18 August Saturday

6 മണിക്കൂറിൽ ബംഗളൂരുവിലെത്താം ചൂളംവിളിക്ക്‌ കാതോർത്ത്‌ മലയോര ജനത

സ്വന്തം ലേഖകൻUpdated: Thursday Jun 14, 2018
രാജപുരം
ആ ചൂളംവിളിക്ക്‌ കാതോർത്ത്‌  മലയോര ജനത.  ഏറെക്കാലത്തെ ആവശ്യങ്ങളും സ്വപ്‌നങ്ങളും പ്രതീക്ഷകളും സഫലമാക്കാനുള്ള സ്വപ്‌ന പദ്ധതിക്കായി സംസ്ഥാന സര്‍ക്കാര്‍ സമ്മതപത്രം നല്‍കിയതോടെ കാഞ്ഞങ്ങാട് ‐ പാണത്തൂര്‍‐ കാണിയൂര്‍ റെയില്‍പാതയുടെ സ്ഥലം ഏറ്റെടുക്കുന്നതിന് വേഗതയേറും. കർണാടകംകൂടി സമ്മതപത്രം നൽകുന്നതോടെ പാതയുടെ തടസങ്ങൾ പൂർണമായി നീങ്ങും. 14 വര്‍ഷം മുമ്പ് പി കരുണാകരന്‍ എംപിയാണ്‌ പദ്ധതി മുന്നോട്ടുവച്ചത്‌.  യുപിഎ സര്‍ക്കാരിന്റെ റെയിൽവേ  ബജറ്റിൽ പദ്ധതി ഇടംനേടിയതും പി കരുണാകരന്റെ നിരന്തര ഇടപെടലിന്റെ ഫലമാണ്‌. സർവേ  നടപടികള്‍ വേഗത്തിലാക്കാനും  എംപി  കേന്ദ്രസര്‍ക്കാരിൽ  സമ്മർദം ചെലുത്തി.  ഇതിനെ തുടർന്ന്‌  ട്രാഫിക്‌ സർവേ ഉള്‍പ്പെടെ പൂര്‍ത്തിയാക്കി.
സർവേ  റെയിൽവേ  മന്ത്രാലയത്തിന് സമര്‍പ്പിച്ചു.  തുടര്‍ന്ന് അന്നത്തെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനില്‍നിന്ന്‌ സ്ഥലം ഏറ്റെടുക്കുന്നതിനായി അനുമതി പത്രവും വാങ്ങി നല്‍കി. തുടര്‍ന്ന് വന്ന യുഡിഎഫ് സര്‍ക്കാര്‍ പാതയ്‌ക്കുള്ള സ്ഥലം ഏറ്റെടുക്കുന്നതിന്‌   നടപടി  പൂർത്തിയാക്കിയില്ല. പദ്ധതി കടലാസിലൊതുങ്ങി. എൽഡിഎഫ്‌ സർക്കാർ അധികാരത്തിലെത്തിയതോടെ പാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ വീണ്ടും തുടങ്ങി. പാതക്ക് സ്ഥലം ഏറ്റെടുക്കുന്നതിനുള്ള കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ട പകുതി തുക നല്‍കാനുള്ള സര്‍ക്കാരിന്റെ ഉറപ്പ് റെയിൽവേ മന്ത്രാലയത്തിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഒപ്പിട്ടുനൽകി. 
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയോര മേഖലയിലുടെ ട്രെയിൻ യാത്ര ആരും സ്വപ്‌നം കണ്ടിരുന്നില്ല.  ഇന്നത്‌  യാഥാര്‍ഥ്യത്തിന്റെ വക്കിലെത്തിരിക്കുകയാണ്. ജില്ലയിലെ കിഴക്കന്‍ മലയോര മേഖലയിലൂടെ കടന്നുപോകുന്ന പാത കേരള അതിര്‍ത്തിയായ പാണത്തൂരിലേക്ക് കാഞ്ഞങ്ങാട് നിന്നും 40 കിലോമീറ്ററും  അവിടെ നിന്നും കാണിയൂരിലേക്ക് 41 കിലോമീറ്ററുമാണുള്ളത്‌. നിലവില്‍ കാഞ്ഞങ്ങാട് നിന്നും ബംഗളൂരുവിലെത്താൻ  12 മണിക്കൂര്‍ യാത്ര ചെയ്യണം. എന്നാല്‍ റെയില്‍പാത യാഥാർഥ്യമായാൽ  ആറുമണിക്കൂറിനകം  ബംഗളൂരുവിലെത്താം. വ്യാപാര,  ടൂറിസം മേഖലയിലെ വളര്‍ച്ചയ്‌ക്ക്‌ പാത ഉപകരിക്കും.  കര്‍ണാടകയിലെ വിവിധ കേന്ദ്രങ്ങളിലേക്ക് ഉപരിപഠനത്തിനു പോകുന്ന ആയിരക്കണക്കിന് വിദ്യാര്‍ഥികള്‍ക്കും പാതയുടെ ഗുണം ലഭിക്കും. സുള്ള്യ,  ബാഗമണ്ഡലം  തുടങ്ങി സ്ഥലങ്ങളില്‍ കൃഷി സാധ്യതകള്‍ തേടിപ്പോയ കേരളത്തിലെ കര്‍ഷകര്‍ക്കും  കുടിയേറ്റ കര്‍ഷകര്‍ക്കും ഏറെ ഉപകാരപ്പെടും.
 
പ്രധാന വാർത്തകൾ
Top