20 September Thursday

കാസർകോട് ഭെൽ ‐ ഇഎംഎൽ സംസ്ഥാന സർക്കാർ ഏറ്റെടുക്കും

പ്രത്യേക ലേഖകൻUpdated: Wednesday May 16, 2018

 കാസർകോട്

ബദ്രടുക്കയിലെ ഭെൽ‐ ഇഎംഎൽ കമ്പനി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. വ്യവസായമന്ത്രി എ സി മൊയ്തീൻ തിരുവനന്തപുരത്ത് വിളിച്ചുചേർത്ത  യോഗത്തിലാണ് ഭെല്ലിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ സ്ഥാപനം സംരക്ഷിക്കാൻ തീരുമാനിച്ചത‌്. ഏറ്റെടുക്കൽ നടപടി അടിയന്തരമായി പൂർത്തിയാക്കാൻ ഭെല്ലുമായി ചർച്ചനടത്താൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ കമ്മിറ്റിയെ  ചുമതലപ്പെടുത്തി. കമ്പനിയുടെ പ്രവർത്തനം കാര്യക്ഷമമാക്കാൻ സംസ്ഥാന സർക്കാർ പ്രതിനിധിയെ ബോർഡ് മെമ്പറാക്കും. ദൈനംദിന പ്രവർത്തനം കുറ്റമറ്റരീതിയിൽ നടത്താൻ വ്യവസായ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥന‌് പ്രത്യേക ചുമതല നൽകും. 
റെയിൽവേയുടെ ഓർഡറുകൾ ഉറപ്പാക്കുന്നതിനും പുതിയ പദ്ധതികൾ ലഭ്യമാക്കാനും വ്യവസായമന്ത്രി എ സി മൊയ്തീൻ  കേന്ദ്ര റെയിൽവേ, വ്യവസായ മന്ത്രിമാരുമായി ചർച്ച നടത്തും. ഇതുമായി ബന്ധപ്പെട്ട യോഗത്തിന്റെ  തിയതി തീരുമാനിക്കാൻ പി കരുണാകരൻ എംപിയെ ചുമതലപ്പെടുത്തി. ഏറ്റെടുക്കൽ പൂർത്തിയാകുന്ന സമയത്ത് കമ്പനി പ്രവർത്തനം ഏതുരൂപത്തിലാകണമെന്നതും ഉൽപാദനം സംബന്ധിച്ചും വിദഗ്ധരുമായി ചർച്ച നടത്തി തീരുമാനമെടുക്കാൻ ആർഐഎബിയോട് നിർദേശിച്ചു. സ്ഥാപനത്തിന്റെ കാര്യക്ഷമത വർധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് യൂണിയനുകളോട് അഭിപ്രായം സമർപ്പിക്കാൻ മന്ത്രി ആവശ്യപ്പെട്ടു. തൊഴിലാളികളുടെ ശമ്പള വ്യവസ്ഥ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളിൽ  ആശങ്ക വേണ്ടെന്ന് മന്ത്രി ഉറപ്പുനൽകി. ഏറ്റെടുക്കൽ പൂർത്തിയാക്കുന്ന മുറയ്ക്ക് മുൻകാല പ്രാബല്യത്തിൽ ശമ്പള കരാർ നടപ്പാക്കും. 24ന്  മന്ത്രി കമ്പനി സന്ദർശിക്കും. 
2011 മാർച്ച് 28നാണ് ഭാരത് ഹെവി ഇലക്ട്രിക്കൽ ലിമിറ്റഡ് (ബിഎച്ച്ഇഎൽ) മികച്ച രീതിയിൽ പ്രവർത്തിക്കുകയായിരുന്ന കേരള ഇലക്ട്രിക്കൽ ആൻഡ് അലൈഡ് എൻജിനിയറിങ് ലിമിറ്റഡിനെ (കെൽ) ഏറ്റെടുത്ത് ഉപ കമ്പനിയാക്കിയത്. സ്ഥാപനത്തിന്റെ  51 ശതമാനം ഓഹരി ഭെല്ലിനും 49 ശതമാനം സംസ്ഥാന സർക്കാരിനുമാണ്. ഭെല്ലിന്റെയും സംസ്ഥാന സർക്കാരിന്റെയും സംയുക്ത സംരംഭമായ സ്ഥാപനം വൻ വളർച്ചയാണ് ലക്ഷ്യമിട്ടത്. പൊതുമേഖല സ്ഥാപനങ്ങളിൽ സി കാറ്റഗറിയിലുള്ള ഭെല്ലിന്റെ സഹായത്തിൽ ഇലക്ട്രിക്കൽ മെഷീൻസ് ലിമിറ്റഡ് കുതിക്കുമെന്നാണ് പ്രതീക്ഷിച്ചത്.  ഭെൽ ഏറ്റെടുത്തതോടെ ലാഭത്തിൽ പ്രവർത്തിച്ചിരുന്ന കെൽ തകരുകയായിരുന്നു. പിന്നീട് കൈയൊഴിയാനും തീരുമാനിച്ചു. ഈ സാഹചര്യത്തിലാണ് ഭെൽ‐ഇഎംഎൽ ഏറ്റെടുക്കാൻ സർക്കാർ തീരുമാനിച്ചത്്. പൊതുമേഖല സ്ഥാപനങ്ങളെ സംരക്ഷിക്കുകയെന്ന എൽഡിഎഫ് നയമാണ് ഇവിടെ വിജയം കാണുന്നത്. എൽഡിഎഫ് സർക്കാരിന്റെ രണ്ടാംവാർഷികത്തിലാണ് ഏറ്റെടുക്കൽ തീരുമാനമെന്ന സവിശേഷതയുമുണ്ട്. സ്ഥാപനത്തിലെ ഇരുന്നൂറോളം ജീവനക്കാർക്ക് ആശ്വാസമാവുകയാണ് സംസ്ഥാന സർക്കാർ തീരുമാനം. ചർച്ചയിൽ പി കരുണാകരൻ എംപി, എൻ എ നെല്ലിക്കുന്ന് എംഎൽഎ, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി ഇളങ്കോവൻ, സെക്രട്ടറി സഞ്ജയ് കൗൾ തുടങ്ങിയവർ  പങ്കെടുത്തു.
മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
Top