20 November Tuesday
ദേശാഭിമാനിയുടെ കരുതൽ

പാതാളം സ‌്കൂളിന് കുസാറ്റ് കൂട്ടായ്മ സഹായമെത്തിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 1, 2018


കൊച്ചി
ദേശാഭിമാനി ഇടപെടലിനെത്തുടർന്ന് കുസാറ്റ‌്  ഫേസ്ബുക്ക് കൂട്ടായ്മ  പ്രളയത്തിൽ സർവ്വം നഷ്ടമായ പാതാളത്തുള്ള ഏലൂർ ഗവണ്മെന്റ് ഹൈസ്കൂളിലെ കുട്ടികൾക്ക‌്  ഒരു ലക്ഷം രൂപയുടെ സഹായമെത്തിച്ചു.  കുസാറ്റ് പ്രൊ വൈസ് ചാൻസിലർ ഡോ. പി ജി ശങ്കരൻ പ്രധാനധ്യാപികയുടെ ചുമതലയുള്ള ബിന്ദുവിന് തുക കൈമാറി.ബുധനാഴ്ച ക്ലാസുകൾ തുറന്ന ദിവസം സ്കൂളിൽ പകുതിയിലേറെ കുട്ടികളും എത്തിയിരുന്നില്ല. പ്രളയത്തെത്തുടർന്ന് പല കുട്ടികളും അകലെ ബന്ധുവീടുകളിലും മറ്റുമായിരുന്നു.

എന്നാൽ അധ്യാപകരുടെ അന്വേഷണത്തിൽ വസ്ത്രമില്ലാത്തതുകൊണ്ട് കുട്ടികൾ വരാതിരുന്നതായും  വെള്ളപ്പാച്ചിലിൽ  വീട്ടു സാധനങ്ങളോടൊപ്പം കുട്ടികളുടെ ബാഗുകളും നഷ്ടപ്പെട്ടതായും കണ്ടെത്തി. ഈ വിവരങ്ങൾ അധ്യാപകർ സ്കൂളിലെത്തിയ ദേശാഭിമാനി കളമശേരി ഏരിയാ ലേഖകൻ കെ പി വേണുവിനോട് പങ്കുവച്ചു. അടിയന്തരമായി ബാഗുകളും വസ്ത്രവുമില്ലാത്ത കുട്ടികൾക്ക് വസ്ത്രങ്ങളും വേണമെന്നും വ്യാപകമായ പ്രളയദുരിതത്തെത്തുടർന്ന് ഏലൂരിലെ ആർക്കും  സഹായിക്കാൻ കഴിയാത്ത നിലയാണെന്നും അവർ പറഞ്ഞു. വിവരം ലേഖകൻ കൊച്ചി സർവകലാശാല യൂത്ത് വെൽഫെയർ ഡയറക്ടർ ഡോ. പി കെ ബേബിയുമായി സംസാരിക്കുകയും അദ്ദേഹം വിശദമായ കുറിപ്പ‌് തയ്യാറാക്കി ബുധനാഴ്ച പകൽ 3 ന് ഫേസ‌്ബുക്കിൽ പോസ്റ്റ് ചെയ്യുകയുമായിരുന്നു. കുസാറ്റിലും രാജ്യത്തിനകത്തും പുറത്തുമുള്ള മുൻ വിദ്യാർഥികളും കുസാറ്റിലെ ജീവനക്കാരും അധ്യാപകരും വിരമിച്ചവരും ഇതിൽ പങ്കാളികളായി.

വ്യാഴാഴ്ച ഉച്ചയോടെ ഒരു ലക്ഷം രൂപ ലഭിച്ചതോടെ ഇനി പണമയക്കേണ്ട എന്ന സന്ദേശവും നൽകി.
വെള്ളിയാഴ്ച രാവിലെ സ്കൂളിൽ നടന്ന ചടങ്ങിൽ ഡോ. പി കെ ബേബി, പിടിഎ പ്രസിഡന്റ് ബിന്ദുരാജ്, അധ്യാപികമാർ വിദ്യാർഥികൾ, ദേശാഭിമാനി ഏരിയ റിപ്പോർട്ടർ കെ പി വേണു തുടങ്ങിയവർ പങ്കെടുത്തു.


പ്രധാന വാർത്തകൾ
Top