വിഴിഞ്ഞം: സിഎജിയെ പഴിച്ച് ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം > വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖനിര്‍മാണ കരാറിലെ ക്രമക്കേടുകള്‍ എണ്ണിപ്പറഞ്ഞുള്ള റിപ്പോര്‍ട്ട് തയ്യാറാക്കിയ പ്രിന്‍സിപ്പല്‍ കംപ്ട്രോളര്‍ ആന്‍ഡ് ഓഡിറ്റ് ജനറലിനെ പഴിച്ച് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം തീരുമാനിച്ചതോടെയാണ് സിഎജിയെ പഴിച്ച് മുഖം രക്ഷിക്കാന്‍ ഉമ്മന്‍ചാണ്ടി ശ്രമിക്കുന്നത്. കരാറിനു പിന്നില്‍ നടന്ന ശതകോടികളുടെ കള്ളക്കളി പുറത്തായതോടെ പാര്‍ടിക്കകത്തുപോലും ഉമ്മന്‍ചാണ്ടി ഒറ്റപ്പെട്ട് നില്‍ക്കവെയാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ കമീഷനെ നിയോഗിച്ചത്. മുഖ്യമന്ത്രിയായിരിക്കെ പാമൊലിന്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ വിജിലന്‍സ് അന്വേഷണത്തിന് ഉത്തരവിട്ട അന്നത്തെ വിജിലന്‍സ് ജഡ്ജിയെ വ്യക്തിപരമായി ആക്ഷേപിച്ച് പുകച്ച് ചാടിച്ചതിനു സമാനമായാണ് ഇപ്പോഴത്തെ വിമര്‍ശം.
ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും സ്വാഗതം ചെയ്യുമെന്നുമായിരുന്നു കഴിഞ്ഞദിവസംവരെ ഉമ്മന്‍ചാണ്ടി പഞ്ഞത്. എന്നാല്‍, അന്വേഷണം പ്രഖ്യാപിച്ചതോടെ നിലപാട് മാറ്റി. സിഎജി ബാഹ്യസമ്മര്‍ദത്തിന് വഴങ്ങിയെന്നാണ് ഉമ്മന്‍ചാണ്ടി ഇപ്പോള്‍ പറയുന്നത്. റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ സിഎജി നിയോഗിച്ച കണ്‍സള്‍ട്ടന്റ് നേരത്തെ കരാറിനെ എതിര്‍ത്ത് ലേഖനം എഴുതിയെന്നാണ് തന്റെ ഭാഗം സമര്‍ഥിക്കാന്‍ ഉമ്മന്‍ചാണ്ടി ഉയര്‍ത്തുന്ന വിചിത്ര വാദം. അദാനിയുമായി ഉണ്ടാക്കിയ കരാറിനുമുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ കരാറുമായി വേണം ഈ കരാറിനെ താരതമ്യപ്പെടുത്താന്‍ എന്നും വാദിക്കുന്നു.
ഇപ്പോഴത്തെ സാഹചര്യം നോക്കിയാണ് സിഎജി റിപ്പോര്‍ട്ടെന്നും അന്നത്തെ സാഹചര്യത്തില്‍ ഈ കരാറല്ലാതെ മറ്റ് വഴിയില്ലെന്നുമാണ് ഉമ്മന്‍ചാണ്ടിയുടെ മറ്റൊരുവാദം. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യം മാത്രമല്ല, കരാര്‍ ഒപ്പിടാനിടയായ നീണ്ട ശ്രമങ്ങള്‍തൊട്ട് അടുത്ത 40 വര്‍ഷം കഴിഞ്ഞാലുണ്ടാകുന്ന അവസ്ഥവരെ ശാസ്ത്രീയമായി പ്രതിപാദിച്ചാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
അദാനിയുമായി കരാറില്‍ ഒപ്പിടുന്ന സമയംതന്നെ കരാറിലെ സംസ്ഥാനവിരുദ്ധ താല്‍പ്പര്യങ്ങള്‍ സിപിഐ എം ഉള്‍പ്പെടെയുള്ള പ്രതിപക്ഷം ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല, മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തയ്യാറാക്കിയ വ്യവസ്ഥകളുടെ മേന്മകളും ചൂണ്ടിക്കാട്ടിയിരുന്നു. ഇതൊന്നും കണക്കിലെടുക്കാതെയാണ് 33 ശതമാനംമാത്രം മുതല്‍മുടക്കുന്ന അദാനിക്ക് ഒരു പ്രദേശമാകെ തീറെഴുതിക്കൊടുക്കുന്ന കരാറിന് ഉമ്മന്‍ചാണ്ടി ഒത്താശ ചെയ്തത്. കരാര്‍ കാലാവധി 30 വര്‍ഷമെന്ന വ്യവസ്ഥ മാറ്റി 40 വര്‍ഷം എന്നാക്കിയതിലൂടെമാത്രം 29,000 കോടിയിലേറെ രൂപയാണ് അദാനിക്ക് അധിക വരുമാനമുണ്ടാക്കാന്‍ സര്‍ക്കാര്‍ ഒത്താശ ചെയ്തതെന്ന് സിഎജി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
സംസ്ഥാന സര്‍ക്കാരിന് ലഭിക്കുമായിരുന്ന 61,095 കോടി രൂപയുടെ അധിക വരുമാനവും കരാറിലെ കൂട്ടിച്ചേര്‍ത്ത വ്യവസ്ഥകള്‍ കാരണം നഷ്ടമായി. ഉപകരണങ്ങള്‍ക്ക് യഥാര്‍ഥ വിലയേക്കാള്‍ വളരെക്കൂടുതല്‍ നിശ്ചയിച്ച് മൊത്തം ചെലവ് കൂട്ടിക്കാണിച്ചും സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കി.










0 comments