Top
20
Tuesday, February 2018
About UsE-Paper

കയ്യൂര്‍ സ്കൂള്‍ കുതിക്കുന്നു; പുതിയ സൌകര്യങ്ങളിലേക്ക്

Tuesday Oct 31, 2017
വെബ് ഡെസ്‌ക്‌
ചെറുവത്തൂര്‍ > കയ്യൂരിന്റെ കുതിപ്പിന് അറിവിന്റെ വാതായനങ്ങള്‍ തുറന്ന് കൊടുത്ത് കയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍. 1957ലെ ഇ എം എസ് മന്ത്രിസഭയാണ് കയ്യൂരില്‍ സ്കൂള്‍ അനുവദിച്ചത്. സ്കൂളിനായി പുതുതായി തയ്യാറാക്കിയ പുതിയ ബോക്ക് ചൊവ്വാഴ്ച രാവിലെ പത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
കയ്യൂര്‍ രക്തസാക്ഷി മണ്ഡപത്തിന് സമീപത്തെ ഹാളിലായിരുന്നു സ്കൂള്‍ പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ജനങ്ങളുടെ അകമഴിഞ്ഞ പരിശ്രമത്തിലൂടെ നിലവില്‍ സ്കൂള്‍ നില നില്‍ക്കുന്ന സ്ഥലത്ത് കെട്ടിടം പണിതു. വാഹനങ്ങള്‍ എത്താനുള്ള സൌകര്യം അന്നുണ്ടായിരുന്നില്ല. അരയാക്കടവില്‍ തോണിയില്‍ എത്തിച്ച കെട്ടിട നിര്‍മാണ വസ്തുക്കള്‍ കിലോമീറ്ററോളം തലച്ചുമടായി കൊണ്ടു വന്നാണ് കെട്ടിടം പണിതത്. പിന്നീടുള്ള ഓരോ ഘട്ടത്തിലും സ്കൂള്‍ വളര്‍ച്ചയുടെ പാതയിലായി.  ഹൈസ്കൂളായി ആരംഭിച്ച സ്കൂളില്‍ പിന്നീട്, ഹയര്‍സെക്കന്‍ഡറിയും വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറിയും അനുവദിച്ചു. പാഠ്യ- പാഠ്യേതര വിഷയങ്ങളില്‍ ഉന്നത നിലവാരം പുലര്‍ത്തുന്ന സ്കൂളുകളുടെ പട്ടികയിലാണ് കയ്യൂര്‍ സ്കൂള്‍. എസ്എസ്എല്‍സി പരീക്ഷയില്‍ തുടര്‍ച്ചയായി എട്ടാം തവണയും നൂറു ശതമാനം വിജയം നേടിയ സ്കൂളാണിത്. സ്കൂള്‍ വികസനത്തിനനുസരിച്ച് ആവശ്യമായ കെട്ടിട സൌകര്യം സ്കൂളിനുണ്ടായിരുന്നില്ല. പി കരുണാകരന്‍ എംപിയുടെ ശ്രമഫലമായി എന്‍ഡോസള്‍ഫാന്‍ പാക്കേജില്‍ ഉള്‍പ്പെടുത്തി നബാര്‍ഡിന്റെ ധനസഹായത്തോടെ ജില്ലയില്‍ നടപ്പാക്കുന്ന വിവിധ പദ്ധതികളുടെ ഭാഗമായി കയ്യൂര്‍ സ്കൂള്‍ കെട്ടിവും ഒരുങ്ങി. രണ്ടരക്കോടി ചെലവില്‍ നിര്‍മിച്ച രണ്ട് നില കെട്ടിടത്തില്‍ 24 മുറികളാണുള്ളത്. ഹയര്‍സെക്കന്‍ഡറി ബ്ളോക്കാണ് ഇതില്‍ പ്രവര്‍ത്തിക്കുക. പുതിയ ബ്ളോക്ക് തുറന്ന് കൊടുക്കുന്നതോടെ സ്കൂളിന്റെ അടിസ്ഥാന സൌകര്യങ്ങള്‍ കൂടുതല്‍ മെച്ചപ്പെടും. സ്കൂളിനെ പൂര്‍ണമായും ഹൈടെക്ക് ആക്കാനുള്ള ശ്രമങ്ങള്‍ പിടിഎ, അധ്യാപകര്‍, നാട്ടുകാര്‍, പൂര്‍വ വിദ്യാര്‍ഥികള്‍ എന്നിവരുടെ നേതൃത്വത്തില്‍ നടക്കുകയാണ്.