19 September Wednesday
കാസർകോട്‌ നഗരസഭ

നിയമവിരുദ്ധ പ്രവൃത്തികൾ അന്വേഷിക്കും

സ്വന്തം ലേഖകൻUpdated: Tuesday Jul 24, 2018
കാസർകോട്
അംഗീകാരം നേടാതെ വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതും  ഇതുവരെ നിർമാണം ആരംഭിക്കാത്തതുമായ പ്രവൃത്തികൾക്ക്‌  ജില്ലാ ആസൂത്രണസമിതിയുടെ അംഗീകാരം നേടാനുള്ള കാസർകോട്‌ നഗരസഭയുടെ നീക്കത്തിന്‌ തിരിച്ചടി. പ്രവൃത്തികളെ കുറിച്ച്‌ അന്വേഷിച്ച്‌ റിപ്പോർട്ട്‌ നൽകാൻ  എൽഎസ്‌ജിഡി എക്‌സിക്യൂട്ടീവ്‌ എൻജിനിയർ കെ മധുസൂദനനെ കലക്ടറുടെ ചുമതലയുള്ള എഡിഎം എൻ ദേവിദാസ്‌ ചുമതലപ്പെടുത്തി.  സിപിഐ എം കാസർകോട്‌ ഏരിയാസെക്രട്ടറി കെ എ മുഹമ്മദ്‌ ഹനീഫയുടെ പരാതിയുടെ അടിസ്ഥാനത്തിലാണിത്‌. 
ഡിപിസിയുടെയോ  സംസ്ഥാന സർക്കാരിന്റെയോ അനുമതി നേടാതെയും ടെൻഡർ വിളിക്കാതെയും നടത്തിയ പ്രവൃത്തികളെ പുതിയതാക്കിയും സ്‌പിൽ ഓവറായും അവതരിപ്പിച്ച്‌  അനുമതി നേടാനായിരുന്നു നഗരസഭയുടെ ശ്രമം.  ഭരണസമിതി നേതൃത്വത്തിൽ ഉദ്യോഗസ്ഥരെ കൂട്ടുപിടിച്ച്‌ നടത്തിയ ക്രമവിരുദ്ധ പ്രവൃത്തികൾ ഏറെയാണ്‌. ഇവ അന്വേഷിച്ചാൽ ഉദ്യോഗസ്ഥരും ഭരണസമിതിയും ഒരുപോലെ കുടുങ്ങും. കോടിക്കണക്കിന്‌ രൂപയുടെ അഴിമതിയാണ്‌ പത്തുവർഷത്തിനുള്ളിൽ നഗരസഭയിൽ നടന്നത്‌.
2017‐ 18 വർഷത്തിൽ നഗരസഭയിൽ സ്പിൽഓവർ വർക്കായി 138 പ്രവൃത്തി മാത്രമാണുള്ളതെന്ന് വിവരാവകാശ നിയമപ്രകാരം  അസിസ്റ്റന്റ് എൻജിനിയർ അറിയിച്ചിട്ടുണ്ട്‌.  ഇതിൽ പറയുന്ന 90 ശതമാനം പ്രവൃത്തിയും കൗൺസിൽ അംഗീകരിച്ച  സ്പിൽഓവറിൽ ഉൾപ്പെടുന്നില്ല. പകരം വർഷങ്ങൾക്ക് മുമ്പ് നിർമിച്ചതും  ഇതുവരെ നിർമാണം ആരംഭിക്കാത്തതും പേരുമാറ്റി സ്പിൽഓവറായി ഉൾപ്പെടുത്തുകയാണുണ്ടായത്. 
മാർച്ച് 26ന് നടന്ന ആസൂത്രണ സമിതി യോഗം അംഗീകാരം നൽകിയവയിലും വർഷങ്ങൾക്ക് മുന്പ് നിർമാണം പൂർത്തിയാക്കിവയുണ്ട്‌. പുതിയ പ്രോജക്ടാണെന്ന്‌ ഡിപിസിയെ  തെറ്റിദ്ധരിപ്പിച്ച്  അംഗീകാരം നേടി കരാറുകാർക്ക് പണം നൽകുകയാണ് നഗരസഭ.  വർഷങ്ങൾക്ക് മുമ്പേ പ്രവൃത്തി പൂർത്തിയാക്കിയതും പണി  തുടങ്ങാത്തതുമാണിവ. സ്‌പിൽഓവറിൽ മാത്രം 3,37,60,340 രൂപയുടെ പ്രവൃത്തിക്ക്‌ അനുമതി നേടാനായിരുന്നു നീക്കം. 
പ്രധാന വാർത്തകൾ
Top