19 November Monday

എഫ്സിഐയിൽ തൊഴിലാളികളുടെ ആനുകൂല്യം നിഷേധിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Thursday Aug 23, 2018
നീലേശ്വരം
എഫ്‌സിഐ ഗോഡൗണിൽ ജനാധിപത്യപരമായ ട്രേഡ്‌ യൂണിയൻ പ്രവർത്തനം അനുവദിക്കണമെന്ന്‌ സിഐടിയു ജില്ലാ പ്രസിഡന്റ്‌ കെ ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. 
ഒരു കേന്ദ്ര സംഘടനയിലും അഫിലിയേഷൻ ഇല്ലാത്ത യൂണിയൻ നേതാവിന്റെ ഏകാധിപത്യത്തെ ചോദ്യം ചെയ്തതിന്‌  മൂന്ന് ചുമട്ടുതൊഴിലാളികളെ യൂണിയനിൽ നിന്നൂം പുറത്താക്കി. അതോടൊപ്പം എഫ്സിഐ യിലെ തൊഴിലാളികൾക്ക് കേരള ഗവൺമെന്റ് അനുവദിച്ച 'ടണ്ണേജ്’ ആനുകൂല്യങ്ങൾ നിഷേധിക്കുകയുംചെയ്‌തു. 
  യൂണിയൻ സെക്രട്ടറിയുടെ അനധികൃത പണപ്പിരിവും ഏകാധിപത്യ പ്രവണതയും മാനേജ്മെന്റ് പ്രീണനവും സഹിക്കാനാകാതെയാണ് ഇവിടുത്തെ മൂന്ന് തൊഴിലാളികൾ ഇതിനെ ചോദ്യം ചെയ്തത്. നേരത്തെ ഒരുതൊഴിലാളിക്കെതിരെ വധഭീഷണി ഉണ്ടായതിനെ തുടർന്ന് നീലേശ്വരം പൊലിസിൽ പരാതി നൽകുകയുണ്ടായി. ഇതിന്റെ പേരിൽ നീലേശ്വരം സിഐ യൂണിയൻ നേതാവിനെ താക്കീത് ചെയ്ത് വിട്ടതാണ്. ഇത്  ആവർത്തിക്കുകയാണ്. നേതാവിന്റെ ഇത്തരം ചെയ്തികളിൽ മനം മടുത്ത തൊഴിലാളികൾ യൂണിയനിൽനിന്ന്‌  രാജി വെക്കാനൊരുങ്ങുകയാണ്‌.  
പല കാര്യങ്ങൾ പറഞ്ഞ് തൊഴിലാളികളിൽനിന്ന്‌  അനധികൃതമായി പണം പിരിക്കൂന്നതായി തൊഴിലാളികൾക്ക് ആക്ഷേപമുണ്ട്. ഭീഷണിയെ ഭയന്ന് ആരും ഇതിനെ എതിർക്കാൻ തയ്യാറാവുന്നില്ല. ചോദ്യം ചെയ്ത മൂന്നു പേർക്ക് എതിരെയാണ് ഇപ്പോൾ വധ ഭീഷണിയും പുറത്താക്കലും ആനുകൂല്യ നിഷേധവും നടത്തിയത്. ഈ പ്രശ്നത്തിൽ അടിയന്തിരമായും എഫ്സിഐ മാനേജ്മെന്റും തൊഴിൽ വകുപ്പും ഉടൻ ഇടപെടണം‐ കെ ബാലകൃഷ്‌ണൻ ആവശ്യപ്പെട്ടു. 
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top