Top
20
Tuesday, February 2018
About UsE-Paper

മുഴുവന്‍ നെല്ലും സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ സംഭരിക്കും

Saturday Oct 28, 2017
വെബ് ഡെസ്‌ക്‌

 കാസര്‍കോട് > ജില്ലയിലെ മുഴുവന്‍ നെല്ലും സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ സംഭരിക്കും. ഒന്നാംവിള നെല്‍കൃഷിയുടെ ഭാഗമായി കൊയ്തെടുത്ത നെല്ല് പൂര്‍ണമായി  സംഭരിക്കുന്നില്ലെന്ന ആക്ഷേപമുണ്ടായിരുന്നു. നേരത്തെ അപേക്ഷ നല്‍കിയവരുടേത് മാത്രമാണ് സംഭരിച്ചത്. ഇതിനെ തുടര്‍ന്ന് കര്‍ഷകര്‍ കെ കുഞ്ഞിരാമന്‍ എംഎല്‍എക്ക് പരാതി നല്‍കിയിരുന്നു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കൃഷിമന്ത്രി വി എസ് സുനില്‍കുമാറുമായും സിവില്‍ സപ്ളൈസ് മന്ത്രി തിലോത്തമനുമായും കെ കുഞ്ഞിരാമന്‍ എംഎല്‍എ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നു.

ഇതിനെ തുടര്‍ന്നാണ് ജില്ലയിലെ കര്‍ഷകര്‍ ഉല്‍പാദിപ്പിക്കുന്ന മുഴുവന്‍ നെല്ലും സംഭരിക്കാന്‍ തീരുമാനിച്ചത്. സംഭരണവുമായി ബന്ധപ്പെട്ട് കര്‍ഷകര്‍ അക്ഷയ കേന്ദ്രം വഴി അപേക്ഷ നല്‍കണമെന്ന് കെ കുഞ്ഞിരാമന്‍ എംഎല്‍എ അറിയിച്ചു. കിലോവിന് 24 രൂപ നല്‍കി സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ നെല്ല് സംഭരിക്കും. നെല്‍കൃഷിക്ക് വിത്തുള്‍പ്പെടെ നല്‍കുകയും മികച്ച സബ്സിഡി അനുവദിക്കുകയും ചെയ്തതോടെ ജില്ലയില്‍ തരിശിട്ട വയലുകളിലടക്കം നെല്‍കൃഷി ചെയ്തിരുന്നു. വിവിധ സംഘടനകളും സ്ഥാപനങ്ങളും വിദ്യാലയങ്ങളും നെല്‍കൃഷിയിലേക്ക് തിരിഞ്ഞിരുന്നു. സര്‍ക്കാരിന്റെ പ്രോത്സാഹനവും മെച്ചപ്പെട്ട  കാലവസ്ഥയുമായതിനാല്‍ ഉല്‍പാദനവും വന്‍ തോതിലായിരുന്നു. കൊയ്ത്തിന്റെ സമയത്ത് വ്യാപകമായി മഴ പെയ്തതിനാല്‍ കര്‍ഷകര്‍ക്ക് അല്‍പം പ്രയാസമുണ്ടായിരുന്നു. ഇതേ സമയത്ത് തന്നെയാണ് സിവില്‍ സപ്ളൈസ് കോര്‍പറേഷന്‍ സംഭരണത്തില്‍നിന്ന് പിന്‍വാങ്ങിയത്. ഇത് കര്‍ഷകരെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇതിനാണ് കെ കുഞ്ഞിരാമന്‍ എംഎല്‍എയുടെ ഇടപെടലിലൂടെ പരിഹാരമായത്.