Top
23
Thursday, November 2017
About UsE-Paper

ജൈവ വൈവിധ്യത്തിന് ഭീഷണിയായി വഡേലിയ

Friday Aug 18, 2017
വെബ് ഡെസ്‌ക്‌
വെള്ളാട്ട്- കയ്യൂര്‍ തീരദേശ റോഡരികില്‍ കൂട്ടമായി വളര്‍ന്ന വഡേലിയ ചെടികള്‍.
ചെറുവത്തൂര്‍ > പ്രാദേശിക ജൈവ വൈവിധ്യത്തെ തകിടം മറിച്ച് വഡേലിയ വ്യാപകമാകുന്നു. കേരളത്തില്‍ കാണാവുന്ന ഒരു അധിനിവേശ സസ്യമാണ് സിംഗപ്പൂര്‍ ഡെയ്സി അല്ലെങ്കില്‍ വഡേലിയ. ഇത് അമ്മിണിപ്പൂ എന്നപേരിലും അറിയപ്പെടുന്നുണ്ട്. സൂര്യകാന്തിയുടെ കുടുംബത്തില്‍പെടുന്നതാണ് ഈ ചെടി. കടും പച്ചനിറത്തില്‍ ഇലകളും നിലത്തോട് പറ്റിച്ചേര്‍ന്നു വളരുന്ന സ്വഭാവവുമുള്ള വഡേലിയയുടെ മുഖ്യ ആകര്‍ഷണം മഞ്ഞനിറത്തിലുള്ള നക്ഷത്രപ്പൂക്കളാണ്. നിലത്ത് പറ്റിക്കിടന്ന് ഏറെ ഉയരത്തിലല്ലാതെ വളരുന്ന ഈ ചെടിയും പൂവും ആരെയും ആകര്‍ഷിക്കും. അതിനാല്‍ ഇതിനെ പലരും നശിപ്പിക്കാറില്ല. 
കാഴ്ചയില്‍ സൌന്ദര്യമുള്ള ഈ ചെടി ഏറെ വിനാശകാരിയാണ്. കയ്യൂര്‍- ചീമേനി പഞ്ചായത്തിലെ കയ്യൂര്‍, കൂക്കോട്ട്, വെള്ളാട്ട് പ്രദേശങ്ങളിലിപ്പോള്‍ ഈ ചെടി ധാരാളമുണ്ട്. മഴക്കാലമായാല്‍ തേജസ്വിനി പുഴ ഈ പ്രദേശങ്ങളില്‍ കരകവിഞ്ഞൊഴുകാറുണ്ട്. ഈ സമയത്ത് മലവെള്ളപ്പാച്ചിലില്‍ ഒലിച്ചുവരുന്ന മണ്ണാണ് പുഴയോരങ്ങളിലെ പറമ്പുകളിലെ കൃഷിക്ക് വളമാകുന്നത്. ഇത്തവണ മഴ കുറഞ്ഞതിനെ തുടര്‍ന്ന് പുഴ കര കവിഞ്ഞില്ല. അതിനാല്‍ ഈ പ്രദേശത്തെ പുഴയോരങ്ങളില്‍ വഡേലിയ പടര്‍ന്നിരിക്കുകയാണ്. ഈ പ്രദേശങ്ങളിലെ  പാടങ്ങളിലും മറ്റു കൃഷിയിടങ്ങളിലും ഇവ തഴച്ചുവളരുന്നുമുണ്ട്. മണ്ണിന്റെ ജൈവാംശം മുഴുവന്‍ വലിച്ചെടുത്ത് മണ്ണിന്റെ സ്വാഭാവികത ഇല്ലാതാക്കാനുള്ള കഴിവ് ഇവയ്ക്കുണ്ട്. വളം പൂര്‍ണമായും ഇവ വലിച്ചെടുക്കും. മാത്രമല്ല ഈ ചെടി ഭക്ഷിച്ചാല്‍ വളര്‍ത്തുമൃഗങ്ങള്‍ക്ക് അസുഖവുമുണ്ടാകും.  അലങ്കാരമായി വന്ന ചെടിയുടെ ഇത്തരത്തിലുള്ള ഉപദ്രവം കര്‍ഷകര്‍ തിരിച്ചറിഞ്ഞിട്ടില്ല. ഈര്‍പ്പമുള്ളിടത്തെല്ലാം വഡേലിയ ആധിപത്യമുറപ്പിച്ചു. 
കീടങ്ങളും രോഗങ്ങളും ഈ ചെടിയില്‍ അടുക്കാറില്ല. മെക്സിക്കോ, കരീബിയന്‍ ദ്വീപുകള്‍, തെക്കുകിഴക്കന്‍ ഏഷ്യ എന്നിവിടങ്ങളില്‍ ഇതിനെ അലങ്കാരച്ചെടിയായി ഉപയോഗിക്കാറുണ്ട്. കേരളത്തില്‍ കാണപ്പെടുന്ന ചെറുസൂര്യകാന്തിയുമായി വളരെ സാദൃശ്യമുള്ള ഈ ചെടിയെ തീരകാന്തി, കമ്മല്‍ ചെടി എന്നും വിളിക്കാറുണ്ട്. ഈ ചെടിയുടെ പ്രത്യേകത മനസ്സിലാക്കിയ ചിലര്‍ ചാണകത്തോടൊപ്പം ചേര്‍ത്ത് ജൈവ വളമാക്കി പച്ചക്കറിക്കുള്ള ജൈവ കീടനാശിനിയായും ഉപയോഗിക്കാറുണ്ട്.