17 October Wednesday

ജനവാസമേഖല ഒഴിവാക്കിയാലും നീലക്കുറിഞ്ഞി ഉദ്യാനം വിപുലപ്പെടുത്താം: വട്ടവട പഞ്ചാ. പ്രസിഡന്റ്

വെബ് ഡെസ്‌ക്‌Updated: Saturday Dec 2, 2017


വട്ടവട > നിര്‍ദ്ദിഷ്ട നീലക്കുറിഞ്ഞി ഉദ്യാനമേഖലയിലെ അപാകം പരിഹരിക്കാമെന്ന് അന്നത്തെ വനം മന്ത്രി ബിനോയ് വിശ്വം ഉറപ്പുനല്‍കിയിരുന്നതായും ജനവാസമേഖലകളെ ഒഴിവാക്കി സാങ്ച്വറി വിപുലപ്പെടുത്താനാവുമെന്നും വട്ടവട പഞ്ചായത്ത് പ്രസിഡന്റ് രാമരാജ്. പഞ്ചായത്ത് ഓഫീസ് കെട്ടിടംപോലും സാങ്ച്വറി മേഖലയിലാണ്. നൂറ്റാണ്ടുകളുടെ സാമൂഹിക ജീവിതവ്യവസ്ഥ നിലനില്‍ക്കുന്ന അഞ്ചുനാട്ടില്‍പ്പെട്ട വട്ടവടയില്‍ രാമരാജ് പ്രസിഡന്റാകുന്നത് രണ്ടാം തവണ. ഏതാണ്ട് പൂര്‍ണമായും തമിഴ്ഭാഷാ ന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇവിടുത്തെ ജനതയാകെ ഭീതിയിലും ആശങ്കയിലുമാണെന്ന് രാമരാജ് 'ദേശാഭിമാനി'യോട് പറഞ്ഞു.

കുറിഞ്ഞി ഉദ്യാനമായി പ്രഖ്യാപിക്കുന്നത് 2006 ഒക്ടോബറിലാണ്. മൂന്നാറില്‍ നടന്ന സമ്മേളനവേദിയില്‍ തന്നെ നിവാസികളുടെ പ്രശ്നങ്ങളും അതിര്‍ത്തി തര്‍ക്കവും മന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തിയിരുന്നു. സര്‍വേ നടത്തി അതിര്‍ത്തി പുനര്‍നിര്‍ണയിക്കുമെന്ന് മന്ത്രി ഉറപ്പുനല്‍കിയിരുന്നു. ഈ മേഖലയിലാകെ കുറിഞ്ഞി ഘട്ടംഘട്ടമായി വളര്‍ന്നതാണ്. ജനവാസ മേഖലയെ ഒഴിവാക്കി സംരക്ഷിത പ്രദേശങ്ങളില്‍ ഉദ്യാനം വിപുലപ്പെടുത്താനാവും. വനംവകുപ്പ് ജണ്ടയിട്ട ധാരാളം ഭൂമിയുണ്ട്. കണ്ടെത്താനും നൂറ് കണക്കിന് ഹെക്ടറുണ്ട്. ആള്‍ താമസമില്ലാത്ത മീശപ്പുലിമല, കുട്ടിയാര്‍വാലി, രാജമല, ടാറ്റാ ഹൈറേഞ്ച് സ്കൂള്‍ മേഖല എന്നിവിടങ്ങളില്‍ കുറുഞ്ഞി വളരുന്നുണ്ട്. വെറുതെ കിടക്കുന്ന ഇവിടുത്തെ നൂറ്കണക്കിന് ഏക്കര്‍ സ്ഥലത്ത് വിജ്ഞാപനം ഇറക്കിയിട്ടില്ല. ഇവിടെ വിപുലപ്പെടുത്താനാവും. 

സര്‍വേ നടത്തി ജണ്ടകെട്ടി തിരിക്കുന്ന ഭൂമിയിലായിരിക്കും നീലക്കുറുഞ്ഞി ഉദ്യാനമായി വിജ്ഞാപനം ചെയ്യുകയുള്ളൂവെന്നാണ് വനം വകുപ്പ് അറിയിച്ചിരുന്നത്. ഇതുസംബന്ധിച്ച് ആക്ഷേപം ഉന്നയിക്കാന്‍ 2006 ജൂണ്‍ ഒമ്പതിന് ദേവികുളം സബ്കലക്ടറുടെ ചേമ്പറില്‍ യോഗം ചേര്‍ന്നിരുന്നു. തഹസില്‍ദാര്‍, വനം-റവന്യൂ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ പങ്കെടുത്ത യോഗത്തില്‍ പ്രശ്നം അവരെ ബോധ്യപ്പെടുത്തിയിരുന്നു. അതിര്‍ത്തി അപാകം പരിഹരിച്ച് വിജ്ഞാപനമിറക്കാന്‍ നടപടി ഉണ്ടാകുമെന്നും അന്ന് അവര്‍ അറിയിച്ചിരുന്നു. ഇതിനിടെ ആ ഉദ്യോഗസ്ഥര്‍ സ്ഥലം മാറി. മാറിമാറി വരുന്നവര്‍ വിഷയം പഠിച്ചുകൊണ്ടിരിക്കുകയും പരിഹാരം നീണ്ടുപോവുകയുമാണ്. എന്നാല്‍ ഈ വിഷയത്തില്‍ പിണറായി സര്‍ക്കാര്‍ അനുഭാവപൂര്‍വവും യാഥാര്‍ഥ്യത്തോടെയുമാണ് ഇടപെടാന്‍ തീരുമാനിച്ചതും നടപടി നീക്കുന്നതും.

1968 ന് ശേഷം ഇവിടെ സര്‍വേ നടന്നിട്ടില്ല. ഇനിയും പട്ടയം കിട്ടേണ്ടവരുണ്ട്. കൈയേറ്റം കണ്ടെത്തിയാല്‍ ആ ഭൂമി ലാന്‍ഡ് ബാങ്കില്‍ നിക്ഷേപിച്ച് ശീതകാല പച്ചക്കറി വികസനത്തിനുവേണ്ടി ഉപയോഗപ്പെടുത്താനാവും. രാജഭരണകാലത്തോളം പഴക്കമുള്ള സാമൂഹ്യ ജീവിതമാണ് ഇവിടുത്തേത്.  ഉദ്യാനമായി പ്രാഥമിക വിജ്ഞാപനം ചെയ്തിരിക്കുന്ന ബ്ളോക്ക് 62 ലാണ് പഞ്ചായത്ത്, വില്ലേജ് ഓഫീസ്, സ്കൂളുകള്‍, രാജഭരണകാലത്തെ പാതികച്ചേരി, നൂറ്റാണ്ട് പഴക്കമുള്ള ആരാധനാലയങ്ങള്‍, ശീതകാല പച്ചക്കറി സംഭരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ളവ സ്ഥിതിചെയ്യുന്നത്. ഏതാണ്ട് പതിനായിരം പേര്‍ ഈ മേഖലയില്‍ താമസിക്കുന്നുണ്ട്. വ്യക്തമായി അതിര്‍ത്തി വേര്‍തിരിച്ച് ജനതയുടെ ഭയം അകറ്റുകയാണ് വേണ്ടത്. എന്നാല്‍ പ്രശ്നം വഷളാക്കി ജനതയെയാകെ ആശങ്കപ്പെടുത്താന്‍ തല്‍പ്പരകക്ഷികള്‍ ശ്രമിക്കുന്നതായും രാമരാജ് 'ദേശാഭിമാനി'യോട് പറഞ്ഞു.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top