയാണ്.

ആക്രമണങ്ങള്‍ക്ക് ആര്‍എസ്എസ് വ്യാപക പരിശീലനം നല്‍കുന്നു. 21 കേന്ദ്രങ്ങളില്‍ ഇത്തരം പരിശീലന ക്യാമ്പ് നടന്നു. അക്രമിസംഘത്തെ കയറൂരിവിട്ട് കലാപത്തിനാണ് നീക്കം. കഴിഞ്ഞ യുഡിഎഫ് ഭരണത്തില്‍ 24 സിപിഐ എം പ്രവര്‍ത്തകരെ ആര്‍എസ്എസ് വധിച്ചു. ഇപ്പോള്‍ 14 പേരെയും. ഇവരുടെ ആസൂത്രിത കലാപനീക്കത്തെ ജനങ്ങളെ അണിനിരത്തി ഒറ്റപ്പെടുത്തും.

യുഡിഎഫിന് ഇനി ഭാവിയില്ല. അത് തകര്‍ന്നുകൊണ്ടിരിക്കുന്നു. കെ എം മാണിയും കൂട്ടരും മുന്നണി വിട്ടു. എം പി വീരേന്ദ്രകുമാറിന്റെ ജനാതാദള്‍ യുഡിഎഫ് നല്‍കിയ എംപി സ്ഥാനം രാജിവച്ചു. മറ്റ് കക്ഷികള്‍ക്കും തുടരാനാകില്ല. സഹകരിക്കുന്ന കക്ഷികളും വ്യക്തികളും ചേര്‍ന്ന് എല്‍ഡിഎഫ് വിശാലമായ പ്രസ്ഥാനമായി വളരുന്നു. സിപിഐ എമ്മിന്റെ ശക്തി വര്‍ധിക്കുന്നതിനെ ആശ്രയിച്ചാണ് എല്‍ഡിഎഫ് മുന്നേറ്റം- കോടിയേരി പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top