23 July Monday

ദുരന്തങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ സംവിധാനമൊരുക്കും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018


തിരുവനന്തപുരം > ഓഖി ചുഴലിക്കാറ്റിന്റെ അനുഭവപശ്ചാത്തലത്തില്‍ ഇത്തരം ദുരന്തങ്ങള്‍ മുന്‍കൂട്ടി മനസിലാക്കാന്‍ ഐഎസ്ആര്‍ഒയില്‍നിന്ന് പ്രത്യേകം വിവരം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. നിലവില്‍ രാജ്യത്ത് പൊതുവായ സംവിധാനം നിലവിലുണ്ട്. ഇതിനുപുറമെയാണ് സംസ്ഥാന സര്‍ക്കാര്‍ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട് സ്വന്തം സംവിധാനമൊരുക്കാന്‍ ശ്രമിക്കുന്നത്. ഇങ്ങനെ ലഭിക്കുന്ന വിവരം കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് ബോട്ടിനകത്തെ പ്രത്യേകസംവിധാനത്തിലേക്ക് കൈമാറാനാണ് ഉദ്ദേശിക്കുന്നത്. എത്ര ദൂരെ പോകുന്നവര്‍ക്കും വിവരം കൈമാറുന്നതിന് ക്രമീകരണമൊരുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഓഖി ചുഴലിക്കാറ്റില്‍പ്പെട്ട് കടലില്‍ മരിച്ച മത്സ്യത്തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം വിതരണംചെയ്യുകയായിരുന്നു അദ്ദേഹം.

ഓരോ ദിവസവും കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ ആരൊക്കെയെന്ന വിവരം ഫിഷറീസ് വകുപ്പിന്റെ പ്രത്യേക കേന്ദ്രത്തില്‍ സൂക്ഷിക്കും. തീരത്തുനിന്നുള്ള അടിയന്തരസന്ദേശങ്ങള്‍ കടലില്‍ പോകുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് വ്യക്തിപരമായിത്തന്നെ ലഭിക്കുന്നതിന് സംവിധാനമൊരുക്കും. ദുരന്തങ്ങളുണ്ടാകുമ്പോള്‍ നാം സ്വീകരിക്കേണ്ട നടപടികളും സംവിധാനങ്ങളും കാലാനുസൃതമായി പരിഷ്കരിക്കുന്നതിന് ആവശ്യമായ ശുപാര്‍ശകള്‍ സമര്‍പ്പിക്കാന്‍ ഉന്നത തല സമിതിയെ നിയോഗിച്ചു. മത്സ്യത്തൊഴിലാളികള്‍ക്ക് തീരത്തുനിന്ന് ഏറെ അകലെയല്ലാതെ സുരക്ഷിതമായ ജീവിതം ഉറപ്പാക്കുന്നതിന് നടപടി സ്വീകരിക്കും. കടലുമായി ബന്ധപ്പെടാവുന്ന പ്രദേശങ്ങളില്‍ത്തന്നെയാകും സുരക്ഷിത പുനരധിവാസമൊരുക്കുക. ഇതിനാവശ്യമായ പണംകൂടി ഉള്‍പ്പെടുത്തിയാണ് കേന്ദ്രസഹായം ആവശ്യപ്പെട്ടിരിക്കുന്നത്.

ഓഖി ദുരന്തബാധിതരെ സഹായിക്കുന്നതിന് സര്‍ക്കാര്‍ നടത്തിയ പ്രഖ്യാപനങ്ങള്‍ ഒരു മാറ്റവുമില്ലാതെ നടപ്പാക്കും. കാണാതായവരെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി സഹായം നല്‍കും. അതുവരെ, നഷ്ടപരിഹാരത്തുക ബാങ്കിലിട്ടാല്‍ ലഭിക്കുന്ന തുക ഒരോമാസവും ഈ കുടുംബങ്ങള്‍ക്ക് ലഭ്യമാക്കും. മരിച്ചവരുടെ കുടുംബത്തില്‍നിന്ന് ഒരാള്‍ക്ക് അവരുടെ യോഗ്യതയ്ക്കനുസരിച്ച് ജോലി നല്‍കും. ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും തൊഴിലെടുത്ത് ജീവിക്കാനാകാത്ത അവസ്ഥയിലുള്ള മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം സംബന്ധിച്ച് ഉചിതമായ നടപടി സ്വീകരിക്കും- മുഖ്യമന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top