19 November Monday

നിഖിലിന്‌ തിരിച്ചുവരണം കളിക്കളത്തിലേക്ക്‌

സ്വന്തം ലേഖകൻUpdated: Wednesday Aug 15, 2018

നിഖില്‍

നീലേശ്വരം

നാട്ടിലെ മൈതാനങ്ങൾ നിഖിലിനെ തിരികെ വിളിക്കുന്നു; വോളിബോളിന്റെ സ്മാഷുകൾക്കായി. രോഗ ശയ്യയിൽ കിടക്കുമ്പോഴും അവന്റെ സ്വപ്നങ്ങൾ നാട്ടുകാർക്ക് മുന്നിൽ ഇനിയും കളിക്കണമെന്ന ചിന്തയാണ്. വോളിബോൾ കളിക്കണമെങ്കിൽ നിഖിലിനോട് ഉദാരമതികൾ കനിയണം. വോളിബോൾ കോർട്ടിലെ  മിന്നും താരമായ കാസർകോട് ജില്ലയിലെ കിനാനൂർ ‐കരിന്തളം പഞ്ചായത്തിലെ പെരിയങ്ങാനം പുല്ലുമല സ്വദേശി ടി വി നിഖിൽ എന്ന 19 കാരനാണ് അർബുദ രോഗത്തിനോട് ഇപ്പോൾ പൊരുതുന്നത്.  
നട്ടെല്ലിന് അർബുദം ബാധിച്ച് തിരുവനന്തപുരം ആർസിസിയിൽ ചികിത്സയിലാണിപ്പോൾ നിഖിൽ. കൂലിപ്പണിക്കാരനായ ബാലകൃഷ്ണന്റെയും ഉഷയുടെയും മകനാണ് നിഖിൽ. കുടുംബത്തിന്റെ വീടിന്റെ നിർമാണം പാതിവഴിയിലുമാണ്‌. 
വോളിബോളിനെ നെഞ്ചേറ്റിയ ഈ ചെറുപ്പക്കാരൻ കാസർകോട്ടെ വോളിബോൾ പ്രേമികൾക്ക് സുപരിചിതമായ മുഖമാണ്. കിണാവൂർ ചന്തു ഓഫീസർ അക്കാദമിയിൽ അംഗമായിരുന്നു നിഖിൽ. എതിരാളികളുടെ കളത്തിലേക്ക് കൊടുങ്കാറ്റായി പന്തടിച്ചും മതിൽക്കെട്ടുപോലെ ബ്ലോക്കുകൾ തീർത്തുമുള്ള മിന്നുംപ്രകടനത്തിലൂടെ കാസർകോട് ഹോസ്റ്റലിൽ സെലക്‌ഷൻ നേടി. ഇപ്പോൾ കാസർകോട് ഗവ. കോളേജിലെ രണ്ടാം വർഷ ബിഎ ഇംഗ്ലീഷ് വിദ്യാർഥിയാണ്. ഇതിനോടകം തന്നെ സ്‌കൂൾ ഗെയിംസിൽ ജില്ലാ ടീമിലും സംസ്ഥാന സ്‌കൂൾ ചാമ്പ്യൻഷിപ്പിലും  സംസ്ഥാന യൂത്ത് വോളിബോൾ ചാമ്പ്യൻഷിപ്പിലും കളിച്ചു.
ഒരു മാസം മുമ്പ് നടുവിന് അനുഭവപ്പെട്ട ചെറിയ വേദനയാണ് നിഖിലിനെ തളർത്തിയത്. വ്യായായമത്തിലൂടെ പരിഹരിക്കാൻ നോക്കിയെങ്കിലും നടന്നില്ല. നിർധന കുടുംബത്തിന്റെ പ്രതീക്ഷയായ ഈ യുവപ്രതിഭയെ കാഞ്ഞങ്ങാട്ടെ എല്ലുരോഗ വിദഗ്ദ്ധർ ചികിത്സിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് മംഗളൂരു ആശുപത്രിയിൽ  നടത്തിയ സ്‌കാനിങ്ങിലൂടെയാണ് നട്ടെല്ലിന് ബാധിച്ച രോഗം അർബുദമാണെന്ന് കണ്ടെത്തിയത്. ഒരുനാടിന്റെ മൊത്തം തേങ്ങലായി മാറിയ നിഖിലിന്റെ തുടർചികിത്സകൾക്കായി നല്ലൊരു തുകതന്നെ വേണ്ടിവരും. ഇത്രയും ഭാരിച്ച തുക ഉണ്ടാക്കാൻ ഈ കുടുംബത്തിന് കഴിയില്ല.  
നിഖിലിനെ സഹായിക്കാൻ ആഗ്രഹിക്കുന്നവർക്ക്‌  വിജയാ ബാങ്കിന്റെ കാലിച്ചാമരം ശാഖയിലെ ഈ വിലാസത്തിൽ പണമയക്കാം. നിഖിൽ ടി വി, അക്കൗണ്ട് നമ്പർ: 206401111000585.  ഐഎഫ്എസ്‌സി: ഢകഖആ 0002064. ഫോൺ: 9747808780.
പ്രധാന വാർത്തകൾ
Top