18 July Wednesday

കാഞ്ഞങ്ങാടിന് വിഷുക്കൈനീട്ടം കോട്ടച്ചേരി റെയിൽവേ മേൽപ്പാലം നിർമാണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Apr 15, 2018

കാഞ്ഞങ്ങാട് കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരൻ തറക്കല്ലിട്ടതിനുശേഷം സംസാരിക്കുന്നു

കാഞ്ഞങ്ങാട് > ഒന്നരപതിറ്റാണ്ടിന്റെ കാത്തിരിപ്പിനൊടുവിൽ കാഞ്ഞങ്ങാടിന് വിഷുക്കൈനീട്ടമായി കോട്ടച്ചേരി റെയിൽവേ മേൽപ്പാലത്തിന്റെ പ്രവൃത്തി ഉദ്ഘാടനം. കാഞ്ഞങ്ങാട് ടൗൺ ഹോസ്ദുർഗ് ബീച്ച് റോഡിൽ നിലവിലുള്ള ലെവൽക്രോസിനു പകരമായി നിർമിക്കുന്ന റെയിൽവേ മേൽപ്പാലത്തിന് ആയിരങ്ങളെ സാക്ഷിയാക്കി മന്ത്രി ഇ ചന്ദ്രശേഖരൻ തറക്കല്ലിട്ടു. പി കരുണാകരൻ എംപി അധ്യക്ഷനായി. 
പി ബി അബ്ദൾറസാഖ് എംഎൽഎ, നഗരസഭാ ചെയർമാൻ വി വി രമേശൻ, വൈസ് ചെയർമാൻ എൽ സുലൈഖ, ഗംഗാ രാധാകൃഷ്ണൻ, ഡിസിസി പ്രസിഡന്റ് ഹക്കിംകുന്നിൽ, സിപിഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പളിക്കാപ്പിൽ, മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് എം സി ഖമറുദീൻ, കുര്യാക്കോസ് പ്ലാപ്പറമ്പൻ, പി പി രാജു, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എ വേലായുധൻ, എ കുഞ്ഞിരാമൻനായർ, എ ഹമീദ്ഹാജി, അബ്രഹാം തോണക്കര, എന്നിവർ സംസാരിച്ചു. ആർബിഡിസികെക്കും കേരള റോഡ്‌സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്‌മെന്റ് കോർപ്പറേഷനുമാണ് മേൽപ്പാലം നിർമാണത്തിന്റെ ചുമതല. ആർബിഡിസികെ എംഡി ഡോ. ആഷാ തോമസ് സ്വാഗതവും  ജനറൽ മാനേജർ ജെ രവീന്ദ്രൻ നന്ദിയും പറഞ്ഞു. 
 മേൽപ്പാലത്തിൽ റെയിൽവേ ട്രാക്കിന് മേലുള്ള ഭാഗം റെയിൽവേയും റെയിൽവേ സ്പാനിന് ഇരുവശവുമുള്ള മേൽപ്പാലം അപ്രോച്ച് റോഡ്, സർവീസ് റോഡുകൾ എന്നിവയുടെ നിർമാണം ആർബിഡിസികെയുമാണ് നിർവഹിക്കുന്നത്. ഈ പാലത്തിന് റെയിൽവേ ഭാഗം ഉൾപ്പെടെ 730 മീറ്റർ നീളവും 10.15 മീറ്റർ വീതിയുമുണ്ടാകും. രണ്ടുവരി വാഹന ഗതാഗതത്തിനാവശ്യമായ ഏഴര മീറ്റർ വീതിയിൽ കാരേജ് വേയും മേൽപ്പാലത്തിൽ ഒരു വശത്ത് കാൽനടക്കാർക്ക് ഒന്നര മീറ്റർ ഫുട്പാത്തും റെയിൽവേ സ്പാനിന്റെ ഇരുവശത്തും സ്റ്റെയർകെയ്‌സും പണിയും.  
മൊത്തം 15.61 കോടി രൂപയാണ് നിർമാണചെലവ്. 18 മാസമാണ് നിർമാണ കാലാവധി. എറണാകുളം ആസ്ഥാനമായുള്ള ജിയോ ഫൗണ്ടേഷൻസ് ആൻഡ് സ്ട്രക്‌ചേർസ് പ്രൈവറ്റ് ലിമിറ്റിഡ് കമ്പനിക്കാണ് നിർമാണക്കരാർ. 11.99 കോടിയാണ് കരാർ തുക.
 
 

 

പ്രധാന വാർത്തകൾ
Top