Top
19
Tuesday, December 2017
About UsE-Paper

വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാന്‍ അടിയന്തരനടപടി

Saturday Dec 2, 2017
വെബ് ഡെസ്‌ക്‌


തിരുവനന്തപുരം > ചുഴലിക്കാറ്റിലും മഴയിലും വൈദ്യുതിവിതരണത്തിലുണ്ടായ തടസ്സങ്ങള്‍ അടിയന്തരമായി പുനഃസ്ഥാപിക്കാന്‍ നടപടി ആരംഭിച്ചു. നാശനഷ്ടങ്ങളും കെടുതികളും അവലോകനം ചെയ്യാന്‍ വൈദ്യുതിമന്ത്രി എം എം മണി വിളിച്ചുചേര്‍ത്ത ഉന്നതോദ്യോഗസ്ഥരുടെ യോഗത്തിലാണ് കര്‍മപദ്ധതിക്ക് രൂപംനല്‍കിയത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലായി അഞ്ഞൂറോളം 11 കെവി പോസ്റ്റും രണ്ടായിരത്തോളം മറ്റ് പോസ്റ്റും മറിഞ്ഞു. 50 സ്ഥലങ്ങളില്‍ 11 കെവി ലൈനുകളും 1300 സ്ഥലങ്ങളില്‍ എല്‍ടി ലൈനുകളും പൊട്ടിവീണ് വൈദ്യുതി തടസ്സപ്പെട്ടു. അഞ്ചുകോടി രൂപയുടെ പ്രാഥമികനഷ്ടം കണക്കാക്കുന്നു.

ഇടുക്കിയിലെ മലയോരമേഖലയിലാണ് കൂടുതല്‍ നാശം. നൂറ്റമ്പതോളം 11 കെവി പോസ്റ്റും 200 സാധാരണ പോസ്റ്റുമാണ് ഈ മേഖലയില്‍ തകര്‍ന്നത്. അതോടൊപ്പം 750 സ്ഥലങ്ങളില്‍ ലൈനുകള്‍ പൊട്ടിവീണ് വൈദ്യുതിവിതരണം ജില്ലയിലാകെ താറുമാറായി.

മറ്റ് സ്ഥലങ്ങളില്‍നിന്ന് ജീവനക്കാരെയും കരാര്‍പണിക്കാരെയും ദുരിതബാധിത മേഖലയില്‍ കൂടുതലായി ഏര്‍പ്പെടുത്തും. എത്രയുംവേഗം വൈദ്യുതിവിതരണനില പുനഃസ്ഥാപിക്കുന്നതിനാണ് മുന്‍ഗണന നല്‍കേണ്ടതെന്നും മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.

കനത്തമഴ ഇപ്പോഴും തുടരുന്ന സാഹചര്യത്തില്‍ പുനഃസ്ഥാപനജോലികള്‍  നടത്തുന്നതിന്  തടസ്സങ്ങള്‍ അനുഭവപ്പെടുന്നു. ഉപയോക്താക്കളെ ഈ വിവരങ്ങള്‍ കൃത്യമായി അറിയിക്കാനും വൈദ്യുതി പുനഃസ്ഥാപന ജോലികളുടെ പ്രവര്‍ത്തനപുരോഗതി നിരീക്ഷിക്കാനും സര്‍ക്കിള്‍ ഓഫീസുകളില്‍ കണ്‍ട്രോള്‍ റൂം സംവിധാനം ഏര്‍പ്പെടുത്തും. യോഗത്തില്‍ ചെയര്‍മാന്‍ ആന്‍ഡ് മാനേജിങ് ഡയറക്ടര്‍ ഡോ. ഇളങ്കോവനും പങ്കെടുത്തു.

Related News

കൂടുതൽ വാർത്തകൾ »