22 October Monday

മലയാളത്തിന്റെ കഥാകാരന് പിറന്നാള്‍സമ്മാനമായി മാന്ത്രികവിസ്മയം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 2, 2018കണ്ണൂര്‍ > മലയാളത്തിന്റെ പ്രിയ കഥാകാരന്‍ ടി പത്മനാഭന് വിസ്മയത്തില്‍ പൊതിഞ്ഞ പിറന്നാള്‍ സമ്മാനം. 30 വര്‍ഷം മുമ്പ്  അദ്ദേഹം എഴുതിയ 'ഒടുവിലത്തെ പാട്ട്' എന്ന കഥ 88-ാം പിറന്നാള്‍ ദിനത്തില്‍ മജീഷ്യന്‍ ഗോപിനാഥ് മുതുകാട് വേദിയിലെത്തിച്ച് കഥാകാരന് മധുരിക്കുന്ന ഓര്‍മകള്‍ നല്‍കി. പ്രശസ്തനായ ഒരു മാന്ത്രികന്റെ അവസാന നാളുകളിലെ ജീവിതം 'വിസ്മയം തീരുമ്പോള്‍ വാനമ്പാടി പറക്കുന്നു' ശ്രീപുരം സ്കൂള്‍ അങ്കണത്തില്‍ കഥാകാരനടക്കമുള്ളവര്‍ വിങ്ങുന്ന ഹൃദയവുമായാണ് കണ്ടത്. ലോകത്ത് ഒരു കഥാകാരനും ലഭിക്കാത്ത ആദരവാണ് തനിക്ക് ലഭിച്ചതെന്ന് ടി പത്മനാഭന്‍ വികാരഭരിതനായി പ്രതികരിച്ചു. ആത്മാര്‍ഥതയാണ് എല്ലാ കലകളുടെയും വിജയകാരണമെന്നും ഗോപിനാഥ് മുതുകാടിന്റെ ഈ സൃഷ്ടിയുടെ വിജയവും അതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.  

പത്മനാഭന്റെ എല്ലാ കഥകളുമെന്നപോലെ നന്മയുടെ പ്രകാശം ചൊരിയുന്നതായിരുന്നു ഈ കഥയും. പ്രശസ്തനായ ജാലവിദ്യക്കാരന്‍ വാര്‍ധക്യത്തില്‍ നേരിടുന്ന അവഗണനയാണ് ഇതിവൃത്തം. ഒരു ജീവിതകാലം മുഴുവനെടുത്ത് പഠിച്ച ജാലവിദ്യ മൂന്ന് മണിക്കൂര്‍കൊണ്ടുമാത്രം പഠിച്ച നൃത്തത്തിന് മുന്നില്‍ അപമാനിക്കപ്പെടുന്നു. വേദനയോടെ ഇറങ്ങിപ്പോകുന്ന മജീഷ്യനെ മുസ്തഫ എന്ന ബാലന്‍ പിന്തുടരുന്നു. മാജിക് പെട്ടി ചുമന്നതിന് പണം നല്‍കിയപ്പോള്‍ പണം വേണ്ട മാജിക് പഠിപ്പിച്ചാല്‍ മതിയെന്ന് ആ ബാലന്‍ പറയുന്നു. എത്രമാത്രം അവഗണനയും അവഹേളനവും നേരിട്ടാലും നന്മയുടെ പ്രകാശം ഏറ്റുവാങ്ങാന്‍ പുതിയ തലമുറ വരുമെന്ന സന്ദേശത്തോടെയാണ്  അവസാനിക്കുന്നത്. 

മാജിക്, നാടകം, സ്ക്രീനിങ്  എന്നീ സങ്കേതങ്ങള്‍ ഉപയോഗിച്ചാണ് കഥയിലെ ചിന്തകളും യാഥാര്‍ഥ്യങ്ങളും അവതരിപ്പിക്കുന്നത്. ഹൃദയസ്പര്‍ശിയായിരുന്നു 40 മിനുട്ടോളം ദൈര്‍ഘ്യമുള്ള  മാന്ത്രികാവിഷ്കാരം. ഗോപിനാഥ് മുതുകാട് മജീഷ്യനായും തിരുവനന്തപുരം ആര്‍മി സ്കൂള്‍ വിദ്യാര്‍ഥിയായ ആദിത്യന്‍ മുസ്തഫയായും മികവുറ്റ അഭിനയം കാഴ്ചവയ്ക്കുന്നു. ശ്രീകാന്ത് കൊട്ടയ്ക്കലാണ് രചന. ജിത്തു കോളയാട് സംവിധാനം നിര്‍വഹിച്ചു.സാഹിത്യ അക്കാദമി, കണ്ണൂര്‍ പ്രസ് ക്ളബ്, മാജിക് അക്കാദമി എന്നിവ ചേര്‍ന്നാണ് പരിപാടി സംഘടിപ്പിച്ചത്. സാംസ്കാരിക മന്ത്രി എ കെ ബാലന്‍ സന്ദേശം നല്‍കി. കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് വൈശാഖന്‍, സെക്രട്ടറി കെ പി മോഹനന്‍, എംഎല്‍എമാരായ  എം സ്വരാജ്, എ എന്‍ ഷംസീര്‍, ദേശാഭിമാനി ചീഫ് എഡിറ്റര്‍ എം വി ഗോവിന്ദന്‍, ലളിതകലാ അക്കാദമി സെക്രട്ടറി പൊന്ന്യം ചന്ദ്രന്‍, രഘുനാഥ് പലേരി, പ്രദീപ് ചൊക്ളി, കെഎപി കമാന്‍ഡന്റ് സഞ്ജയ്കുമാര്‍ ഗുരുഡില്‍, ഫാ. എബ്രഹാം പറമ്പേത്ത് തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുത്തു. പ്രശാന്ത് പുത്തലത്ത് നന്ദി പറഞ്ഞു.

പ്രധാന വാർത്തകൾ
Top