14 November Wednesday

ഓണാഘോഷമില്ലെങ്കിലും ഇടയിലെക്കാട്ടെ വാനരർ സദ്യയുണ്ടു ‌

വെബ് ഡെസ്‌ക്‌Updated: Monday Aug 27, 2018

ഇടയിലെക്കാട് കാവിൽ വാനരർക്ക്‌ സദ്യ ഒരുക്കിയപ്പോൾ

തൃക്കരിപ്പൂർ 
 ഇടയിലെക്കാട് കാവിലെ വാനരർക്ക് ഇക്കുറിയും മുടക്കമില്ലാതെ ഓണസദ്യ. നവോദയ വായനശാല ആൻഡ്‌ ഗ്രന്ഥാലയം ബാല വേദിയുടെ ആഭിമുഖ്യത്തിലാണ് പ്രളയ ദുരിതത്തിൽപ്പെട്ടവർക്കുള്ള ധനസഹായം ശേഖരിച്ചു കൊണ്ട് ഓണസദ്യ ഒരുക്കിയത്.നാടെങ്ങും ഓണാഘോഷമില്ലാത്തതിനാൽ ഇക്കുറി വൻ ജനാവലിയായിരുന്നു സദ്യയുടെ കൗതുകം വീക്ഷിക്കാനെത്തിച്ചേർന്നത്. കാഴ്ചക്കാർക്ക് കൗതുകവും രസവും പകർന്ന സദ്യ ഇത്തവണ പതിനൊന്നാം വർഷത്തിലേക്ക് കടന്നു.
ഉപ്പു ചേർത്ത പലഹാരങ്ങളും ബേക്കറി സാധനങ്ങളും മറ്റും കുരങ്ങുകൾക്ക് ഭക്ഷണമായി നൽകുന്നതിനാൽ കാവിലെ വാനരപ്പടയുടെ എണ്ണം വൻതോതിൽ കുറഞ്ഞിരുന്നു. ദിവസേന കാവിന്റെ പാരിസ്ഥിതിക പ്രാധാന്യം മനസ്സിലാക്കുന്നതിനും മനുഷ്യരോട് ഏറെ ഇണക്കമുള്ള വാനര സംഘത്തെ കാണാനും നൂറുകണക്കിനാളുകൾ  എത്താറുണ്ട്. ഉപ്പു ചേർക്കാത്തതും പഴങ്ങളും പച്ചക്കറികളും ഭക്ഷണമായി നൽകുക എന്ന സന്ദേശമുയർത്തിയാണ് വാനരർക്ക് വർഷത്തിലൊരിക്കൽ ഓണസദ്യ അവിട്ടം നാളിൽ ഒരുക്കുന്നത്‌. ചക്ക, പപ്പായ, തക്കാളി, പൈനാപ്പിൾ, വാഴപ്പഴം, സർബത്തിൻ കായ, വത്തക്ക, ബീറ്റ്റൂട്ട്, ക്യാരറ്റ്, കക്കിരിക്ക എന്നിവയാണ് കുട്ടികൾ ഓണപ്പുടവയും ധരിച്ച് വാഴയിലയിൽ വിഭവങ്ങളായി വിളമ്പിയത്. ചക്കയ്ക്കായിരുന്നു കുരങ്ങളുടെ പിടിവലി ഏറെയും. ഹരിത ചട്ടം പാലിച്ച് സ്റ്റീൽ ഗ്ലാസിൽ വെള്ളവും നൽകി.
കാവിലെ വാനരൻമാർക്ക് നിത്യവും ഉപ്പു ചേർക്കാത്ത ചോറ് നൽകി വരുന്ന ചാലിൽ മാണിക്കം ചോറുവിളമ്പിയതോടെയാണ് സദ്യക്ക് തുടക്കമായി. ഗ്രന്ഥാലയം പ്രവർത്തകർ പ്രളയ ദുരിതാശ്വാസഫണ്ട് ശേഖരണ അഭ്യർഥന പോസ്റ്ററുകളും സ്ഥാപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ബക്കറ്റ് പിരിവായി 4630 രൂപ കാണികളിൽ നിന്നും ശേഖരിച്ച ശേഷമായിരുന്നു സദ്യ തുടങ്ങിയത്. 12 ഏക്കർ വിസ്തൃതിയുള്ള ഇടയിലെക്കാട് കാവിന്റെ ജൈവസമ്പന്നതയും പാരിസ്ഥിതിക പ്രാധാന്യവും കാവിലേക്ക് പ്ലാസ്റ്റിക് കവറുകൾ വലിച്ചെറിയുന്നത് തടയുന്നതിനുമെതിരെയുള്ള ബോധവൽക്കരണവും ഇതോടൊപ്പം നടന്നു.      ഗ്രന്ഥാലയം പ്രസിഡന്റ് പി വി പ്രഭാകരൻ, സെക്രട്ടറി പി വേണുഗോപാലൻ, വലിയപറമ്പ് പഞ്ചായത്ത് അംഗം വി കെ കരുണാകരൻ, ബാലവേദി കൺവീനർ എം ബാബു, ആനന്ദ് പേക്കടം, എം ബാലകൃഷ്ണൻ, വി ഹരീഷ് എന്നിവർ  നേതൃത്വം നൽകി.
 
 
പ്രധാന വാർത്തകൾ
Top